
ഇന്ന് ഡിസംബർ 31....2023ലെ അവസാന ദിനം. ലോകഭൂപടത്തിൽ നിർണായകമായ നിരവധി സംഭവവികാസങ്ങൾക്ക് സാക്ഷിയായ ഒരു വർഷമാണ് കടന്നുപോകുന്നത്. നാളെ പുതുവർഷപ്പുലരിയിലേക്ക് ലോകം ഉണരുകയാണ്. ഈ അവസരത്തിൽ 2023ൽ ലോകത്ത് ഏറെ ചർച്ചയായ ചില സംഭവങ്ങളിലൂടെ ഒന്ന് തിരിഞ്ഞുനോക്കിയാലോ.....
ആമസോണിലെ അത്ഭുതം
കൊളംബിയയിലെ ആമസോൺ വനത്തിൽ കുടുങ്ങിയ സഹോദരങ്ങളായ നാല് കുട്ടികളെ 40 ദിവസത്തിന് ശേഷം രക്ഷപെടുത്തി. മേയ് 1ന് നാല് കുട്ടികളും അമ്മയും സഞ്ചരിച്ച ചെറുവിമാനം ആമസോൺ വനത്തിൽ തകർന്നുവീണു. അമ്മയുൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടപ്പോൾ കുരുന്നുകൾ അത്ഭുതകരമായി രക്ഷപെട്ടു. കൊടുംകാട്ടിലൂടെ അലഞ്ഞ ലെസ്‌ലി ജാക്കോബോംബെയ്ർ ( 13 ), സോളിനി ( 9 ), ടിയൻ ( 4 ) ക്രിസ്റ്റിൻ (1) എന്നിവരെ കൊളംബിയൻ സൈന്യമാണ് കണ്ടെത്തിയത്.
തകർന്നടിഞ്ഞ ടൈറ്റൻ
ജൂൺ 18ന് ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾ കാണാനുള്ള യാത്രയ്ക്കിടെ കാനഡയിലെ ന്യൂഫൗണ്ട്‌ലൻഡ് തീരത്ത് നിന്ന് 600 കിലോമീറ്റർ അകലെ അറ്റ്‌ലാന്റിക് സമുദ്രത്തിൽ വച്ച് ഓഷൻ ഗേറ്റ് കമ്പനിയുടെ ടൈറ്റൻ എന്ന സമുദ്ര പര്യവേക്ഷണ പേടകത്തെ കാണാതായി. 22ന് സമുദ്രത്തിനടിയിൽ രണ്ട് മൈൽ ആഴത്തിൽ ടൈറ്റന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. ടൈറ്റൻ മർദ്ദം താങ്ങാതെ ഉൾവലിഞ്ഞു പൊട്ടുകയായിരുന്നു. ടൈറ്റന്റെ ഉടമസ്ഥരായ ഓഷൻ ഗേറ്റ് കമ്പനിയുടെ സി.ഇ.ഒ സ്റ്റോക്‌ടൺ റഷ്, ബ്രിട്ടീഷ് വ്യവസായി ഹാമിഷ് ഹർഡിംഗ്, ബ്രിട്ടീഷ് - പാകിസ്ഥാനി കോടീശ്വരൻ ഷെഹ്‌സാദാ ദാവൂദ്, മകൻ സുലേമാൻ, ഫ്രഞ്ച് പര്യവേഷകൻ പോൾ ഹെൻറി നാർജിയോലെറ്റ് എന്നിവരാണ് ടൈറ്റനിലുണ്ടായിരുന്നത്. എല്ലാവരും തത്ക്ഷണം കൊല്ലപ്പെട്ടു.
ചിറകറ്റ യതി
ജനുവരി 15ന് നേപ്പാളിലെ കാഠ്മണ്ഡുവിൽ നിന്ന് പറന്ന യതി എയർലൈൻസ് വിമാനം ലാൻഡിംഗിന് തൊട്ടുമുന്നേ പൊഖാറയിൽ സേതി നദിക്കരയിൽ തകർന്നു വീണു. അഞ്ച് ഇന്ത്യക്കാരുൾപ്പെടെ 72 പേർ കൊല്ലപ്പെട്ടു. പൈലറ്റുമാർ ലാൻഡിംഗ് ക്രമീകരിക്കുന്നതിന് കോക്ക്പിറ്റിലെ ഫ്ലാപ്സ് ലിവറിന് പകരം എൻജിലേക്കുള്ള വൈദ്യുതി വിച്ഛേദിക്കുന്ന ലിവർ ഉപയോഗിച്ചതോടെ 49 സെക്കൻഡുകൾക്ക് ശേഷം വിമാനം നിലംപതിക്കുകയായിരുന്നു.
നടുക്കിയ ഭൂകമ്പങ്ങൾ
( തീയതി, സ്ഥലം, തീവ്രത, മരണം എന്ന ക്രമത്തിൽ )
ഫെബ്രുവരി 6 - തുർക്കി, സിറിയ - 7.8 - 59,259
സെപ്തംബർ 8 - മൊറോക്കോ - 6.8 - 2,960
ഒക്ടോബർ 7 - അഫ്ഗാനിസ്ഥാൻ - 6.3 - 1,482
നവംബർ 3 - നേപ്പാൾ - 5.7 - 153
ഡിസംബർ 18 - ചൈന - 5.9 - 149
ചാരക്കണ്ണുമായി ചൈനീസ് ബലൂൺ
ജനുവരി 28ന് യു.എസ് വ്യോമപരിധിയിൽ ചൈനയുടെ ചാര ബലൂൺ പ്രത്യക്ഷപ്പെട്ടു. ഫെബ്രുവരി 4ന് പ്രസിഡന്റ് ജോ ബൈഡന്റെ ഉത്തരവ് പ്രകാരം സൈന്യം സൗത്ത് കാരലൈന തീരത്ത് അറ്റ്‌ലാൻഡിക് സമുദ്രത്തിൽ ബലൂണിനെ വെടിവച്ച് വീഴ്ത്തി.
ചാരബലൂൺ നിരവധി യു.എസ് മിലിട്ടറി കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ ചോർത്തി യഥാസമയം ചൈനയ്ക്ക് കൈമാറിയെന്നും ഇവ കൂടുതലും ഇലക്ട്രോണിക് സിഗ്നലുകളിൽ നിന്നുള്ളതാണെന്നും ആരോപണം. എന്നാൽ, ബലൂൺ നിരീക്ഷണത്തിനുള്ളതെല്ലെന്നും കാലാവസ്ഥ സംബന്ധമായിരുന്നെന്നും ദിശ മാറി യു.എസിലെത്തിയെന്നും ചൈനയുടെ വാദം. ബലൂണിന്റെ പേരിൽ യു.എസ് - ചൈന നയതന്ത്ര ഭിന്നത.
പ്രിഗോഷിന്റെ പതനം
ഓഗസ്റ്റ് 23ന് മോസ്കോയിൽ നിന്ന് സെന്റ് പീറ്റേഴ്സ്‌ബർഗിലേക്കുള്ള യാത്രയ്ക്കിടെ ചെറു വിമാനം കഷെൻകീനോ ഗ്രാമത്തിന് മുകളിൽവച്ച് പൊട്ടിത്തെറിച്ചു. വാഗ്‌നർ ഗ്രൂപ്പ് കൂലിപ്പട്ടാളത്തിന്റെ തലവൻ യെവ്ജെനി പ്രിഗോഷിൻ ഉൾപ്പെടെ പത്ത് പേർ കൊല്ലപ്പെട്ടു. പ്രിഗോഷിനെ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ അറിവോടെ വധിച്ചതാകാമെന്ന് ആരോപണം. യുക്രെയിനിൽ റഷ്യയ്ക്കായി ശക്തമായ പോരാട്ടം നടത്തിയവരാണ് വാഗ്നർ ഗ്രൂപ്പ്. ആയുധങ്ങൾ നൽകുന്നില്ലെന്ന് കാട്ടി ജൂണിൽ പ്രിഗോഷിന്റെ നേതൃത്വത്തിൽ വാഗ്നർ അംഗങ്ങൾ റഷ്യയിൽ കലാപ നീക്കം നടത്തിയിരുന്നു. ഇതോടെ പ്രിഗോഷിനും പുട്ടിനും തമ്മിൽ വർഷങ്ങളായി നിലനിന്നിരുന്ന സൗഹൃദം ശത്രുതയ്ക്ക് വഴിമാറിയിരുന്നു.
ഗാസ യുദ്ധം
ഒക്ടോബർ 7ന് ഗാസയിൽ നിന്ന് ഹമാസ് തീവ്രവാദികൾ കര, കടൽ, വ്യോമ മാർഗ്ഗം ഇസ്രയേലിനുള്ളിലേക്ക് നുഴഞ്ഞുകയറി. മുന്നിൽകണ്ടവരെ ക്രൂരമായി വധിച്ചു. നൂറുകണക്കിന് പേരെ ബന്ദികളാക്കി ഗാസയിലേക്ക് കൊണ്ടുപോയി. ഈസ്റ്റ് ജറുസലേമിലെ ടെംബിൾ മൗണ്ടിൽ സ്ഥിതി ചെയ്യുന്ന അൽ അഖ്സ പള്ളിയിൽ നടന്ന ഇസ്രയേൽ സേനയുടെ കടന്നുകയറ്റത്തിനും ഏറ്റുമുട്ടലുകൾക്കുമെതിരെയായിരുന്നു ആക്രമണം. സ്വോർഡ്സ് ഒഫ് അയൺ എന്ന പേരിൽ ഇസ്രയേൽ പ്രത്യാക്രമണം തുടങ്ങി. ഇതുവരെ ഗാസയിൽ കൊല്ലപ്പെട്ടത് 21,600ലേറെ പാലസ്തീനികൾ.
ചന്ദ്രനിൽ ചരിത്രം
ഓഗസ്റ്റ് 23ന് ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ 3 ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ. വിക്രം ലാൻഡർ നൽകിയ ചന്ദ്രോപരിതലത്തിലെ നിർണായക വിവരങ്ങൾ ഐ.എസ്.ആർ.ഒ പുറത്തുവിട്ടിരുന്നു. ചാന്ദ്രോപരിതലത്തിൽ ഇറങ്ങുന്ന നാലാമത്തെ രാജ്യവും ദക്ഷിണ ധ്രുവത്തിൽ പേടകമിറക്കിയ ആദ്യ രാജ്യവുമാണ് ഇന്ത്യ.
റഷ്യയുടെ ചാന്ദ്ര ലാൻഡറായ ലൂണ - 25നെ ദക്ഷിണധ്രുവത്തിലിറക്കാൻ ഓഗസ്റ്റിൽ വിക്ഷേപിച്ചെങ്കിലും ലക്ഷ്യമെത്താതെ തകർന്നു. ചന്ദ്രയാൻ ഇറങ്ങുന്നതിന് രണ്ടു ദിവസം മുമ്പേ ലൂണ ലാൻഡിംഗിന് ശ്രമിച്ച് നിയന്ത്രണം നഷ്ടപ്പെട്ട് തകർന്നുവീഴുകയായിരുന്നു.