deepa-das-munshi

തിരുവനന്തപുരം: രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ അനാവശ്യ വിവാദങ്ങൾ വേണ്ടെന്ന് കെപിസിസി എക്സിക്യൂട്ടീവ് യോഗത്തിൽ കേരളത്തിന്റെ ചുമതലയുളള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷിയുടെ നിർദ്ദേശം. വിഷയത്തിൽ ഹൈക്കമാൻഡ് തീരുമാനമെടുക്കുമെന്നും ദീപാ ദാസ് മുൻഷി കൂട്ടിച്ചേർത്തു.വിവാദവിഷയങ്ങളിൽ പരസ്യപ്രതിരണങ്ങൾ പാടില്ലെന്ന് ഇന്ന് രാവിലെ നടന്ന എക്‌സിക്യൂട്ടീവ് യോഗത്തിൽ ദീപ ദാസ് നിർദ്ദേശിച്ചു.

രാമക്ഷേത്ര പ്രതിഷ്ഠാദിന ചടങ്ങുമായി ബന്ധപ്പെട്ട് മുൻപ് തന്നെ കേരളത്തിലെ ചില കോൺഗ്രസ് നേതാക്കൾ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിൽ നേതാക്കൾ പരസ്യപ്രതികരണത്തിന് മുതിരരുതെന്ന് എഐസിസി നിർദേശിച്ചിരുന്നു. ആവശ്യമായ സന്ദർഭത്തിൽ എഐസിസി നേതൃത്വം ഇക്കാര്യത്തിൽ ഔദ്യോഗിക നിലപാടെടുക്കുമെന്നും അറിയിച്ചിരുന്നു.

എന്നാൽ യോഗത്തിൽ ചില നേതാക്കൾ രാമക്ഷേത്ര വിഷയം ഉയർത്തിക്കാട്ടുകയായിരുന്നു. ഔദ്യോഗിക നിലപാട് സ്വീകരിക്കാൻ വൈകുന്ന ഓരോ നിമിഷവും കേരളത്തിലെ കോൺഗ്രസിന് പ്രതിസന്ധിയുണ്ടാകും, സിപിഎം ഇത് രാഷ്ട്രീയമായി മുതലെടുക്കുമെന്നും നേതാക്കൾ അറിയിച്ചു. അപ്പോഴാണ് ദീപാ ദാസ് മുൻഷി നേതാക്കൾക്ക് മുന്നറിയിപ്പ് നൽകിയത്. തുടർന്ന് നടന്ന യോഗത്തിൽ നേതാക്കൾ രാമക്ഷേത്രവുമായി ബന്ധപ്പെട്ട ചർച്ചകൾ ഒഴിവാക്കി.

കെ​പി​സി​സി പ്ര​സി​ഡ​ന്റ് കെ സു​ധാ​ക​ര​ൻ ചി​കി​ത്സയോടനുബന്ധിച്ച് നാ​ളെ അ​മേ​രി​ക്ക​യി​ലേ​ക്ക് പോകാനിരിക്കെയാണ് ഇന്ന് യോഗം ചേ‌ർന്നത്. ദീപാ ദാസ് പ്രതിപക്ഷനേതാവ് വിഡി സതീശൻ, മുതിർന്ന നേതാക്കളായ എകെ ആന്റണി,ശശിതരൂർ,ബെന്നി ബഹനാൻ,കെസി ജോസഫ് തുടങ്ങിയവരുമായാണ് കൂടിക്കാഴ്ച നടത്തിയത്. ജ​നു​വ​രി 20 നുശേ​ഷം കെ സു​ധാ​ക​ര​ന്റെ നേ​തൃ​ത്വ​ത്തി​ൽ കാ​സ​ർ​ഗോ​ഡ് നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു​ള്ള രാ​ഷ്‌​ട്രീ​യ പ്ര​ചാ​ര​ണ യാ​ത്ര ആ​രം​ഭി​ക്കാ​നാ​ണ് നിലവിലെ തീ​രു​മാ​നം.