chennithala

​കെ.പി.സി.സി പ്രസിഡന്റായിരിക്കെ ഞാൻ തു‌ടങ്ങിവച്ച ഗാന്ധി​ഗ്രാമം പദ്ധതി ഒരു വ്യാഴവട്ടം പൂർത്തിയാക്കി. കോഴിക്കോട് എലത്തൂർ നിയോജക മണ്ഡലത്തിലെ ചേളന്നൂർ ഞാറക്കാട്ട് പട്ടികജാതി കോളനിയിലാണ് ഈ പുതുവർഷത്തെ ​ഗാന്ധി​ഗ്രാമം പരിപാടി. കഴിഞ്ഞ 12 വർഷങ്ങൾക്കുള്ളിൽ ആകെ 15 ​ഗാന്ധി​ഗ്രാമ യാത്രകളാണ് നടത്തിയിട്ടുള്ളത്. ഓരോ യാത്രയും തീർത്ഥാടന പുണ്യം പോലെയാണ് കരുതുന്നത്.
കേരളത്തിന്റെ സാമൂഹ്യ- സാമ്പത്തിക മേഖലകളിൽ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ വലിയ നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞിട്ടും പട്ടികജാതിവിഭാഗങ്ങൾ ഇന്നും പാർശ്വവത്കരിക്കപ്പെട്ടിരിക്കുന്നത് എന്തുകൊണ്ടാണെന്നത് പഠനവിധേയമാക്കേണ്ട വിഷയമാണ്. സ്വാതന്ത്ര്യാനന്തരം നിരവധിപദ്ധതികൾ അടിസ്ഥാനവർഗത്തിന്റെ ക്ഷേമപ്രവർത്തനങ്ങൾക്കായും ദാരിദ്ര്യനിർമ്മാർജ്ജനത്തിനായും അടിസ്ഥാനസൗകര്യ വികസനത്തിനായും വിനിയോഗിച്ചിട്ടും നമ്മുടെ നാട്ടിൽ ഇന്നും ഇവർ ദുരിതപൂർണമായ സാഹചാര്യത്തിൽ ജീവിതം തള്ളിനീക്കുന്നു എന്നത് നിരാശാജനകമാണ്.
കാടിനോടും പ്രകൃതിയോടും ഇണങ്ങിജീവിച്ചുകൊണ്ടിരുന്ന ആദിവാസികളുടെ ജീവിതതാളത്തിന് ഭംഗമേറ്റത് പരിഷ്‌കൃതരായ മറ്റ് ജനവിഭാഗങ്ങളുടെ കടന്നുകയറ്റത്തോടെയാണ്.
ആദിവാസികളുടെ ജീവിതപ്രശ്‌നങ്ങളും പ്രയാസങ്ങളും നേരിട്ട് മനസിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഞാൻ അട്ടപ്പാടിമേഖല സന്ദർശിക്കാൻ തീരുമാനിച്ചത്. ആദിവാസികൾ നേരിടുന്ന നിരവധിയായ പ്രശ്‌നങ്ങൾക്ക് പ്രത്യേക പരിഗണനയും കരുതലും നല്കിക്കൊണ്ട് അവരുടെ സാമൂഹികമായ പുരോഗതിയും വികസനവും സാദ്ധ്യമാക്കുക എന്നതായിരുന്നു സന്ദർശനം കൊണ്ട് പ്രധാനമായും ഉദ്ദേശിച്ചത്. 1987ൽ ആദ്യമായി മന്ത്രിയായപ്പോഴാണ് അട്ടപ്പാടി സന്ദർശിക്കുന്നത്. രാജീവ് ഗാന്ധിയുടെയും സോണിയാഗാന്ധിയുടെയും അട്ടപ്പാടി സന്ദർശനം മേഖലയുടെ വികസനത്തിന് വലിയ മുന്നേറ്റം വരുത്തി. യു.ഡി.എഫ് സർക്കാരുകൾ നടത്തിയ വികസന പ്രവർത്തനങ്ങളും കേന്ദ്രത്തിലെ യു.പി.എ ഗവൺമെന്റിന്റെ ക്ഷേമ പ്രവർത്തനങ്ങളും എന്റെ സന്ദർശനത്തിന് ആധികാരികമായ പിൻബലം നല്കി.

തുടക്കം അട്ടപ്പാടിയിൽ
അട്ടപ്പാടിയിലെ ആദിവാസി ഊരുകളിൽ താമസിച്ച് അവരുടെ പ്രശ്‌നങ്ങളും പ്രയാസങ്ങളും നേരിട്ട് മനസിലാക്കിയപ്പോൾ രൂപമെടുത്ത ആശയമാണ് കേരളത്തിലങ്ങോളമിങ്ങോളമുള്ള പാവപ്പെട്ടവരും അശരണരുമായ ദളിത്- പട്ടിക ജാതി വിഭാഗങ്ങളുടെ സാമൂഹികോന്നമനത്തിനായി ഒരുപരിപാടി രൂപപ്പെടുത്തണമെന്നത്. അതിന്റെ അടിസ്ഥാനത്തിൽ പട്ടികജാതി കുടുംബങ്ങളുടെ സമഗ്രവികസനവും ക്ഷേമവും ലക്ഷ്യമാക്കി രൂപപ്പെടുത്തിയതാണ് ഗാന്ധിഗ്രാമം പദ്ധതി. ദളിത് സമൂഹം നേരിടുന്ന വിഷമതകൾ സർക്കാരിന്റേയും മറ്റു ഏജൻസികളുടേയും ശ്രദ്ധയിൽ കൊണ്ടുവരുന്നതോടൊപ്പം അതിനു പരിഹാരം കാണുക എന്നതുമാണ് പദ്ധതിയുടെ ഉദ്ദേശലക്ഷ്യമായി കണ്ടത്.

കേരളത്തിലെ 14 ജില്ലകളിൽ നിന്ന് തിരഞ്ഞെടുത്ത 14 പട്ടികജാതി കോളനികളെയാണ് ഗാന്ധിഗ്രാമം പരിപാടിയിൽ ഉൾപ്പെടുത്തിയത്. വളരെ ചിട്ടയാർന്ന ആസൂത്രണമാണ് പദ്ധതിക്കായി നടത്തിയത്. ദളിത് വിഭാഗങ്ങളുടെ ഉന്നമനത്തിനായി എന്നും വീറോടെ പോരാടിയ ആദരണീയനായ മുൻമുഖ്യമന്ത്രി കെ. കരുണാകരൻ അദ്ദേഹത്തിന്റെ സ്വന്തം മണ്ഡലമായ മാളയിൽ സ്ഥാപിച്ച കുന്നത്തുനാട് പട്ടികജാതി കോളനിയിലാണ് പരിപാടി ഔപചാരികമായി ഉദ്ഘാടനം ചെയ്യപ്പെട്ടത്. എല്ലാ സ്ഥലങ്ങളിലും പരിപാടിക്ക് ആവേശകരമായ സ്വീകരണം ലഭിച്ചതിൽ ചാരിതാർത്ഥ്യമുണ്ട്.

ലക്ഷ്യം ആദിവാസി

സമൂഹത്തിന്റെ ഉന്നമനം
വീടില്ലാത്തവർക്ക് വീട് വച്ചുകൊടുക്കുക, പഠനസഹായം നൽകുക, തൊഴിൽ സൗകര്യങ്ങൾ ഏർപ്പെടുത്തുക, തൊഴിലിനാവശ്യമായ ഉപാധികൾ നൽകുക, ആരോഗ്യപരമായ പ്രശ്‌നങ്ങൾ അനുഭവിക്കുന്നവർക്കും കിടപ്പുരോഗികൾക്കും ധനസഹായം നൽകുക തുടങ്ങി ഒട്ടനവധി സഹായങ്ങളാണ് പദ്ധതിയിലൂടെ കോളനി നിവാസികൾക്ക് ലഭ്യമാക്കുന്നത്. ഇതു കൂടാതെ പട്ടികജാതി വകുപ്പിന്റെ പ്രത്യേക സാമ്പത്തികസഹായമായി ഒരു കോടിരൂപയുടെ പൊതുവായ വികസനപ്രവർത്തനങ്ങളും ഓരോ കോളനിക്കും ലഭ്യമാക്കും. വ്യക്തികളും സ്ഥാപനങ്ങളും പലതരത്തിലുള്ള സഹായസഹകരണങ്ങൾ നൽകിയിട്ടുണ്ടെന്നത് എടുത്തുപറയേണ്ടതാണ്.
പദ്ധതി തുടങ്ങിയതുമുതൽ ആദിവാസി സഹോദരങ്ങൾക്കൊപ്പമാണ് പുതുവത്സരം ആഘോഷിക്കുന്നത്. 2009ൽ അട്ടപ്പാടി ആദിവാസി ഊരിൽ നിന്നു തുടങ്ങിയ പദ്ധതി 15 വർഷമായി തുടരുകയാണ്.
ഗാന്ധിഗ്രാമം ഇത്തരത്തിലുള്ള പ്രവർത്തനങ്ങളുടെ തുടക്കം മാത്രമാണ്. ഇതിന്റെ തുടർപ്രവർത്തനങ്ങൾ ഉണ്ടാകേണ്ടതുണ്ട്. സമൂഹത്തിലെ ദുരിതപൂർണ്ണമായ ജീവിതം നയിക്കുന്നവരെ പിടിച്ചുയർത്താനുള്ള ഉത്തരവാദിത്വം പൊതുസമൂഹം ഒറ്റക്കെട്ടായി ഏറ്റെടുക്കണം.