
പത്തനംതിട്ട: കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് എംബിബിഎസ് വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം. പത്തനംതിട്ട തിരുവല്ല ബിലീവേഴ്‌സ് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് എംബിബിഎസ് വിദ്യാർത്ഥി കെട്ടിടത്തിന് മുകളിൽ നിന്ന് വീണുമരിച്ചത്. കൊല്ലം ആശ്രാമം സ്വദേശി ജോൺ തോമസ് (26) ആണ് മരിച്ചത്.
ഇന്നലെ രാത്രി പത്തരയോടെയായിരുന്നു സംഭവം. വിദ്യാർത്ഥി കെട്ടിടത്തിൽ നിന്ന് കാൽ വഴുതി വീണതാണെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ ദുരൂഹതയില്ലെന്നും പൊലീസ് വ്യക്തമാക്കി.
ആഴ്‌ചകൾക്ക് മുൻപ് തിരുവനന്തപുരം ശ്രീ ഗോകുലം മെഡിക്കൽ കോളേജിലെ ഹോസ്റ്റലിന് മുകളിൽ നിന്ന് വീണ് എംബിബിഎസ് വിദ്യാർത്ഥിനി മരണപ്പെട്ടിരുന്നു. ഇരവിമംഗലം ഉദയംപേരൂർ മണിയറ ഗാർഡൻ കരുവേലി ഹൗസിൽ ബെന്നിയുടെ മകൾ അതിഥി ബെന്നി (22) ആണ് മരിച്ചത്. മൂന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥിനിയാണ്.
കോളേജ് ഹോസ്റ്റലിൽ താമസിച്ചിരുന്ന അതിഥി പിന്നീട് വീട് വാടകയ്ക്ക് എടുത്ത് അമ്മയ്‌ക്കൊപ്പം താമസിച്ചുവരികയായിരുന്നു. റിക്കാഡ് ബുക്ക് എടുക്കാനായി അമ്മയ്ക്കൊപ്പം ഹോസ്റ്റലിൽ എത്തിയ യുവതിയെ പിന്നീട് കെട്ടിടത്തിന് നിലത്ത് വീണ് കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. സഹപാഠികൾ ചേർന്ന് ആശുപത്രിയിലെത്തിച്ച യുവതി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിഞ്ഞതിനുപിന്നാലെ മരണപ്പെടുകയായിരുന്നു.