
അഹമ്മദാബാദ്: മനുഷ്യക്കടത്ത് ആരോപിച്ച് ഫ്രാൻസിൽ തടഞ്ഞ വിമാനത്തിലുണ്ടായിരുന്ന 20 ഗുജറാത്ത് സ്വദേശികളെ ചോദ്യം ചെയ്തതായി പൊലീസ് പറഞ്ഞു. മനുഷ്യക്കടത്താണെന്ന സംശയമുള്ളതിനാൽ
ആസൂത്രകരെ കണ്ടെത്താനുള്ള ശ്രമം ഗുജറാത്ത് പോലീസ് ശക്തിപ്പെടുത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് തിരിച്ചെത്തിയ 20 പേരെ കൂടി ചോദ്യം ചെയ്തത്. ഗുജറാത്തിൽ നിന്നു മാത്രം 60 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഇവർ ബനസ്‌കന്ത, പാടാൻ, മെഹ്സാന, ആനന്ദ് ദില്ലകളിൽ നിന്നുള്ളവരാണെന്ന് പൊലീസ് അറിയിച്ചു.
മനുഷ്യക്കടത്ത് ഏജന്റുമാർക്ക് 40 ലക്ഷം മുതൽ 1.2 കോടി വരെ നൽകിയാണ് ആളുകൾ യാത്ര ചെയ്യുന്നതെന്ന് പൊലീസ് കണ്ടെത്തി. എന്നാൽ യാത്രക്കാരിൽ നിന്ന് കൂടുതൽ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. നിക്കരാഗ്വയിൽ എത്തിയിട്ട് എന്തായിരുന്നു പദ്ധതി, ഏജന്റുമാരുമായി ബന്ധപ്പെട്ടതെങ്ങനെ തുടങ്ങിയ ചോദ്യങ്ങൾ ചോദിച്ചെന്ന് പൊലീസ് പറഞ്ഞു.
മദ്ധ്യ അമേരിക്കയിലേക്ക് പോകാനായി യാത്രക്കാർ യഥാർത്ഥമോ വ്യാജമോ ആയ രേഖകൾ ഉപയോഗിച്ചിട്ടുണ്ടോ എന്ന് അന്വേഷിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു. സാമ്പത്തിക ഇടപാടുകളും പരിശോധിക്കും. എല്ലാ തരത്തിലുള്ള അന്വേഷണവും നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു. നാല് സി.ഐ.ഡി സംഘങ്ങളും അന്വേഷണം നടത്തുന്നു. യു.എസ് ഉൾപ്പെടെ മറ്റ് രാജ്യങ്ങളിലേക്ക് കടക്കാൻ സഹായവുമായി എത്തുന്ന ഏജന്റുമാരെ കുറിച്ചും അന്വേഷണം നടന്നുവരുന്നു. യാത്രാ രേഖകൾ വളരെ വേഗം ലഭിക്കുന്ന നിക്കരാഗ്വ പോലുള്ള ഇടങ്ങൾ മറ്റ് രാജ്യങ്ങളിലേക്ക് കടക്കാൻ ആഗ്രഹിക്കുന്നവരുടെ പ്രിയപ്പെട്ട സ്ഥലമായി മാറിയിരിക്കുന്നു. 2023 ൽ മാത്രം 96,917 ഇന്ത്യക്കാർ അനധികൃതമായി യു.എസിൽ പ്രവേശിക്കാൻ ശ്രമിച്ചു എന്നാണ് കണക്കുകൾ.