back-neck

പ്രമേഹത്തെ പ്രതിരോധിക്കാൻ ഇന്ദ്രജാലങ്ങളില്ല. ജീവിതശൈലിയാണ് അടിസ്ഥാന പ്രശനമെന്ന് വിവിധ പഠനങ്ങളും ഈ രംഗത്തെ വിദഗ്ദ്ധരും അടിവരയിടുന്നു. കേരളത്തെ നഗരം, ഗ്രാമം, മലയോര മേഖല, കടലോരം എന്നിങ്ങനെ നാലു മേഖലകളായി തിരിച്ച് സമീകാലത്ത് ഐ.സി.എം.ആർ നടത്തിയ പഠനങ്ങളിൽ ഏറ്റവും കൂടുതൽ പ്രമേഹ രോഗികളും,​ ബോഡർ ലൈനിൽ നിൽക്കുന്നവരും നഗര പ്രദേശങ്ങളിലാണ്. കുറവ് മലയോര മേഖലയിലും. തെറ്റായ ഭക്ഷണ ക്രമവും വ്യായാമക്കുറവും മലയാളിയെ പ്രമേഹത്തിന് അടിമപ്പെടുത്തുന്നുവെന്ന് ഇത് വ്യക്തമാക്കുന്നു.

യോഗ, വ്യായാമം ശരിയായ ഭക്ഷണം

പ്രമേഹത്തെ പേടിച്ച് ഇഷ്ടമുള്ള ന്യൂജെൻ ഭക്ഷണങ്ങൾ പൂർണമായി ഒഴിവാക്കണമെന്നില്ല. കൃത്യമായി നിയന്ത്രിച്ചാൽ യുവജനങ്ങൾക്കിടയിൽ പ്രമേഹത്തെ വലിയൊരു പരിധിവരെ തടയാനാകും. ഇനി,​ പ്രമേഹ ബാധിതരായാൽ തിരികെ സാധാരണ നിലയിലേക്ക് മടങ്ങിയെത്താനുള്ള സാദ്ധ്യതകളും (റിവേഴ്സ് ഡയബറ്റിസ്) ഇന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു. അതിനും ചിട്ടായായ ജീവിത ശൈലിയാണ് പോംവഴി. പ്രമേഹം വന്നതിനു ശേഷം അതിൽ നിന്ന് മുക്തി നേടാൻ വഴി തേടുന്നതിനേക്കാൾ,​ പ്രമേഹത്തെ എങ്ങനെ അകറ്റി നിറുത്താമെന്ന ചിന്തയാണ് വേണ്ടത്.

പ്രമേഹം കണ്ടെത്തിയാൽ ഡോക്ടർമാർ മരുന്ന് കുറിച്ചു നൽകുന്നത് സ്വാഭാവികം. പക്ഷേ,​ വർഷങ്ങളോളം തുടർ പരിശോധനകൾ നടത്തുകയോ,​ ഡോക്ടറെ കാണുക പോലുമോ ചെയ്യാതെ ചിലർ ഇതേ മരുന്ന് കഴിക്കും. ഇത് പല ഗുരുതരാവസ്ഥകൾക്കും വഴിവയ്ക്കും. ആന്തരാവയവങ്ങളുടെ പ്രവർത്തനത്തെ ഇത് സാരമായി ബാധിക്കും. ശരീരം മറ്റു പല ലക്ഷണങ്ങളും കാണിച്ചു തുടങ്ങുമ്പോൾ അതിനു ചികിത്സ തേടുന്ന ഘട്ടത്തിലാവും പുതിയ രോഗം കണ്ടെത്തുന്നത്. എന്നാൽ പലപ്പോഴും പ്രമേഹത്തിന് കഴിച്ച മരുന്നാണ് വില്ലനായത് എന്ന സത്യം പലരും തിരിച്ചറിയാറില്ല.

പ്രമേഹ രോഗികളിലെ വർദ്ധനവു കാരണം,​ പ്രമേഹ മരുന്നുകളുടെ വിപണിയിൽ വൻ കൊയ്ത്താണ്. ഡോക്ടർ പ്രമേഹത്തിന് മരുന്നു കുറിച്ചാൽ,​ നിശ്ചിത ഡോസിനുള്ളിൽ പ്രമേഹത്തെ നിയന്ത്രണത്തിലാക്കി മരുന്ന് ഉപേക്ഷാനുള്ള ശ്രമം മലയാളികൾക്കില്ല! മരുന്നിനൊപ്പം ജീവിത ശൈലിയിലും മാറ്റമുണ്ടെങ്കിൽ മാത്രമേ മരുന്ന് കഴിയുന്നത്ര നേരത്തേ ഉപേക്ഷിക്കാനാകൂ. തുടർന്ന് ജീവിത ശൈലി നിയന്ത്രിച്ചാൽ മതിയാകും. ഒരിക്കൽ പ്രമേഹം സ്ഥിരീകരിച്ചാൽ,​ കുറഞ്ഞത് മൂന്ന് മാസത്തിലൊരിക്കൽ പരിശോധിച്ച് ഉറപ്പാക്കണം.

ആ കറുത്ത പാടിനു പിന്നിൽ

വണ്ണമുള്ളവരിൽ കഴുത്തിനു പുറകിൽ കറുത്ത വര പോലെയുള്ള പാടുകൾ തിരിച്ചറിയണം. ഇൻസുലിൻ റസിസ്റ്റൻസിനുള്ള മാർക്കാണിത്. പ്രമേഹത്തിന്റെ പ്രാഥമിക ലക്ഷണം മനസിലാക്കി മുൻകരുതലെടുക്കാനുള്ള ഈ അവസരം പാഴാക്കരുതെന്ന് ഡോക്ടർമാർ പറയുന്നു. മാത്രമല്ല,​ കുടുംബത്തിൽ പ്രമേഹമുള്ളവർ, വണ്ണമുള്ളവർ എന്നിവരും പ്രമേഹ സാദ്ധ്യത മുന്നിൽക്കാണണം. ഡോക്ടറുടെ നിർദ്ദേശാനുസരണം ഭക്ഷണത്തിലും വ്യായാമത്തിലും ശ്രദ്ധിച്ച് രോഗത്തെ അകറ്റി നിറുത്താം.

ഒരു ഇരുചക്ര വാഹനം പോലുമില്ലാത്ത വീടുകൾ ഇപ്പോൾ വിരളം. നടപ്പ് തീരെയില്ലാത്തവരാണ് അധികവും. ശരീരത്തിന് വ്യായാമം അത്യാവശ്യമാണ്. കൈവിരലുകൾ, കൈക്കുഴ, കഴുത്ത്, നടുഭാഗം, കാലുകൾ എന്നിങ്ങനെ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളെയും ഉൾക്കൊള്ളിച്ചുള്ള വ്യായാമമാണ് വേണ്ടത്. ഫാസ്റ്റ് ഫുഡും ന്യൂജെൻ ഭക്ഷണങ്ങളും പരമാവധി നിയന്ത്രിക്കണം. വിദ്യാർത്ഥികളും ജോലി ചെയ്യുന്നവരും ഉൾപ്പെടെ,​ അരമണിക്കൂറിൽ കൂടുതൽ സമയം തുട‌ർച്ചയായി ഇരിക്കുന്നവർ,​ ഇടയ്ക്ക് എഴുന്നേറ്റ് രണ്ടുമിനിട്ട് നടക്കേണ്ടത് അനിവാര്യമാണെന്ന് ലോകാരോഗ്യ സംഘന നിർദ്ദേശിച്ചിട്ടുണ്ട്. ഇത്തരം മുൻകരുതലുകളിലൂടെ യുവാക്കളിലെ പ്രമേഹത്തെ അകറ്റിനിറുത്താം.

കുഞ്ഞുങ്ങളെ വിട്ടുകൊടുക്കരുത്

ജീവിത ശൈലിയിൽ കൊണ്ടുവരുന്ന മാറ്റങ്ങളിലൂടെ ഗർഭകാല പ്രമേഹത്തെ വരുതിയിലാക്കുവാനും,​ ഇതിലൂടെ കുഞ്ഞുങ്ങളെ പ്രമേഹത്തിനു വിട്ടുകൊടുക്കാതെ സൂക്ഷിക്കുവാനും സാധിക്കും. അനാരോഗ്യകരമായ ഭക്ഷണ രീതി ഒഴിവാക്കുന്നതും കൃത്യമായ വ്യായാമവുമാണ്പരിഹാരം. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായി നിരീക്ഷിക്കണം. ലീൻ പ്രോട്ടീൻ, ഹെൽത്തി ഫാറ്റ്, കോംപ്ലക്സ് കാർബോഹൈഡ്രേറ്റ്സ് എന്നിവ ഉൾപ്പെടുന്ന സമീകൃതാഹാരം ഭക്ഷണ ക്രമത്തിൽ ഉൾപ്പെടുത്തണം. പ്രത്യേകിച്ച് ഡയറ്റ് പ്ലാനില്ലെങ്കിലും ഭക്ഷണം നിയന്ത്രിക്കണം.

ഗർഭകാലത്ത് ആദ്യ മൂന്നു മാസം സാധാരണ ആഹാരം മതിയാകും. നാല് മുതൽ ആറു മാസക്കാലം ഭക്ഷണത്തിന്റെ അളവ് നേരിയ തോതിൽ വർദ്ധിപ്പിക്കണം. അപ്പോഴും മധുരവും ഫാസറ്റ് ഫുഡും ഒഴിവാക്കണം.

ഗർഭകാലത്ത് അമിത അഹാരം എന്ന ചിന്താഗതി പാടെ മാറ്റണം. കുടുംബത്തിൽ പ്രമേഹ പാരമ്പര്യമുള്ള സ്ത്രീകൾ ഗർഭധാരണ സമയത്തുതന്നെ ഡോക്ടറോട് ഇക്കാര്യം വിശദീകരിക്കണം. മുപ്പത് വയസിനു മുമ്പുള്ള ഗർഭധാരണമാണ് നല്ലതെന്നും ഡോക്ടർമാർ പറയുന്നു.

കേരളത്തിൽ ഗർഭിണികളിൽ നടത്തിയ പഠനങ്ങളിൽ,​ മുപ്പതു വയസ്സിൽ താഴെയുള്ളവരിൽ പ്രമേഹം വിരളമായിരുന്നതായി കണ്ടെത്തി. ഗർഭകാലത്ത് ഓരോ സമയവും ഭക്ഷണം കഴിച്ച ശേഷം വീട്ടിനുള്ളിൽ നിർബന്ധമായും നടക്കണം. ഡോക്ടർമാർ നിർദ്ദേശിക്കാതെ ഗർഭിണികൾ ബെഡ് റെസ്റ്റ് എടുക്കുന്നത് ഒഴിവാക്കണം. വയറിന് സമ്മർദ്ദം ഉണ്ടാകാത്ത രീതിയിൽ എല്ലാ ജോലികളും ചെയ്യാൻ തയ്യാറാകണം.

സർക്കാരും കൈകോർക്കണം

സമൂഹത്തിൽ പ്രമേഹത്തെക്കുറിച്ചുള്ള അവബോധം വ്യാപിപ്പിക്കുന്നതനായി സ്ക്കൂൾ തലത്തിൽ പാഠപുസ്തകത്തിൽ ഇതു സംബന്ധിച്ച വിവിധ വിഷയങ്ങൾ ഉൾപ്പെടുത്തണം. ഹൈസ്ക്കൂൾ തലം മുതൽ വിദ്യാർത്ഥികൾ പ്രമേഹത്തിന്റെ ദോഷവശങ്ങൾ മനസിലാക്കിയാൽ,​ അതിലൂടെ വീടുകളിലും വലിയ മാറ്റമുണ്ടാക്കാനാകും. മാത്രമല്ല,​ വിദേശ രാജ്യങ്ങളിലേതിനു സമാനമായി സുരക്ഷിതമായ സൈക്ളിംഗ് ട്രാക്കുകൾ സജ്ജമാക്കണം. ഇതോടൊപ്പം സൈക്ളിംഗ് പ്രോത്സാഹിപ്പിക്കാൻ മെച്ചപ്പെട്ട സൈക്കിളുകൾ സബ്സിഡി നിരക്കിൽ ലഭ്യമാക്കിയാൽ അത് വലിയ മുന്നേറ്റത്തിന് വഴിയൊരുക്കും. തദ്ദേശ സ്ഥാപനങ്ങൾക്ക് ഈ ആശയം ഫലപ്രദമായി നടപ്പാക്കാനാകും.

പ്രമേഹത്തിനു കാരണമായ ഗ്ലൈസെമിക് ഇൻഡെക്സ് ഉയർന്ന തോതിലുള്ള ഭക്ഷണവസ്തുക്കളുടെ ഉപയോഗം കുറയ്ക്കാൻ ഇത്തരം ഭക്ഷണങ്ങളുടെ നികുതി വർദ്ധിപ്പിക്കണം. ഗുരുതര പ്രശ്നങ്ങളുണ്ടാക്കുന്നവ നിരോധിക്കുകയും വേണം. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സഹായത്തോടെ ഇക്കാര്യം അതിവേഗത്തിൽ നടപ്പാക്കാനാകും. ഇതിനകം സർക്കാർ പ്രഖ്യാപിച്ച എല്ലാ പഞ്ചായത്തിലും ഒരുകളിക്കളം പദ്ധതി മികച്ച ആശയമാണെങ്കിലും മാറിയ സാഹചര്യത്തിൽ എത്രമാത്രം കുട്ടികൾ കളിക്കളത്തിലെത്തുമെന്ന് ഉറപ്പില്ല. സ്ക്കൂളുകളിൽ അവസാനിപ്പിച്ചുകൊണ്ടിരിക്കുന്ന പഴയ ഫിസിക്കൽ എഡ്യുക്കേഷൻ ക്ലാസുകൾ കാര്യക്ഷമമാക്കണം. വലിയ കായികദ്ധ്വാനം നടന്നില്ലെങ്കിലും ഗ്രൗണ്ടിലൂടെയുള്ള നടത്തം കുട്ടികളിൽ ഗുണകരമായ മാറ്റമുണ്ടാക്കുമെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ. ഇത്തരം നടപടികളിലൂടെ പ്രമേഹത്തെ തളയ്ക്കാനുള്ള ശ്രമത്തിൽ സർക്കാരിനും കൈകോർക്കാം.

കൗമാരക്കാരിലാണ് പ്രമേഹത്തിനെതിരായ ഫലപ്രദമായ പ്രതിരോധം സൃഷ്ടിക്കേണ്ടത്. അത് ബോധവത്കരണത്തിലൂടെയും സ്ക്രീനിംഗിലൂടെയും വേണം. പെൺകുട്ടികളിലെ പോളിസിസ്റ്റിക്ക് ഓവറി (പി.സി.ഒ.ഡി) പോലുള്ള പ്രശ്നങ്ങൾ പ്രാരംഭഘട്ടത്തിൽ കണ്ടെത്തി മുൻകരുതലെടുക്കണം

- ഡോ. ജീമോൻ പന്ന്യംമാക്കൽ

അഡി. പ്രൊഫസർ,​ ശ്രീചിത്ര,​ തിരു.

ഭക്ഷണം, വ്യായാമം- ഇതു രണ്ടും ക്രമീകരിക്കലാണ് പ്രമേഹത്തെ ചെറുക്കാനുള്ള ആദ്യഘട്ടം. ഇതിലൂടെ നിയന്ത്രണം സാദ്ധ്യമായില്ലെങ്കിൽ ഗുളിക രൂപത്തിലുള്ള മരുന്നുകളിലേക്കു കടക്കണം. ഇവയൊന്നും ഫലപ്രദമായില്ലെങ്കിലാണ് ഇൻസുലിൻ. വർഷങ്ങൾക്കു ശേഷം വന്നേക്കാവുന്ന പ്രമേഹത്തെ നേരത്തേ ക്ഷണിച്ചു വരുത്തണോ?​

- ഡോ. അഭിലാഷ് നായർ

അസോ. പ്രൊഫസർ

ഗവ. മെഡി. കോളേജ്,​ തിരുവനന്തപുരം