gopinath-ravindran

തിരുവനന്തപുരം: കണ്ണൂർ സർവകലാശാല വൈസ് ചാൻസലറായിരുന്ന ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം റദ്ദാക്കിയ സുപ്രീം കോടതി വിധിക്കെതിരെ പുന:പരിശോധന ഹർജി നൽകി. സുപ്രീം കോടതിയുടെ മുൻ ഉത്തരവ് പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാരാണ്‌ കോടതിയെ സമീപിച്ചിരിക്കുന്നത്.

കഴിഞ്ഞ മാസം മുപ്പതിനാണ് ഗോപിനാഥ് രവീന്ദ്രന്റെ നിയമനം സുപ്രീം കോടതി റദ്ദാക്കിയത്. പുനർനിയമനം ചോദ്യം ചെയ്ത ഹർജികളിൽ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്. പുനർനിയമനം ശരിവച്ച ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കുകയായിരുന്നു. ഹൈക്കോടതിയുടെ കുറ്റകരമായ വിധി റദ്ദാക്കുന്നു എന്നാണ് വിധി പ്രസ്താവനയിൽ കോടതി പറഞ്ഞത്.

60 വയസ് കഴിഞ്ഞ ഗോപിനാഥ് രവീന്ദ്രന് സർക്കാര്‍ പുന‍ര്‍നിയമനം നൽകിയതിനെതിരെ കനത്ത പ്രതിഷേധമായിരുന്നു ഉയ‍ര്‍ന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശ അംഗീകരിച്ച് ഗവർണർ ഡോ. ഗോപിനാഥ് രവീന്ദ്രന് നാലു വര്‍ഷത്തേക്ക് പുനര്‍നിയമനം നല്‍കുകയായിരുന്നു. ഇതിനെതിരെ സർവകലാശാലയിലെ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. പ്രേമചന്ദ്രൻ കീഴോത്ത്, അക്കാഡമിക് കൗൺസിൽ അംഗം ഷിനോ പി. ജോസ് എന്നിവരാണ് സുപ്രീം കോടതിയെ സമീപിച്ചത്.