share

കൊച്ചി: സാമ്പത്തിക മേഖലയ്ക്കും നിക്ഷേപകർക്കും അത്യാഹ്ളാദം പകർന്ന ഒരു വർഷമാണ് കടന്ന് പോകുന്നത്. കൊവിഡ് രോഗ വ്യാപാനത്തിന് ശേഷം സാമ്പത്തിക മേഖല ശക്തമായ വളർച്ചയിലേക്ക് മടങ്ങിയെത്തിയതാണ് ഇന്ത്യയ്ക്ക് ഗുണമായത്. ലോകമെമ്പാടുമുള്ള വിപണികൾ കടുത്ത അനിശ്ചിതത്വങ്ങളിലൂടെ കടന്ന് പോയപ്പോഴും ശക്തമായ മുന്നേറ്റം കാഴ്ചവെക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞു.

ഓഹരികൾ റെക്കാഡ് നേട്ടത്തിൽ

രാജ്യത്തെ സാമ്പത്തിക മേഖല ചരിത്ര മുന്നേറ്റമാണ് കഴിഞ്ഞ വർഷം നടത്തിയത്. ബോംബെ ഓഹരി സൂചിക സെൻസെക്സ് 2023 ൽ 18.7 ശതമാനം ഉയർന്ന് 72,484.34 ൽ അവസാനിച്ചു. ഇക്കാലയളവിൽ സെൻസെക്സിൽ 11,569.64 പോയിന്റ് വർദ്ധനയുണ്ടായി. ദേശീയ സൂചിക നിഫ്റ്റി 20 ശതമാനം ഉയർന്ന് 21,801.45 ൽ അവസാനിച്ചു. ഇക്കാലയളവിൽ നിക്ഷേപകരുടെ ആസ്തിയിൽ 80.62 ലക്ഷം കോടി രൂപയുടെ വർദ്ധനയുണ്ട്. ഓഹരി എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂല്യം കഴിഞ്ഞ വർഷം നാല് ലക്ഷം കോടി ഡോളറിന് മുകളിലെത്തിയതും ഈ വർഷമാണ്.

വിദേശ പണമൊഴുക്കിലും ചരിത്ര മുന്നേറ്റം

ലോകം കടുത്ത ധന പ്രതിസന്ധി നേരിടുമ്പോഴും ഇന്ത്യ ശക്തമായ വളർച്ച നേടിയതോടെ വിദേശ ഫണ്ടുകൾ ഇങ്ങോട്ടേക്ക് വലിയ തോതിൽ പണമൊഴുക്കി. കഴിഞ്ഞവർഷം വിദേശ ധന സ്ഥാപനങ്ങൾ 1.65 ലക്ഷം കോടി രൂപയുടെ ഓഹരികളാണ് ഇന്ത്യൻ വിപണിയിൽ നിന്ന് വാങ്ങിയത്. 2020 ന് ശേഷം വിദേശ ഫണ്ടുകൾ നടത്തുന്ന ഏറ്റവും വലിയ നിക്ഷേപമാണിത്.

പ്രാരംഭ ഓഹരി വില്പനയിലും ബൂം

ബിസിനസ് വളർച്ചയ്ക്കായി വിവിധ കമ്പനികൾ പ്രാരംഭ ഓഹരി വില്പന (ഐ.പി.ഒ) നടത്തുന്നതിലും 2023 ൽ വൻ വർദ്ധനയുണ്ടായി. ഈ വർഷം 59 കമ്പനികളാണ് ഐ.പി.ഒയുമായി രംഗത്തെത്തിയത്. ഇവയിൽ 55 എണ്ണവും ഇഷ്യൂ വിലയേക്കാളും മികച്ച നേട്ടവുമാണ് വ്യാപാരംപൂർത്തിയാക്കിയത്. ഇന്ത്യൻ റിന്യൂവബിൾ എനർജി ഡെവലപ്പ്മെന്റ് ഏജൻസിയുടെ ഐ.പി.ഒയിൽ നിക്ഷേപകർക്ക് 220 ശതമാനം വരുമാനമാണ് ചുരുങ്ങിയ സമയത്തിനുള്ളിൽ ലഭിച്ചത്. സിയന്റ് ഡി.എൽ.എം 152 ശതമാനവും നെറ്റ്‌വെബ് 146 ശതമാനവും ടാറ്റ ടെക്നോളജീസ് 142 ശതമാനവും അധിക വരുമാനം നിക്ഷേപകർക്ക് നൽകി.

നിലയുറപ്പിച്ച് രൂപ

ലോകത്തിലെ പ്രമുഖ നാണയങ്ങളെല്ലാം ഡോളറിനെതിരെ കനത്ത തിരിച്ചടി നേരിട്ടപ്പോഴും ശക്തമായി പിടിച്ചു നിൽക്കാൻ ഇന്ത്യൻ രൂപയ്ക്ക് കഴിഞ്ഞു. 2023ൽ രൂപയുടെ മൂല്യത്തിൽ 0.6 ശതമാനം ഇടിവ് മാത്രമാണുണ്ടായത്. വർഷാന്ത്യത്തിൽ ഡോളറിനെതിരെ രൂപ 83.14 ൽ വ്യാപാരം പൂർത്തിയാക്കി. വിദേശ നിക്ഷേപകരുടെ പണമൊഴുക്കും സാമ്പത്തിക മേഖലയിലെ ഉണർവും വ്യാപാര കമ്മിയിലെ കുറവും ക്രൂഡോയിലിന്റെ വിലയിടിവും രൂപയുടെ കരുത്ത് വർദ്ധിപ്പിച്ചു.

അനുകൂല ഘടകങ്ങൾ

ഉപഭോഗത്തിലെ ഉണർവ്

ജി.ഡി.പി വളർച്ച ഏഴ് ശതമാനമാകുമെന്ന പ്രതീക്ഷ

അടിസ്ഥാന സൗകര്യ വികസന രംഗത്തെ മുന്നേറ്റം

നിയന്ത്രണ വിധേയമാകുന്ന നാണയപ്പെരുപ്പം

ചൈനയ്ക്ക് ബദൽ ഇന്ത്യയെന്ന പ്രചരണം

രാഷ്ട്രീയ സ്ഥിരതയിലുള്ള വിശ്വാസം

കമ്പനി വിപണി മൂല്യം

റിലയൻസ് ഇൻഡസ്ട്രീസ് 17.63 ലക്ഷം കോടി രൂപ

ടാറ്റ കൺസൾട്ടൻസി സർവീസസ് 13.9 ലക്ഷം കോടി രൂപ

എച്ച്.ഡി.എഫ്.സി ബാങ്ക് 12.94 ലക്ഷം കോടി രൂപ

ഐ.സി.ഐ.സി.ഐ ബാങ്ക് 7.05 ലക്ഷം കോടി രൂപ

ഇൻഫോസിസ് 6.48 ലക്ഷം കോടി രൂപ