pic

വാഷിംഗ്ടൺ: യു.എസിലെ മസാച്യുസെ​റ്റ്സിൽ ഇന്ത്യൻ വംശജരായ ദമ്പതികളെയും മകളെയും മരിച്ച നിലയിൽ കണ്ടെത്തി.

41 കോടി രൂപ വിലമതിക്കുന്ന ആഡംബര വസതിയിലാണ് രാകേഷ് കമൽ (57), ഭാര്യ ടീന (54), മകൾ അരിയാന (18) എന്നിവരെ മരിച്ച നിലയിൽ കണ്ടെത്തിയത്.

പ്രാദേശിക സമയം, വ്യാഴാഴ്ച രാത്രി 7.30ന് ഡോവർ പട്ടണത്തിലുള്ള വസതിയിൽ ഇവരെ അന്വേഷിച്ചെത്തിയ ബന്ധുവാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

സാമ്പത്തിക പ്രതിസന്ധി മൂലം ജീവനൊടുക്കിയതാകാമെന്ന് കരുതുന്നു. അന്വേഷണം ആരംഭിച്ചു. രാകേഷിന്റെ മൃതദേഹത്തിനരികിൽ നിന്ന് തോക്ക് കണ്ടെത്തിയിട്ടുണ്ട്. മൂവരും വെടിയേറ്റാണോ കൊല്ലപ്പെട്ടതെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല. പുറത്തുനിന്നുള്ള ആരുടെയും ഇടപെടൽ ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. സമീപ കാലത്തായി ഇവർ പുറത്താരുമായും ബന്ധം പുലർത്തിയിരുന്നില്ലെന്നാണ് സൂചന.

 ആഡംബരത്തിൽ നിന്ന് പതനം

ബോസ്റ്റൺ യൂണിവേഴ്സിറ്റി, എം.ഐ.ടി സോളൻ സ്കൂൾ ഒഫ് മാനേജ്മെന്റ്, സ്റ്റാൻഫഡ് എന്നിവിടങ്ങളിൽ നിന്ന് വിദ്യാഭ്യാസം നേടിയ രാകേഷ് വിദ്യാഭ്യാസ കൺസൾട്ടിംഗ് മേഖലയിൽ പ്രവർത്തിച്ചു വരികയായിരുന്നു. 2016ൽ ഭാര്യ ടീനയ്ക്കൊപ്പം എഡ് - ടെക് കമ്പനിയായ എഡ്യുനോവ സ്ഥാപിച്ചു. മിഡിൽ സ്കൂൾ മുതൽ കോളേജ് തലം വരെയുള്ള പഠന നിലവാരം മെച്ചപ്പെടുത്തുകയായിരുന്നു ലക്ഷ്യം.

സ്ഥാപനം പെട്ടെന്ന് വളർന്നു. 2019ൽ 34 കോടി രൂപയ്ക്ക് 11 ബെഡ്റൂമുകളോട് കൂടിയ 19,000 ചതുരശ്ര അടി വിസ്തൃതിയുള്ള ആഡംബര വസതി ഇവർ സ്വന്തമാക്കി. 2021ൽ കമ്പനി പൂട്ടിയതോടെ കുടുംബം വൻ സാമ്പത്തിക പ്രതിസന്ധിയിലായി. ആഡംബര വസതി ഒരു വർഷം മുമ്പ് ജപ്തി ചെയ്യപ്പെട്ടു. മസാച്യുസെറ്റ്സ് ആസ്ഥാനമായുള്ള വിൽസൺഡേൽ അസോസിയേറ്റ്സ് എന്ന കമ്പനിക്ക് വസതിയുൾപ്പെടെ 25 കോടിക്ക് വിറ്റു.

41 കോടി രൂപയായിരുന്നു വില്പന സമയം വസതിയുടെ മൂല്യം. ഹാർവഡ്, ഡൽഹി യൂണിവേഴ്സിറ്റികളിൽ നിന്ന് വിദ്യാഭ്യാസം നേടിയ ടീന 2022 സെപ്തംബറിൽ പാപ്പർ ഹർജി ഫയൽ ചെയ്തെങ്കിലും തള്ളിയിരുന്നു. വെർമോണ്ടിലെ മിഡിൽബറി കോളേജിൽ ന്യൂറോസയൻസ് വിദ്യാർത്ഥിയായിരുന്നു അരിയാന.