samastha

കോഴിക്കോട്: അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാച്ചടങ്ങിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുക്കുന്നതിനെക്കുറിച്ച് അഭിപ്രായം പറയുന്നില്ലെന്ന് സമസ്‌ത. രാഷ്ട്രീയക്കാർ തീരുമാനിക്കേണ്ട വിഷയമാണതെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ വ്യക്തമാക്കി.

സുപ്രഭാതം പത്രത്തിൽ വന്നത് സമസ്‌തയുടെ അഭിപ്രായമല്ല. ആര് എവിടെപ്പോയാലും സമുദായത്തിന്റെ വികാരം വ്രണപ്പെടില്ല. സിപിഎമ്മിന്റെ നയത്തെപ്പറ്റിയും അഭിപ്രായം പറയാനില്ലെന്ന് മുത്തുക്കോയ തങ്ങൾ പറഞ്ഞു.

ചടങ്ങിൽ കോൺ​ഗ്രസ് പങ്കെടുക്കുന്നതിനെതിരെ വ്യാപകമായി വിമർശനം ഉയർന്നിരുന്നു. ബിജെപിയുടെ ഒരു കെണിയിലും വീഴില്ലെന്ന് കോൺ​ഗ്രസ് നേതാവ് കെ സി വേണുഗോപാൽ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. അയോദ്ധ്യയിലേത് മതപരമായ ചടങ്ങാണെന്നും അതിനെ രാഷ്ട്രീയവത്കരിക്കുന്നുവെന്നും കെ സി വേണുഗോപാൽ പറഞ്ഞു. പങ്കെടുക്കണോ വേണ്ടയോ എന്നതിൽ കോൺഗ്രസിന് അഭിപ്രായമുണ്ട്. ഓരോ പാർട്ടികൾക്കും അവരുടേതായ അഭിപ്രായമുണ്ട്. കോൺഗ്രസിന് മേൽ ഒരു സമ്മർദ്ദവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ചടങ്ങിൽ പങ്കെടുക്കുന്നത് സംബന്ധിച്ച് ദേശീയ നേതൃത്വമാണ് തീരുമാനമെടുക്കുക എന്നും മറിച്ച് കെ പി സി സി അല്ലെന്നുമാണ് കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ പറഞ്ഞത്. പാർട്ടി ചോദിച്ചാൽ അഭിപ്രായം പറയുമെന്നും കെ സുധാകരൻ വ്യക്തമാക്കിയിരുന്നു.

ചടങ്ങിൽ പങ്കെടുക്കരുതെന്നാണ് കേരളത്തിലെ പാർട്ടിയുടെ നിലപാടെന്നും അത് ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നുമാണ് കെ മുരളീധരൻ െഎം പി വ്യക്തമാക്കിയത്. പാർട്ടിയിലും ഇന്ത്യ മുന്നണിയിലെ കക്ഷികൾക്കിടയിലും ആലോചിച്ച് ഉചിതമായ തീരുമാനം ദേശീയ നേതൃത്വം സ്വീകരിക്കും. കേരളത്തിലെ പാർട്ടിയുടെ വികാരം കെ സി വേണുഗോപാലിനെ അറിയിച്ചിട്ടുണ്ട്. ഒരു കാരണവശാലും പ്രതിഷ്ഠാച്ചടങ്ങിൽ പങ്കെടുക്കരുതെന്നാണ് കേരളത്തിലെ പാർട്ടി നേതൃത്വത്തിന്റെ തീരുമാനമെന്നും കെ മുരളീധരൻ പറഞ്ഞിരുന്നു.

മതവിശ്വാസമില്ലാത്ത സിപിഎമ്മിന് എളുപ്പത്തിൽ തീരുമാനമെടുക്കാമെന്നും എന്നാൽ കോൺഗ്രസിന് അങ്ങനെ സാധിക്കില്ലെന്നുമാണ് ശശി തരൂർ പറഞ്ഞത്. കോൺഗ്രസിന്റേത് ബിജെപിയുടെയോ സിപിഎമ്മിന്റെയോ പ്രത്യയശാസ്‌ത്രമല്ല. കോൺഗ്രസ് ഹിന്ദുത്വ രാഷ്‌ട്രീയത്തെ പ്രത്യയശാസ്‌ത്രമായി കാണുന്നു. ഹിന്ദു മതവുമായി അതിന് യാതൊരു ബന്ധവുമില്ല. ഞങ്ങൾക്ക് സ്വയം തീരുമാനമെടുക്കാൻ അൽപ്പം സമയം തരൂവെന്നും തരൂർ അഭ്യർത്ഥിച്ചിരുന്നു.