kerala-state-institute-of

തിരുവനന്തപുരം: സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ 2023ലെ ബാലസാഹിത്യ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. സി.ജി. ശാന്തകുമാർ സമഗ്ര സംഭാവന പുരസ്‌കാരം ഉല്ലല ബാബു അർഹനായി. 60,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

കഥ നോവൽ വിഭാഗത്തിൽ കെ.വി. മോഹൻകുമാറിന്റെ ഉണ്ടക്കണ്ണന്റെ കാഴ്ചകൾ, കവിതാ വിഭാഗത്തിൽ ദിവാകരൻ വിഷ്ണുമംഗലത്തിന്റെ വെള്ള ബലൂൺ, ശാസ്ത്ര വിഭാഗത്തിൽ സാഗാ ജെയിംസിന്റെ ശാസ്ത്രമധുരം, ജീവചരിത്രംആത്മകഥാ വിഭാഗത്തിൽ സെബാസ്റ്റ്യൻ പള്ളിത്തോടിന്റെ വൈക്കം മുഹമ്മദ് ബഷീർ ഉമ്മിണി വല്യ ഒരാൾ എന്നിവയ്‌ക്കാണ് പുരസ്‌കാരം.

വിവർത്തനത്തിന് ശ്രീകൃഷ്ണപുരം കൃഷ്ണൻകുട്ടിയുടെ രാവണൻ, ചിത്രീകരണ വിഭാഗത്തിൽ ബോബി എം. പ്രഭയുടെ ആദം ബർസ, നാടക വിഭാഗത്തിൽ സാബു കോട്ടുക്കലിന്റെ പക്ഷിപാഠം എന്നിവയ്ക്കാണ് പുരസ്‌കാരം ലഭിച്ചത്. പ്രസാധകർക്കുള്ള പുരസ്‌കാരം പൂർണ പബ്ലിക്കേഷസിന്റെ ബുദ്ധവെളിച്ചത്തിനാണ്.

വൈജ്ഞാനിക വിഭാഗത്തിൽ ഡോ. ടി. ഗീനാകുമാരിയുടെ മാർക്സിയൻ അർഥശാസ്ത്രം കുട്ടികൾക്ക്, എം.ജെ. ശ്രീചിത്രന്റെ ഇതിഹാസങ്ങളെത്തേടി എന്നിവയും പുരസ്‌കാരത്തിന് അർഹമായി. 20,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. കവി പ്രഭാവർമ്മ, മുൻ ചീഫ് സെക്രട്ടറിമാരായ കെ. ജയകുമാർ, വി.പി. ജോയി എന്നിവരടങ്ങിയ ജൂറിയാണ് സമഗ്രസംഭാവനാപുരസ്‌കാരം നിർണയിച്ചതെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പള്ളിയറ ശ്രീധരൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.