
''വേദനയോടെ എത്തുന്നവരിലേക്ക് ബൈബിളിലെ സമാശ്വാസ വാക്കുകൾ പകരുന്നു. അനവധിപ്പേരുടെ അനുഭവ പശ്ചാത്തലം ഒട്ടേറെപ്പേർക്ക് വഴിവിളക്കും പ്രചോദനവുമാകുന്നു. അങ്ങനെ ദുശ്ശീലങ്ങൾ ഉപേക്ഷിച്ചവരുണ്ട്. ദൈവാനുഗ്രഹത്തിനൊപ്പം മനക്കരുത്തും ശക്തി പകർന്നതോടെ രോഗങ്ങളിൽ നിന്ന് മോചനം നേടിയവരുണ്ട്. ഇത് മാജിക്കല്ല. സുതാര്യമായി ദൈവത്തെ അനുഭവിക്കാൻ കഴിയുന്ന സമാശ്വാസ കേന്ദ്രമാണ്...
'' ഒരേ സമയം അദ്ധ്യാത്മിക, സാംസ്ക്കാരിക, സാഹിത്യ, സാമൂഹിക മേഖലകളിൽ സജീവ സാന്നിദ്ധ്യമായ കൃപാസനം ഡയറക്ടറും ആലപ്പുഴ രൂപതാംഗവുമായ ഫാ.ഡോ.വി.പി.ജോസഫ് വലിയവീട്ടിൽ പറയുന്നു. ഇരുപത്തിനാല് മണിക്കൂറും സാക്ഷ്യം പറയുന്ന ആലപ്പുഴ കലവൂരിലെ കൃപാസനം ധ്യാനകേന്ദ്രത്തിന്റെ മേൽനോട്ടത്തിനൊപ്പമാണ് സാധാരണക്കാരുടെ ഉന്നമനത്തിനായുള്ള ഫാ.വി.പി.ജോസഫിന്റെ പ്രവർത്തനങ്ങളും പുരോഗമിക്കുന്നത്. പ്രതിദിനം ആയിരക്കണക്കിന് പേരാണ് കൃപാസനത്തിലെ ഉടമ്പടി പ്രാർത്ഥന എന്ന അത്ഭുതപ്രാർത്ഥനയിൽ പങ്കെടുത്തുപോരുന്നത്.
ദൈവവുമായുള്ള ഉടമ്പടിയാണ് വിശ്വാസികൾ എടുത്തുപോരുന്നതെന്ന് ഫാ.വി.പി.ജോസഫ് പറയുന്നു. ഭക്ഷണമായും, വസ്ത്രമായുമെല്ലാം തങ്ങളാൽ കഴിയുന്ന സഹായം അർഹരിലെത്തിക്കുമെന്ന് ഉടമ്പടിയെടുത്ത് ഓരോരുത്തരും മടങ്ങുമ്പോൾ, കൃപാസനത്തിന്റെ പ്രവർത്തനങ്ങൾ ലോകം മുഴുവനായി വ്യാപിക്കപ്പെടുന്നു. അങ്ങനെ ഓരോ വിശ്വാസികൾക്കും ജീവിത വിശുദ്ധിയും ജീവിത ശാക്തീകരണവും സാധ്യമാകുന്നതായി വിശ്വസിക്കുന്നു. ഇവിടെ എത്തുന്നവരോട് പേരോ, മതമോ, ജാതിയോ അന്വേഷിക്കാറില്ല. മാതാവ് പ്രത്യക്ഷപ്പെട്ട സ്ഥലമെന്ന് കരുതപ്പെടുന്ന കൃപാസനത്തിൽ എത്തുന്ന ഓരോ ആളിനും സമാശ്വാസം ലഭിക്കണമെന്നതാണ് ഫാ.വി.പി.ജോസഫിന്റെ പ്രാർത്ഥന.
ജനങ്ങൾ വിശുദ്ധിയോടെ ജീവിച്ചാൽ ദൈവം അവരെ ശാക്തീകരിക്കുമെന്ന് വി.പി.ജോസഫ് അച്ചൻ പറയുന്നു. വ്യക്തികളുടെ ജീവിത നവീകരണം എന്ന വലിയ നേട്ടമാണ് കൃപാസനത്തിന്റെ വിജയം. ധ്യാനകേന്ദ്രം എന്ന കാഴ്ച്ചപ്പാടിനപ്പുറം സാംസ്ക്കാരിക രംഗത്ത് കൃപാസനവും വി.പി.ജോസഫ് അച്ചനും ചാർത്തുന്ന കൈയ്യൊപ്പിന്റെ പ്രതീകം കൂടിയാണ് കൃപാസനത്തിലെ പൗരാണിക രംഗകലാപീഠം.
കൃപാസനം പൗരാണിക
രംഗ കലാപീഠം
1989ലാണ് കൃപാസനം പൗരാണിക രംഗ കലാപീഠം എന്ന പേരിൽ തീരദേശ പാരമ്പര്യ പൈതൃക കലകൾ പ്രോത്സാഹിപ്പിക്കാനും പരിശീലിപ്പിക്കാനുമായി ഫാ.ഡോ.വി.പി.ജോസഫ് വലിയവീട്ടിൽ സ്ഥാപനം തുടങ്ങിയത്. സമൂഹത്തിൽ നിന്ന് അപ്രത്യക്ഷമായി തുടങ്ങിയ കലാരൂപങ്ങളെ ശിൽപ്പശാലകളും, പരിശീലനങ്ങളും വഴി തിരിച്ചുപിടിക്കുകയായിരുന്നു ലക്ഷ്യം. ചവിട്ടുനാടകത്തെ യുവജനോത്സവ ഇനമാക്കുവാനുള്ള വി.പി.ജോസഫിന്റെ നീണ്ട പതിനേഴ് വർഷത്തെ പോരാട്ടത്തിന്റെ ഫലമാണ് ഇന്ന് വേദികളിൽ നിറഞ്ഞാടുന്നത്. തൂത്തൂര് മുതൽ ഗോതുരുത്ത് വരെ സഞ്ചരിച്ച് കലയെ മനസിലാക്കി. തീരദേശ പാരമ്പര്യകലകളെക്കുറിച്ച് അഗാധമായ ജ്ഞാനമുള്ള ഫാ.വി.പി.ജോസഫ് രചിച്ച ചവിട്ടുനാടക വിജ്ഞാനകോശം എന്ന പുസ്തകത്തിന് നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. ചവിട്ടുനാടകങ്ങൾക്കുള്ള പാട്ടുകളും ഇദ്ദേഹം രചിച്ചിട്ടുണ്ട്. 2007ൽ കൃപാസനം നാഷണൽ ഹെറിറ്റേജ് സ്റ്റഡി സെന്ററായി മാറി. ചവിട്ടു നാടകത്തിന് പുറമേ പരിചകളി, ദേവാസ്തവിളി, മാർഗംകളി, അണ്ണാവിപ്പാട്ട്, അമ്മാനപ്പാട്ട്, പുത്തൻപാന തുടങ്ങി മറ്റു പാരമ്പര്യ കലാരൂപങ്ങൾ കൂടി സംരക്ഷിക്കുന്നു.
ഫാ.വി.പി.ജോസഫ് വിട്ടുനൽകിയ ചേർത്തല പള്ളിത്തോട്ടത്തെ കുടുംബസ്വത്തിൽ സർക്കാരിന്റെ കൂടി സഹായത്തോടെ സ്കൂൾ ഒഫ് കോസ്റ്റൽ ഫോക്ക് ആർട്സ് എന്ന സാംസ്ക്കാരിക കേന്ദ്രത്തിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്. കലയെ സംരക്ഷിക്കാനുള്ള അഹോരാത്ര പോരാട്ടം വഴി നാനൂറോളം ചവിട്ടുനാടക ആശാൻമാർക്ക് പെൻഷൻ ഉറപ്പാക്കാനായതും, പന്ത്രണ്ട് കളരികൾ പലയിടങ്ങളിൽ ആരംഭിക്കാൻ കാരണമായതും മറ്റൊരു നിയോഗമെന്ന് ഫാ.വി.പി.ജോസഫ് കരുതുന്നു.
എഴുത്തിൽ സജീവം
ആദ്ധ്യാത്മിക അതിപ്രസരം കാരണം സാഹിത്യത്തിൽ സജീവമാകാൻ വൈകിയെങ്കിലും, സമൂഹത്തെ സ്നേഹത്തോടെ കൂട്ടിയോജിപ്പിക്കുക എന്ന എഴുത്തുകാരന്റെ കർത്തവ്യം കൂടി നിർവഹിച്ചുപോരുകയാണ് ഫാ.വി.പി.ജോസഫ് വലിയവീട്ടിൽ. സാഹിത്യത്തിന്റെ പൊതുജീവിതത്തിൽ നിന്ന് പിന്തള്ളപ്പെട്ടുപോയ മത്സ്യത്തൊഴിലാളികളെയും ആദിവാസി സമൂഹത്തെയും പ്രമേയമാക്കിയ 'അവസാനത്തെ അതിഥി" എന്ന നോവലും, 'തൈ ക്കൽ കപ്പലും, കേരള തീരചരിത്രത്തിന്റെ വിസ്മരിക്കപ്പെട്ട അദ്ധ്യായങ്ങളും" എന്ന പുസ്തകവുമാണ് ഏറ്റവും പുതിയ രചനകൾ. 2020ൽ തെദേവു എന്ന പേരിൽ ആത്മകഥ പ്രസിദ്ധീകരിച്ചിരുന്നു. ചവിട്ടുനാടക വിജ്ഞാനകോശത്തിന് പുറമേ, നെയ്തൽ തീരത്തെ സാംസ്കാരിക പഴമകൾ, പശ്ചിമ പാട്ടു പ്രസ്ഥാനം (ഗവേഷണ പ്രബന്ധം), മഴക്കോട്ട് (ചെറുകഥ) എന്നിവയും വി.പി.ജോസഫിന്റെ പ്രധാന രചനകളാണ്.
കേരള സാഹിത്യ അക്കാഡമി പുരസ്കാരം, കേരള സംഗീത നാടക അക്കാഡമി ഗുരു പൂജ പുരസ്കാരം, കേരള സംഗീത നാടക അക്കാഡമി കേളി പുരസ്കാരം, ഫോക് ലോർ അക്കാഡമി പുരസ്കാരം, തിക്കുറിശി ഫൗണ്ടേഷൻ അവാർഡ്, കേന്ദ്ര സർക്കാർ സീനിയർ ഫെല്ലോഷിപ്പ്... എന്നിങ്ങനെ നീളുന്നു പുരസ്ക്കാരങ്ങളുടെ പട്ടിക. 2009ലും 2010ലും സംസ്ഥാനത്ത് നിന്ന് പത്മശ്രീ പുരസ്ക്കാരത്തിന് ഫാ.വി.പി.ജോസഫ് വലിയവീട്ടിലിനെ നിർദ്ദേശിച്ചിരുന്നു.
തളരാത്ത പോരാളി
തീരദേശ സമൂഹത്തിന് വേണ്ടി ഏതറ്റവും വരെ സഞ്ചരിക്കാനും പോരാടാനും ഫാ.വി.പി.ജോസഫ് എന്നും മുൻപന്തിയിലാണ്. വികസനം വന്നതോടെ ഇരയാക്കപ്പെട്ട കൊച്ചി മുതൽ പുറക്കാട് വരെയുള്ള തീരദേശത്തെ ജനങ്ങൾക്ക് വേണ്ടി ഇന്നും കോടതി കയറിയിറങ്ങുകയാണ് ഈ വൈദികൻ. കരയെ കടൽ കവർന്നു. ചാകര എന്ന പ്രതിഭാസം വല്ലപ്പോഴുമായി. കടലേറ്റം സ്ഥിരമായി. ലക്ഷക്കണക്കിന് തെങ്ങുകളും , വീടുകളും കടലെടുത്തു. ഇതോടെയാണ് ഇവിടുത്തെ ജനവിഭാഗത്തിന് നൂറ് വർഷത്തെ നഷ്ടപരിഹാരം വേണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചത്.
സമ്പദ് വ്യവസ്ഥ തകർന്ന തീരദേശം ഹാർബർ ഉടമ്പടി പ്രകാരം അർഹതപ്പെട്ട നഷ്ടപരിഹാരമാണ് ആവശ്യപ്പെടുന്നത്. വിദ്യാഭ്യാസ പാക്കേജ്, വീടുകൾ, ആശുപത്രികൾ എന്നിങ്ങനെയുള്ള അടിസ്ഥാന ആവശ്യങ്ങളാണ് മുന്നോട്ടുവച്ചത്. കോടതിയിൽ നിന്ന് അനുകൂല വിധി ലഭിച്ചിട്ടും സർക്കാരിൽ നിന്ന് സഹായം ലഭിച്ചില്ല. ഇതോടെ കോടതി അലക്ഷ്യത്തിന് വീണ്ടും കേസ് ഫയൽ ചെയ്ത് സാമൂഹിക മേഖലയിലും കരുത്തുറ്റ പോരാളിയാവുകയാണ് ഫാ.വി.പി.ജോസഫ് വലിയവീട്ടിൽ.
അവസാനത്തെ അതിഥി
എഴുത്തുകാരനായ വൈദികൻ ദശാബ്ദങ്ങളോളം നേടിയ കാട്ടറിവിന്റെയും, കടലറിവിന്റെയും നിഘണ്ടുവാണ് ഫാ.ഡോ.വി.പി.ജോസഫ് വലിയവീട്ടിൽ ഏറ്റവുമൊടുവിലായി പ്രസിദ്ധീകരിച്ച 'അവസാനത്തെ അതിഥി" എന്ന നോവൽ. മനുഷ്യന് ആയുസ്സിന്റെ മരുന്നായി മാറുന്ന അപൂർവ്വ സസ്യജാലങ്ങളെയും, അത്യപൂർവ്വ കടൽ ജീവികളെയും കുറിച്ചുള്ള അറിവുകൾ വസ്തുതാപരമെന്നു ബോദ്ധ്യപ്പെടാൻ എഴുത്തുകാരൻ തന്നെ നായകനെ അദ്ധ്യായങ്ങളിൽ ഉടനീളം അനുഗമിക്കുന്നതായി കാണാം. സമാന്തര ഗവേഷണങ്ങൾക്ക് വഴി കാണിക്കുന്ന ചൂണ്ടാണി വിരലെന്ന വിശേഷണം ഇതിനകം 'അവസാനത്തെ അതിഥി" സ്വന്തമാക്കി കഴിഞ്ഞു.