hair

അന്തരീക്ഷ മലിനീകരണം, കടുത്ത സ്‌ട്രെസ്, ഭക്ഷണം, കുത്തഴിഞ്ഞ ജീവിതശൈലി ഇങ്ങനെ പലകാരണങ്ങൾ കൊണ്ട് മദ്ധ്യവയസെത്തും മുൻപ് തന്നെ പലരിലും അകാലനര പ്രത്യക്ഷപ്പെടാറുണ്ട്. അകാലനര ഒരു സൗന്ദര്യപ്രശ്‌നം എന്നതിലുപരി പല‌ർക്കും ആത്മവിശ്വാസം കെടുത്തുന്ന ഒന്നുകൂടിയാണ്. ഇതിനെ നാച്ചുറലായി തന്നെ ഇല്ലാതാക്കാൻ വഴിയുണ്ട്. റോസ്മേരി എന്ന ഒരിനം അലങ്കാരച്ചെടി ഇതിന് പറ്റിയവയാണ്. പണ്ട് മെഡിറ്ററേനിയൻ കടൽ പ്രദേശത്തുള്ളവർ പ്രത്യേകിച്ച് റോമാക്കാർ അവരുടെ ആഹാരത്തിലും സൗന്ദര്യവർദ്ധന വസ്‌തുക്കളിലും ഉപയോഗിച്ചുവന്ന ഒരിനം ചെടിയാണിത്.

അകാലനരയെ റോസ്‌മേരി ചെടി അകറ്റും എന്ന് മാത്രമല്ല ശരിയായ ഉപയോഗം തലമുടിയെ ആഴത്തിൽ കറുപ്പിക്കുകയും ചെയ്യും എന്നതിനാൽ കട്ടിയേറിയ മുടിയും ലഭിക്കും. റോസ്‌മേരി ചെടിയിലെ എണ്ണ തലയോട്ടിയിൽ പുരട്ടുന്നത് ഉത്തമമാണ്. എന്നാൽ നേരിട്ട് പുരട്ടരുത് നമ്മുടെ നാട്ടിൽ സുലഭമായ വെളിച്ചെണ്ണ ചേർത്ത് തലയോട്ടിയിൽ പുരട്ടുക. ശേഷം മൃദുവായി തേച്ചുപിടിപ്പിക്കുക. ഇനി വീര്യംകുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് അൽപം കഴിഞ്ഞ് കഴുകിക്കളയാം.

തലമുടി മൃദുവും തിളക്കവുമുള്ളതാക്കാൻ ഹെയർമാസ്‌ക് തയ്യാറാക്കാനും റോസ്മേരി ഓയിൽ ഉപയോഗിക്കാം. ഒരു ടേബിൾ‌സ്‌പൂൺ ബേക്കിംഗ് സോഡ,ഒരുകപ്പ് വെള്ളം, അഞ്ച് മുതൽ പത്ത് തുള്ളിവരെ റോസ്‌മേരി ഓയിൽ ചേ‌‌ർത്ത് ഹെയർമാസ്‌ക് തയ്യാറാക്കി പുരട്ടുക. 20 മിനിട്ടിന് ശേഷം വീര്യംകുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാം. ഒരുകാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടത് റോസ്‌മേരി ഓയിൽ എപ്പോഴും ചെറിയ അളവിലേ ഉപയോഗിക്കാവൂ. കഴിവതും മറ്റുളളവയ്‌ക്ക് ഒപ്പം ഉപയോഗിക്കുമ്പോഴാണ് നല്ല ഫലം ലഭിക്കുക.