
2023 കാലയവനികയിലേക്ക് മറയുമ്പോൾ സംഭവ ബഹുലമായ ഒരു കായിക കാലം കൂടിയാണ് ഓർമ്മയാകുന്നത്. കായിക ലോകത്ത് ഇന്ത്യയും മിന്നിത്തിളങ്ങിയ വർഷം കൂടിയാണിത്. നിരവധി ഇന്ത്യൻ താരങ്ങളും ലോക ശ്രദ്ധ നേടി. 2023ലെ പ്രധാന കായിക സംഭവങ്ങളിലൂടെ.
ഓ...സീസ്
ക്രിക്കറ്റിൽ ഓസ്ട്രേലിയയുടെ അപ്രമാദിത്യം അരക്കിട്ടുറപ്പിച്ച വർഷം കൂടിയായിരുന്നു 2023. ഇന്ത്യ ആതിഥേയരായ ഏകിദന ലോകകപ്പിൽ ഫൈനലിൽ ആതിഥേയരെ തന്നെ കീഴടക്കി അഞ്ചാം തവണയും കിരീടത്തിൽ മുത്തമിട്ട ഓസ്ട്രേലിയ തങ്ങളെ ഒരിക്കലും എഴുതിത്തള്ലാനാകില്ലെന്ന് ഒരിക്കൽക്കൂടി തെളിയിച്ചു. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലും ഇന്ത്യയെ കീഴടക്കി ഓസ്ട്രേലിയ കീരീടം നേടി. ഐ.സി.സി കിരീടങ്ങൾ എല്ലാം നേടുന്ന ഒരേ ഒരുടീമായി ഓസീസ്. ആഷസ് ട്രോഫിയും അവർ നിലനിറുത്തി. വനിതാ ട്വന്റി-20 ലോകകപ്പിലും തുടർച്ചയായ മൂന്നാം തവണയും ഓസ്ട്രേലിയയായിരുന്നു ചാമ്പ്യൻമാർ.
ഫൈവ്സ്റ്റാർ സിറ്റി
ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ സിറ്റിയുടെ ചരിത്രത്തിലെ സുവർണ വർഷമായിരുന്നു ഇത്. ആദ്യമായി യൂറോപ്യൻ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയ സിറ്റി ഇംഗ്ലീഷ് പ്രിമിയർ ലീഗ് കിരീടവും ക്ലബ് ലോകകപ്പ് ട്രോഫിയും എഫ്.എ കപ്പും യു.ഇ.എഫ്.എ സൂപ്പർ കപ്പ് എന്നിവയും നേടി.
ജർമ്മൻ ഗോൾ
ഇന്ത്യ വേദിയായ പുരുഷ ഹോക്കി ലോകകപ്പിൽ ജർമ്മനി ചാമ്പ്യൻമാരായി. ആതേസമയം ആതിഥേയരായ ഇന്ത്യയ്ക്ക് ഒമ്പതാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
ജോക്കല്ല ജോക്കോ
വൻ തിരിച്ചുവരവ് നടത്തി സീസണിൽ ആകെയുള്ല നാല് ഗ്രാൻസ്ലാമുകളിൽ മൂന്നും സ്വന്തമാക്കി ഏറ്റവും കൂടുതൽ ഗ്രാൻസ്ലാം കിരീടം നേടിയ പുരുഷ താരമെന്ന റെക്കാഡും നേടിയ സെർബിയക്കാരൻ നൊവാക്ക് ജോക്കോവിച്ച് പ്രായമല്ല പ്രതിഭയുടെ അളവുകോലെന്ന് തെളിയിച്ച വർഷം കൂടിയായിരുന്നു 2023. വിംബിൾഡണിൽ ജോക്കോയെ മറികടന്ന് കിരീടം നേടിയ കാർലോസ് അൽകരാസ് എന്ന സ്‌പെയിൻകാരൻ പുത്തൻ സൂപ്പർസ്റ്റാറായി.
മെസി ഡി യോർ
എട്ടാം തവണയും ബാലോൺ ഡി ഓർ പുരസ്കാരം സ്വന്തമാക്കി അർജന്റീനൻ ഫുട്ബാൾ ഇതിഹാസം ലയണൽ മെസി പുതിയ ചരിത്രം കുറിച്ചു. നോർവീജിയൻ താരം ഏർലിംഗ് ഹാളണ്ടിന്റെ വെല്ലുവിളി മറികടന്നായിരുന്നു മെസിയുടെ പുരസ്കാരം നേട്ടം. വനിതാ പുരസ്കാരം ലഭിച്ചത് ബാഴ്സലോണയുടെ സ്പാനിഷ് മിഡ്ഫീൽഡർ ഐറ്റാന ബോൺമാറ്റിയാക്കാണ്.
യൂറോുപ്പിൽ നിന്ന് മേജർ സോക്കർ ലീഗിലേക്കുള്ള മെസിയുടെ കൂടുമാറ്റവും ഈവർഷമായിരുന്നു. പി.എസ്.ജിയിൽ നിന്ന് ഫ്രീ ട്രാൻസ്ഫറായ ി ഇന്റർ മയാമിയിലെത്തിയ മെസിക്ക് 2025വരെ അവിടെ കരാറുണ്ട്.
വെൽഡൺ പ്രഗ്നാനന്ദ
ചെസ് ലോകകപ്പ് ഫൈനലിൽ പതിനാറാം വയസിൽ മത്സരിച്ച് ചരിത്രത്തിലിടം നേടി തമിഴ്നാട്ടുകാരൻ പ്രഗ്നാനന്ദ ലോകത്തിനാകെ അദ്ഭുതമായി. ഫൈനലിൽ മാഗ്നസ് കാൾസണോട് തോറ്റെങ്കിലും ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായി പ്രഗ്ഗ്. ചെസ് ലോകകപ്പ് ഫൈനലിൽ എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി. പ്രഗ്ഗിന്റെ സഹോദരി വൈശാലിയും ഈ മാസം ഗ്രാൻഡ് മാസ്റ്ററായി. ഗ്രാൻഡ്മാസ്റ്റർമാരാകുന്ന ആദ്യ സഹോദരങ്ങളാണ് ഇരുവരും.
ഇന്ത്യൻ സെഞ്ച്വറി
ഏഷ്യൻ ഗെയിംസിൽ ചരിത്രത്തിലാദ്യമായി ഇന്ത്യയുടെ മെഡൽ നേട്ടം നൂറുകടന്ന സുവർണവർഷം കൂടിയായാണിത്. ചൈനയിലെ ഗാങ്ഷു വേദിയായ ഗെയിംസിൽ 28 സ്വർണവും 38 വെള്ളിയും 41 വെങ്കലവുമടക്കം ഇന്ത്യ നേടയത് 107 മെഡലുകൾ. പോയിന്റ് പട്ടികയിൽ നാലാമത്. ഏഷ്യൻ പാരാ ഗെയിംസിൽ 111 മെഡൽ നേടി ഇന്ത്യ നാലാം സ്ഥാനത്തെത്തി.
ഡബിൾ എയ്സ്
ആന്ധ്രാക്കാരനായ സാത്വിക് സായ്‌രാജും മുംബയ്ക്കാരൻ ചിരാഗ് ഷെട്ടിയും ലോക പുരുഷബാഡ്‌മിന്റൺ ഡബിൾസ് റാങ്കിംഗിൽ ഒന്നാം സ്ഥാനക്കാരായി ചരിത്രമെഴുതിയ വർഷം കൂടിയാണ്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ ജോഡിയാണ് ഇരുവരും.കൊറിയ,സ്വിസ്,ഇന്തോനേഷ്യൻ ഓപ്പണുകളിൽ ചാമ്പ്യൻമാരായ ഇരുവരും ഏഷ്യൻ ഗെയിംസിലും ഏഷ്യൻ ചാമ്പ്യൻഷിപ്പിലും സ്വർണവും നേടി.
നീരജതം
അത്ലറ്റിക്സിലെ ഇന്ത്യൻ ഇതിഹാസം നീരജ് ചോപ്ര ജാവലിനുമായി വീണ്ടും രാജ്യത്തെ ലോകത്തിന്റെ നെറുകയിൽ എത്തിച്ചു. ആഗസ്റ്റിൽ ലോകചാമ്പ്യൻ ഷിപ്പിൽ സ്വർണം നേടിയ നീരജ് ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരനായി. ഏഷ്യൻ ഗെയിംസിലും സ്വർണം നേടിയ നീരജ് പുരുഷ ജാവലിൻ ത്രോയുടെ ലോക റാങ്കിംഗിലും ഒന്നാം സ്ഥാനക്കാരനായി.
കൊഹ്‌ലീന്ദ്ര ജാലം
ഏകദിനത്തിൽ 50 സെഞ്ച്വറികൾ എന്ന മാജിക്കൽ നേട്ടത്തിലെത്തിയ വിരാട് കൊഹ്‌ലി നേട്ടങ്ങളിൽ നേട്ടങ്ങളിലേക്കുള്ല യാത്രയിലായിരുന്നു 2023ലും. സച്ചിന്റെ 49 സെഞ്ച്വറികളുടെ റെക്കാഡാണ് കൊഹ്‌ലി മറികടന്നത്. 7 കലണ്ടർ വർഷം 2000 റൺസ് നേടുന്ന ആദ്യ താരമെന്ന റെക്കാഡും ഈവർഷത്തെ മികച്ച ബാറ്റിംഗിലൂടെ കൊഹ്‌ലി സ്വന്തമാക്കി.
ഗോദയ്ക്ക് പുറത്തെ ഗുസ്തി
ഇന്ത്യയെയാകെ പിടിച്ചു കുലുക്കിയ സംഭവമായിരുന്നു ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റായിരുന്ന ബ്രിജ്ഭൂഷൺ ശരൺ സിംഗിനെതിരായ ലൈഗീകാതിക്രമ പരാതിയെത്തുടർന്ന് ബജ്രംഗ് പൂനിയ, സാക്ഷി മാലിക്, വിനേഷ് ഫോഗട്ട് എന്നീ താരങ്ങളുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ സമരം. പ്രായപൂർത്തിയാകാത്ത താരമുൾപ്പെടെ 7 പേർ ബ്രിജ്ഭൂഷണെതിരെ പൊലീസി ൽ പരാതി നൽകിയെങ്കിലും എഫ്.ഐ.ആർ പോലും രജിസ്റ്റർ ചെയ്തില്ല. കേന്ദ്രകായിക മന്ത്രി അനുരാഗ് താക്കൂർ ബ്രിജ്ഭൂഷണെതിരെ നടപടിയെടുക്കുമെന്ന് ഉറപ്പ് നൽകിയതോടെ താരങ്ങൾ സമരം അവസാനിപ്പിച്ചെങ്കിലും ഒന്നുമുണ്ടായില്ല. മൂന്ന് മാസത്തിന് ശേഷം ഏപ്രിലിൽ വീണ്ടും ജന്തർമന്ദറിൽ താരങ്ങൾ രാപ്പകൽ സമരംആരംഭിച്ചു.യഥാസമയം തിരഞ്ഞെടുപ്പ് നടക്കാതിരുന്നതിനാൽ റെസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ അംഗത്വം യുണൈറ്റഡ് വേൾഡ് റസ്ലിംഗ് അസോസിയേഷൻ സസ്പെൻഡ് ചെയ്തു. ഡിസംബറിൽ നടന്ന തിരഞ്ഞെടുപ്പിൽ ബ്രിജ്ഭൂഷൺന്റെ അനുയായിയും ബിസിനസ് പങ്കാളിയുമായ സഞ്ജയ് സിംഗ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നാലെ സാക്ഷി മാലിക് ഗുസ്തി കരിയർ അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചു. ബജ്രംഗ് പൂനിയയും വിജേന്ദറും പത്മശ്രീ പുരസ്കാരം തിരികെ നൽകി.
പിന്നാലെ പുതിയ ഭരണ സമിതിയെ കേന്ദ്ര സർക്കാർപിരിച്ച് വിട്ട് താത്കാലിക കമ്മിറ്റി രൂപീകരിച്ചു. ഇന്നലെ മറ്റൊരു താരം വിനേഷ് ഫോഗട്ടും അർജുന, ഖേൽ രത്ന പുരസ്കാരങ്ങൾ വഴിയിൽ ഉപേക്ഷിച്ചതോടെ കൂടുതൽ ചർച്ചകൾക്ക് വഴിതെളിച്ചിരിക്കുകയാണ്.