
ചെന്നൈ:തമിഴ്നാട്ടിൽ ബില്ലുകളെ ചൊല്ലിയുള്ള പോര് തുടരുന്നതിനിടെ ഗവർണർ ആർ.എൻ. രവിയെ സന്ദർശിച്ച് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. രാഷ്ട്രപതിയുടെ അനുമതിക്കായുള്ള ബില്ലുകളെ കുറിച്ച് ഇരുവരും ചർച്ച ചെയ്‌തെന്നും10ൽ ഒമ്പത് ബില്ലുകളും രാഷ്ട്രപതിയുടെ അംഗീകാരത്തിന് അയയ്‌ക്കാൻ ഗവർണർ സമ്മതിച്ചെന്നും നിയമമന്ത്രി എസ്. രഘുപതി അറിയിച്ചു.
ഗവർണറും മുഖ്യമന്ത്രിയുമായുള്ള അഭിപ്രായ വ്യത്യാസം പരിഹരിക്കാൻ
സുപ്രീംകോടതി നിർദ്ദേശിച്ചത് പ്രകാരമായിരുന്നു കൂടിക്കാഴ്‌ച.
നിയമസഭ പാസാക്കിയ ബില്ലുകളിൽ ഗവർണറുടെ തീരുമാനം വൈകുന്ന പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയും ഗവർണറും കൂടിക്കാഴ്ച നടത്തമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് നിർദ്ദേശിച്ചിരുന്നത്.
ഇതിന്റെ പശ്ചാത്തലത്തിൽ ഗവർണർ ക്ഷണിച്ചിരുന്നെങ്കിലും പ്രളയദുരിതാശ്വാസ തിരക്ക് ചൂണ്ടിക്കാട്ടി കൂടിക്കാഴ്ച പിന്നീട് നടത്താമെന്ന് സ്റ്റാലിൻ അറിയിക്കുകയായിരുന്നു.
ഗവർണർക്കെതിരെ തമിഴ്‌നാടിന്റെ ഹർജി ജനുവരി മൂന്നിന് സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് കൂടിക്കാഴ്‌ച. ഗവർണറുടെ ഓഫീസിൽ കെട്ടിക്കിടക്കുന്ന ബില്ലുകളും ഫയലുകളും ഉത്തരവുകളും നിശ്ചിത സമയപരിധിക്കുള്ളിൽ തീർപ്പാക്കാൻ ഗവർണറോട് നിർദ്ദേശിക്കണമെന്നാണ് ഹർജിയിലെ ആവശ്യം. ഭരണഘടനാപരമായ ഉത്തരവുകൾ പാലിക്കുന്നതിൽ കാലതാമസവും നിഷ്‌ക്രിയത്വവും കാണിക്കുന്നത് നിയമവിരുദ്ധവും ഏകപക്ഷീയവും ഭരണഘടനാ വിരുദ്ധവും അധികാര ദുർവിനിയോഗവുമാണെന്ന് പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെടുന്നു.
പോര് അവാസാനിക്കുമോ?
ഈ കൂടിക്കാഴ്ചയോടെ ഗവർണർ മുഖ്യമന്ത്രി പോര് അവസാനിക്കാനിടയില്ലെന്നാണ് രാഷ്ട്രീയ രംഗത്തെ വിലയിരുത്തൽ.
അനധികൃത സ്വത്തു സമ്പാദനക്കേസിൽ കുറ്റക്കാരനെന്നു മദ്രാസ് ഹൈക്കോടതി കണ്ടെത്തിയ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.പൊൻമുടിയെ മന്ത്രിസഭയിൽനിന്നു പുറത്താക്കണമെന്ന് സ്റ്റാലിനോടു ഗവർണർ ആർ.എൻ.രവി ആവശ്യപ്പെട്ടിരുന്നു. അത് അംഗീകരിച്ചിട്ടില്ല.
ബില്ലുകളിൽ തീരുമാനമെടുക്കാതെ വൈകിപ്പിക്കുന്ന ഗവർണർക്കെതിരെ നേരത്തെ തമിഴ്നാട് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. വിഷയത്തിൽ സുപ്രീം കോടതി വിമർശിച്ചതിനു പിന്നാലെ, നിയമസഭ പാസാക്കിയ 10 ബില്ലുകൾ ഗവർണർ രാഷ്ട്രപതിക്ക് അയച്ചിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പുതിയ പോർമുഖം തുറക്കാനാണ് സാദ്ധ്യത.