camera

മരട്: നഗരസഭാ പരിധിയിൽ മാലിന്യം തള്ളുന്നവരെ കൈയോടെ പിടിക്കുവാൻ ചലിക്കുന്ന ക്യാമറ സ്ഥാപിക്കും. നെട്ടൂർ ഐ.എൻ.ടി .യു .സി ജംഗ്ഷനിൽ അണ്ടർ പാസിൽ ജനുവരി ഒന്നിന് വൈകിട്ട് 4.30 ന് കെ.ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയർമാൻ ആന്റണി ആശാംപറമ്പിൽ അദ്ധ്യക്ഷത വഹിക്കും.

ആവശ്യാനുസരണം പല സ്ഥലങ്ങളിലേക്ക് ക്യാമറ മാറ്റി സ്ഥാപിക്കാനാവും. നഗരസഭയിലും അതോടൊപ്പം ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഫോണിൽ ജി.പി.എസിന്റെ സഹായത്താൽ ക്യാമറ നിരീക്ഷിക്കാം. രാത്രികാലങ്ങളിൽ കക്കൂസ് മാലിന്യം ഉൾപ്പെടെയുള്ള മാലിന്യങ്ങൾ തള്ളുന്നവരെ കണ്ടെത്തി പിഴ അടപ്പിക്കുവാനും പകൽ സമയങ്ങളിൽ ക്യാമറ നഗരസഭയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നിടത്ത് ഘടിപ്പിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും സാധിക്കും.

500 മീറ്റർ അകലത്തിൽ വരെയുള്ള കാഴ്ചകൾ കൃത്യമായി പതിയും. ആധുനിക സജ്ജീകരണങ്ങളോടെയുള്ള ക്യാമറയ്ക്ക് ഒരെണ്ണത്തിന് 4 ലക്ഷം രൂപയാണ് വില. ജനുവരി ഒന്നു മുതൽ ചലിക്കുന്ന ക്യാമറകൾ നഗര സഭയിലെ വിവിധ ഭാഗങ്ങളിൽ മാറ്റി മാറ്റി സ്ഥാപിക്കുമെന്ന് നഗരസഭാ ചെയർമാൻ ആന്റണി ആശാംപറമ്പിൽ പറഞ്ഞു.