pic

ഇസ്ലാമാബാദ് : 2008ലെ മുംബയ് ഭീകരാക്രമണത്തിന്റെ ആസൂത്രകരിൽ ഒരാളായ ലക്‌ഷറെ ത്വയ്ബ ഭീകരൻ ഹാഫിസ് സയീദിനെ

കൈമാറാൻ ഇന്ത്യയുമായി നയതന്ത്ര കരാറില്ലെന്ന് പാകിസ്ഥാൻ. ഭീകരനെ വിട്ടുനൽകണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.

കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടാണ് ഹാഫിസിനെ വിട്ടുനൽകണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടതെന്നാണ് പാകിസ്ഥാൻ വിദേശകാര്യ വക്താവ് മുംതാസ് സഹ്റ ബലോച് മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്. 166 പേരുടെ മരണത്തിനിടയാക്കിയ മുംബയ് ഭീകരാക്രമണം കൂടാതെ, ജമ്മു കാശ്മീരിൽ ഭീകരർക്കു ധനസഹായം നൽകിയതടക്കം എൻ.ഐ.എ രജിസ്​റ്റർ ചെയ്ത നിരവധി കേസുകളിൽ പ്രതിയാണ് ഹാഫിസ് സയീദ്.

ഇയാളെ വിട്ടുകിട്ടാൻ തെളിവുകൾ സഹിതമാണ് ഇന്ത്യ പാകിസ്ഥാനോട് ആവശ്യമുന്നയിച്ചത്. 2019ൽ അറസ്റ്റിലായ ഹാഫിസ് നിലവിൽ ലാഹോറിലെ ജയിലിലാണ്. കഴിഞ്ഞ വർഷം പാക് ഭീകര - വിരുദ്ധ കോടതി ഇയാൾക്ക് 31 വർഷം ജയിൽ ശിക്ഷ വിധിച്ചിരുന്നു. ഫെബ്രുവരി 8ന് നടക്കുന്ന പാക് പൊതുതിരഞ്ഞെടുപ്പിൽ ഇയാളുടെ മകനും ഭീകരനുമായ തൽഹ സയീദും മത്സരിക്കുന്നുണ്ട്.