agriculture

കോട്ടയം: കുറുക്കൻ, കുരങ്ങ്, മയിൽ, മരപ്പട്ടി എന്നിവയ്ക്ക് പിന്നാലെ കർഷകരുടെ ഉറക്കം കെടുത്തുകയാണ് കാട്ടുകോഴിയും കാട്ടുപന്നിയും. ഏതാനും വർഷങ്ങളായി അപ്രത്യക്ഷമായിരുന്ന കാട്ടുകോഴികൾ അടുത്തിടെയാണ് വീണ്ടും കണ്ടു തുടങ്ങിയതെന്ന് കർഷകർ പറയുന്നു. മനുഷ്യരെ കണ്ടാൽ വളരെ വേഗം അപ്രത്യക്ഷമാകുന്ന കാട്ടുകോഴികൾ കൃഷിയിടങ്ങളിലുണ്ടാക്കുന്ന നഷ്ടം ചില്ലറയല്ല.

ജില്ലയുടെ കിഴക്കൻ മലയോര മേഖലകളിലും കാട്ടുകോഴി ശല്യം രൂക്ഷമാണ്. ശല്യം രൂക്ഷമായതോടെ കപ്പ, പച്ചക്കറി എന്നിവ കൃഷി ചെയ്യുന്നവരാണ് ഏറെ ദുരിതത്തിലായത്. ശീതകാല കൃഷിയുടെ ഭാഗമായി നട്ട പച്ചക്കറികളുടെ ഇലകൾ ഇവ വ്യാപകമായി തിന്നൊടുക്കുകയാണ്. കപ്പയുടെ ചുവടു മാന്തി കിഴങ്ങ് ഭക്ഷിക്കുന്നതും കർഷരെ ബുദ്ധിമുട്ടിലാക്കുന്നു. പാമ്പാടി, നെടുങ്ങോട്ടുമല, എരുമേലി എന്നിവിടങ്ങളിൽ കാട്ടുകോഴികൾ നാശം വിതയ്ക്കാൻ തുടങ്ങിയിട്ടും നാളുകളായി. കൂട്ടമായെത്തി കാർഷിക വിളകളെല്ലാം ഇവ നശിപ്പിക്കും.

കാട്ടുപന്നിയുടെ ആക്രമണത്തിൽ കങ്ങഴയിലെ കർഷകന്റെ 50 മൂട് ഏത്തവാഴയും 60 മൂട് കപ്പയും നശിച്ചു. കുളമക്കാട് വലിയവീട്ടിൽ അനി വി.തോമസിന്റെ കൃഷിയാണ് കാട്ടുപന്നികൾ നശിപ്പിച്ചത്. രണ്ടുമാസം പ്രായമായതാണ് വാഴയും കപ്പയും. പലപ്പോഴായി കാട്ടുപന്നികളുടെ ആക്രമണം ഉണ്ടായെങ്കിലും ആദ്യമായാണ് പൂർണമായി നശിപ്പിച്ചതെന്ന് പറയുന്നു. പ്രവാസിയായിരുന്ന അനി രണ്ടുവർഷമായി കൃഷി ചെയ്യുകയാണ്. പണിക്ക് ആളെ നിർത്തിയും രാപ്പകൽ കഷ്ടപ്പെട്ടിട്ടുമാണ് കൃഷിയിറക്കിയത്.

പ്രദേശത്ത് കാട്ടുപന്നിശല്യം രൂക്ഷമായതോടെ പലരും ഇപ്പോൾ കൃഷി ചെയ്യാതെയായി. നെടുംകുന്നം, കങ്ങഴ പഞ്ചായത്തുകളിലാണ് കാട്ടുപന്നിശല്യം രൂക്ഷം. സ്ഥലം ഉണ്ടെങ്കിലും പലർക്കും ഇപ്പോൾ കൃഷിയിറക്കാൻ ഭയമാണ്. രാത്രികാലങ്ങളിൽ കാട്ടുപന്നികൾ കൂട്ടമായെത്തി കൃഷി നശിപ്പിക്കുകയാണ് പതിവ്. റബർതൈകൾ, കപ്പ, വാഴ തുടങ്ങി യാതൊരു വിളകളും നട്ടുവളർത്താൻ കഴിയാത്ത സാഹചര്യമാണെന്ന് കർഷകർ പറയുന്നു.