pic

കറാച്ചി: പാകിസ്ഥാൻ പൊതുതിരഞ്ഞെടുപ്പിൽ മിയാൻവാലി,​ ലാഹോർ മണ്ഡലങ്ങളിൽ നിന്ന് മത്സരിക്കാനുള്ള മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ നാമനിർദ്ദേശ പത്രികകൾ തിരഞ്ഞെടുപ്പ് കമ്മിഷൻ തള്ളി. ഫെബ്രുവരി 8നാണ് രാജ്യത്ത് തിരഞ്ഞെടുപ്പ്. വിദേശ സന്ദർശനങ്ങൾക്കിടെ ലഭിച്ച ഉപഹാരങ്ങൾ മറിച്ചുവിറ്റെന്ന അഴിമതിക്കേസിൽ അറസ്റ്റിലായതിന് പിന്നാലെ ഓഗസ്റ്റ് മുതൽ ഇമ്രാൻ ജയിലിലാണ്. പി.ടി.ഐ പാർട്ടി നേതാവായ ഇമ്രാന് മത്സരിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ വിലക്ക് ഏർപ്പെടുത്തിയിരുന്നെങ്കിലും അനുയായികൾ നാമനിർദ്ദേശ പത്രിക സമർപ്പിക്കുകയായിരുന്നു. യു.എസിലെ പാക് അംബാസഡർ അയച്ച രഹസ്യവിവരങ്ങൾ ചോർത്തിയെന്നും രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ചെന്നുമുള്ള കേസിൽ കഴിഞ്ഞാഴ്ച സുപ്രീംകോടതി ഇമ്രാന് ജാമ്യം അനുവദിച്ചിരുന്നു. മറ്റ് അഴിമതിക്കേസുകൾ നേരിടുന്നതിനാൽ 71കാരനായ ഇമ്രാൻ ജയിലിൽ തന്നെ തുടരുകയാണ്.