
കോഴിക്കോട്: ക്ഷേത്രത്തിൽ നിന്ന് മടങ്ങുന്നതിനിടെ മോഷണം പോയ പേഴ്സ് ഉടമയ്ക്ക് തിരികെ ലഭിച്ചു. മാവൂർ സ്വദേശിയായ അതുൽ ദേവിനാണ് തന്റെ പേഴ്സ് തിരിച്ചുകിട്ടിയത്. രണ്ടായിരം രൂപയും എടിഎം അടക്കമുള്ളവയും പേഴ്സിൽ ഉണ്ടായിരുന്നു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് പേഴ്സ് നഷ്ടപ്പെട്ടത്. ഒരുപാട് നോക്കിയെങ്കിലും കിട്ടിയില്ല. തുടർന്ന് അതുൽ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇടുകയും പൊലീസിൽ വിവരം അറിയിക്കുകയും ചെയ്തു. നാട്ടുകാരിലാർക്കോ ആണ് പേഴ്സ് ലഭിച്ചത്. എന്നാൽ രണ്ടായിരം രൂപ നഷ്ടമായിരുന്നു. കൂടാതെ പേഴ്സിൽ മോഷ്ടാവിന്റെ ഒരു കുറിപ്പും ഉണ്ടായിരുന്നു.
'ഇന്നത്തെ നഷ്ടം നാളത്തെ ലാഭം. ഇതു ഞാൻ എടുക്കുന്നു. നിങ്ങളെ ദൈവം തുണക്കട്ടെ. ദൈവം ഉണ്ട്. എനിക്ക് മനസിലായി. എന്നോട് ക്ഷമിക്കണം. ഈ കടം ഞാൻ എന്നെങ്കിലും തീർക്കും. നിങ്ങളെ ഈശ്വരൻ രക്ഷിക്കും. ഇതെന്റെ വാക്ക്. ചതിക്കില്ല. ഉറപ്പുണ്ട്.' - എന്നാണ് കുറിപ്പിലുള്ളത്. എടിഎം കാർഡ് അടക്കം തിരിച്ചുകിട്ടിയ സ്ഥിതിക്ക് ആരാണ് പണമെടുത്തതെന്ന് അതുൽ അന്വേഷിച്ചില്ല.