
കാലിഫോർണിയ: ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം പുറത്തിറങ്ങിയ ടെസ്ലയുടെ സൈബർ ട്രെക്ക് ആദ്യമായി അപകടത്തിൽപ്പെട്ടതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ആദ്യമായാണ് ഒരു സൈബർ ട്രെക്ക് അപകടത്തിൽപ്പെടുന്നത്. കാലിഫോർണിയയിലെ സ്കൈലൈൻ ബൊളിവാർഡിൽ നിന്ന് വടക്കോട്ട് പോകുന്ന പാതയിലാണ് സൈബർ ട്രെക്ക് അപകടത്തിൽപ്പെട്ടത്. 17 വയസുകാരൻ ഓടിച്ച ടൊയോട്ട കൊറോള ട്രെക്കിൽ ഇടിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
സൈബർ ട്രെക്കിലെ യാത്രക്കാരന് ചെറിയ പരിക്കുകളുണ്ട്. സൈബർ ട്രെക്കിന് കാര്യമായ കേടുപാടുകൾ ഒന്നും സംഭവിച്ചിട്ടില്ല. എന്നാൽ കൊറോളയുടെ മുൻഭാഗം പൂർണമായും തകർന്ന് റോഡിൽ നിന്നും തെന്നിമാറിയിട്ടുണ്ട്. റോഡിന് കുറുകെ നിർത്തിയിട്ട രീതിയിലാണ് സൈബർ ട്രെക്കുള്ളത്. ഡ്രൈവറെ കൂടാതെ രണ്ട് യാത്രക്കാരാണ് സൈബർ ട്രെക്കിലുണ്ടായിരുന്നത്. സംഭവത്തിന് പിന്നാലെ കാലിഫോർണിയ ഹൈവേ പട്രോളിംഗ് സംഘം സ്ഥലത്തെത്തി. അപ്രതീക്ഷിതമായി കൊറോള കാർ വലത്തോട്ടേക്ക് തിരിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പട്രോളിംഗ് സംഘം അറിയിച്ചത്.
അതേസമയം, ടെസ്ല ഏറ്റവും പുറത്തിറക്കിയ ഏറ്റവും പുതിയ മോഡലാണ് സൈബർ ട്രെക്ക്. 2019 നവംബറിലാണ് ടെസ്ല സിഇഒ എലോൺ മസ്ക്, സൈബർട്രക്കിനെ അവതരിപ്പിച്ചത്. ട്രക്കിന്റെ കരുത്ത്, രൂപകല്പന, നിർമ്മാണനിലവാരം എന്നിവയെക്കുറിച്ച് പരിപാടിയിൽ മസ്ക് വാനോളം പുകഴ്ത്തിയിരുന്നു. എന്നാൽ ബുള്ളറ്റ്പ്രൂഫ് വിൻഡോഷീൽഡിന്റെ കരുത്ത് വ്യക്തമാക്കാൻ മസ്ക് നടത്തിയ പരീക്ഷണം പാളിയതും ഓഹരിമൂല്യത്തെ ബാധിച്ചു.
സഹപ്രവർത്തകനോട് വണ്ടിയുടെ മുൻവശത്തെ ഇടത് ചില്ലിൽ മെറ്റൽ ബോൾ എറിയാൻ മസ്ക് ആവശ്യപ്പെടുകയായിരുന്നു. ആറുപേർക്ക് യാത്ര ചെയ്യാൻ സൗകര്യമുള്ള ടെസ്ല സൈബർട്രക്കിന് മൂന്ന് വേരിയന്റുകളുണ്ട്. ഓഫ് റോഡ് കരുത്തോടെയുള്ള സൈബർട്രക്ക് ഒറ്റ ചാർജിംഗിൽ 800 കിലോമീറ്റർ വരെ ഓടും. സിംഗിൾ മോട്ടോർ റിയർവീൽ ഡ്രൈവ് വേരിയന്റ് പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ 6.5 സെക്കൻഡ് മതി.