
അബുദാബി: ജോലി ആവശ്യങ്ങൾക്കും കുടുംബ ആവശ്യങ്ങൾക്കുമെല്ലാമായി അത്യാവശ്യമായി നാട്ടിൽപോകേണ്ടവരുമായ പ്രവാസികൾക്ക് പലപ്പോഴും ബുദ്ധിമുട്ടുണ്ടാകുന്ന കാര്യമാണ് സീസൺ സമയത്തെ വലിയ വിമാനനിരക്ക്. എന്നാലിപ്പോൾ ജനുവരി അവസാനം മുതൽ മാർച്ച് പകുതിവരെ കുറഞ്ഞ നിരക്കിൽ യുഎഇയിലേക്കും തിരിച്ചും യാത്ര ചെയ്യാൻ സാഹചര്യമൊരുങ്ങുകയാണ്. ഫെബ്രുവരി മാസത്തിലും മാർച്ച് മാസത്തിൽ നല്ലൊരു ഭാഗംവരെയും കുറഞ്ഞ യാത്രാനിരക്കിൽ ഇന്ത്യയിലേക്ക് യാത്ര ചെയ്യാനാകുമെന്ന് രാജ്യത്തെ പ്രമുഖ ട്രാവൽ കമ്പനികളും വ്യക്തമാക്കുന്നു.
വരുംവർഷത്തിൽ മാർച്ച് പകുതി മുതൽ ഏപ്രിൽ മാസങ്ങളിൽ യുഎഇയിൽ നിന്നും തിരിച്ചും വലിയ വിമാനനിരക്കാകും ഉണ്ടാകുക. റംസാൻ മാസമായതിനാലാണിത്. ഏപ്രിൽ രണ്ടാം വാരത്തിൽ ഈദ് ഉൽ ഫിത്തർ വരെ ഇത് തുടരും. ഇന്ത്യയിലെവിടെ നിന്നും ഈ സമയം യുഎഇയിലെത്താൻ ഈ അധികചാർജ് നൽകണം.തൊഴിൽ, ബിസിനസ്, വിനോദസഞ്ചാരം ഇവയിൽ ഏതിനായാലും. നിലവിൽ വർഷാവസാന സമയത്ത് അടുത്തകാലത്തുണ്ടായതിൽ ഏറ്റവും വലിയ ടിക്കറ്റ് നിരക്കാണ് യുഎഇയിലേക്കുളളത്. ഡിസംബർ മൂന്നാം വാരം മുതൽ ജനുവരി രണ്ടാംവരെയാണ് ഗൾഫിൽ മിക്ക സ്‌കൂളുകൾക്കും അവധി ഇതും വൻവിലവർദ്ധനക്ക് കാരണമാണ്.
മുംബയ്-ദുബായ് ഇക്കണോമി റിട്ടേൺ നിരക്ക് 1143 ദിർഹത്തിൽ നിന്ന് 931 ദിർഹമാക്കി കുറച്ചു. ഡൽഹിയിലേക്കും സമാനമായ നിരക്കാണ്. എന്നാൽ ദക്ഷിണേന്ത്യൻ നഗരങ്ങളിലേക്ക് 1000 ദിർഹത്തിന് മുകളിലാണ് നിരക്ക്. കൊച്ചിയിലേക്ക് 1355 ദിർഹം മുതൽ 1422 ദിർഹം വരെയാണ് നിരക്ക്. ബംഗളൂരുവിലേക്ക് 1106 മുതൽ 1136 വരെ. ജനുവരി മാസത്തിൽ ചെന്നൈയിലേക്ക് 931 ദിർഹമാകും ഫെബ്രുവരിയിൽ ഇത് 854 ദിർഹമായി കുറയും.2023 ജനുവരി മുതൽ ഒക്‌ടോബർ വരെ യുഎഇയിലെത്തിയത് 13.9 മില്യൺ യാത്രക്കാരാണ്. ഇക്കൂട്ടത്തിൽ രണ്ട് മില്യണുള്ള ഇന്ത്യയാണ് മുന്നിൽ.