
തിരുവനന്തപുരം: മുഖ്യമന്ത്രിയുമായുള്ള അഭിപ്രായ വ്യത്യാസവും എസ് എഫ് ഐയുടെതടക്കം പ്രതിഷേധവും കണക്കിലെടുത്ത് ഗവർണറുടെ സഞ്ചാരപഥത്തിൽ മാറ്റംവരുത്തി പൊലീസ്. വെള്ളയമ്പലം, പാളയം വഴി എയർപോർട്ടിലേക്ക് പോകുന്നതിന് പകരം രാജ്‌ഭവനിൽ നിന്നും കുറവൻകോണം, കുമാരപുരം വഴിയാണ് ഇത്തവണ ഗവർണർ എയർപോർട്ടിലെത്തിയത്.
ഗവർണറുടെ പതിവ് വഴിയായ പാളയം-ജനറൽ ആശുപത്രി റോഡിൽ ജനറൽ ആശുപത്രിയിൽ ഇന്നും എസ് എഫ് ഐ പ്രതിഷേധമുണ്ടായിരുന്നു. ഫിയർലെസ് 53 എന്ന ബാനർ ഉയർത്തിയാണ് ഗവർണർക്കെതിരെ എസ് എഫ് ഐ പ്രതിഷേധിച്ചത്. കഴിഞ്ഞദിവസം സംസ്ഥാനത്ത് മടങ്ങിയെത്തിയ ഗവർണർ എയർപോർട്ടിൽ നിന്നും രാജ്ഭവനിലേക്ക് മടങ്ങുംവഴിയും എസ് എഫ് ഐ പ്രതിഷേധമുണ്ടായിരുന്നു. ജനറൽ ആശുപത്രി ജംഗ്ഷനിൽ വച്ചായിരുന്നു പ്രതിഷേധം. ഗവർണർക്ക് നേരെ കരിങ്കൊടി കാട്ടിയ നാല് എസ് എഫ് ഐ പ്രവർത്തകരെ കസ്റ്റഡിയിലെടുത്തിരുന്നു.ആരിഫ് മുഹമ്മദ് ഖാൻ ഗോ ബാക്ക് എന്ന മുദ്രാവാക്യത്തോടെയാണ് പ്രതിഷേധമുണ്ടായത്.
ഇതിനുമുൻപ് വിമാനത്താവളത്തിൽ വച്ച് മാദ്ധ്യമപ്രവർത്തകരോട് ഗവർണർ സംസാരിച്ചിരുന്നു. എസ് എഫ് ഐ പ്രതിഷേധിച്ചാൽ ഇനിയും വാഹനത്തിൽ നിന്നിറങ്ങി പ്രതികരിക്കുമെന്നാണ് ഗവർണർ പ്രതികരിച്ചത്. ഇതിന്പിന്നാലെയാണ് ഇന്ന് പൊലീസ് അദ്ദേഹത്തിന്റെ റൂട്ട് മാറ്റിയത്.