
അബുദാബി: എമിറേറ്റ്സിലെ ആദ്യ ഹിന്ദുക്ഷേത്രമായ ബോഷസൻവാസി അക്ഷർ പുരുഷോത്തം സ്വാമിനാരായൺ സൻസ്ത ഹിന്ദു മന്ദിറിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കും. 2024 ഫെബ്രുവരി 14നാണ് ഉദ്ഘാടനം. അബുദാബിയിലെ അൽ റഹ്ബയിലാണ് പുതിയ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
സ്വാമി ഈശ്വരചരൺന്ദാസും സ്വാമി ബ്രഹ്മവിഹാരിദാസും പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തിയാണ് ഉദ്ഘാടനത്തിനായി ക്ഷണിച്ചത്. ക്ഷേത്രത്തിനായി എല്ലാതരത്തിലുമുളള പിന്തുണയും ഉണ്ടാകുമെന്ന് നരേന്ദ്രമോദി അറിയിച്ചതായി സ്വാമി ഈശ്വരചരൺന്ദാസ് അറിയിച്ചു. ഇതോടെ എമിറേറ്റ്സിലെ ആദ്യ ഹിന്ദു ക്ഷേത്രമായി ഹിന്ദു മന്ദിർ മാറും.
ക്ഷേത്രത്തെക്കുറിച്ചുളള ആദ്യ പ്രഖ്യാപനം നടത്തിയതും പ്രധാനമന്ത്രി തന്നെയായിരുന്നു. 2015ൽ അബുദാബിയിൽ വച്ചായിരുന്നു പ്രഖ്യാപനം. 2019ൽ രാജസ്ഥാനിൽ നിന്നെത്തിച്ച പിങ്ക് നിറത്തിലുളള കല്ലുകൾ ഉപയോഗിച്ചാണ് തറക്കല്ലിട്ടത്. 55,000 ചതുരശ്രമീറ്റർ വിസ്തൃതിയിലാണ് ക്ഷേത്രം സ്ഥിതിച്ചെയ്യുന്നത്. ക്ഷേത്രത്തെ കൂടാതെ ഭക്തജനങ്ങൾക്കായിട്ടുളള പ്രാർത്ഥനാ സ്ഥലങ്ങൾ, വിശ്രമ കേന്ദ്രങ്ങൾ, എക്സിബിഷൻ ഹാളുകൾ,പഠനമുറികൾ, കുട്ടികൾക്കായുളള പ്രത്യേക പാർക്കുകൾ, ഭക്ഷണ കേന്ദ്രങ്ങൾ, പുസ്തക വിൽപ്പന കേന്ദ്രങ്ങൾ, ഗിഫ്റ്റ് സെന്ററുകൾ തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്.