
ന്യൂഡൽഹി: ശ്രീരാമൻ ഹിന്ദുക്കളുടേത് മാത്രമല്ലെന്നും ലോകത്തുള്ള എല്ലാവരുടെയുമാണെന്നും നാഷണൽ കോൺഫറൻസ് അദ്ധ്യക്ഷൻ ഫാറൂഖ് അബ്ദുള്ള. സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും ഐക്യത്തിന്റെയും പരസ്പര സഹായത്തിന്റെയും സന്ദേശമാണ് ശ്രീരാമൻ നൽകിയത്. മത-ജാതി ഭേദമില്ലാതെ എല്ലാവരുടെയും ഉന്നമനത്തിനുള്ള സാർവത്രിക സന്ദേശമാണ് അദ്ദേഹം നൽകിയത്. രാമക്ഷേത്ര ഉദ്ഘാടനം ചെയ്യാനിരിക്കെ, രാജ്യത്ത് കുറഞ്ഞുവരുന്ന സാഹോദര്യം പുനരുജ്ജീവിപ്പിക്കുകയാണ് വേണ്ടതെന്നും ഫാറൂഖ് അബ്ദുള്ള പറഞ്ഞു.
അതേസമയം അയോദ്ധ്യയിലെ രാമക്ഷേത്രം സന്ദർശിക്കാൻ തനിക്ക് ആരുടെയും ക്ഷണം ആവശ്യമില്ലെന്നും തോന്നുമ്പോഴെല്ലാം അവിടെ പോകുമെന്നും ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ പറഞ്ഞു. ജനുവരി 22നുള്ള ചടങ്ങിന് ക്ഷണം ലഭിച്ചിട്ടില്ലെന്നും അറിയിച്ചു. രാമജന്മഭൂമി പ്രസ്ഥാനത്തിന് വേണ്ടി ശിവസേന നീണ്ട പോരാട്ടം നടത്തിയിട്ടുണ്ടെന്ന് ഉദ്ധവ് ചൂണ്ടിക്കാട്ടി. രാമക്ഷേത്രത്തിനും ഹിന്ദുത്വത്തിനും വേണ്ടി പ്രചാരണം നടത്തിയതിന് തന്റെ പിതാവും സേന സ്ഥാപകനുമായ ബാൽ താക്കറെയ്ക്ക് വോട്ടവകാശം പോലും നിഷേധിക്കപ്പെട്ടു. മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരിക്കെ അയോദ്ധ്യ സന്ദർശിച്ചിട്ടുണ്ടെന്നും പ്രതിഷ്ഠാ ചടങ്ങ് രാഷ്ട്രീയ വേദിയാക്കരുത്. ശ്രീരാമൻ ഒരു പാർട്ടിയുടെയും സ്വത്തല്ല. ജനകോടികളുടെ വിശ്വാസത്തിന്റെ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.