pic

ടെൽ അവീവ്: വടക്കൻ ഗാസയിലും മദ്ധ്യ ഗാസയിലും ഇസ്രയേൽ ഇടവേളയില്ലാതെ ആക്രമണം തുടരുന്നതിനിടെ അഭയാർത്ഥികളാൽ തിങ്ങിനിറഞ്ഞ് തെക്കൻ ഗാസയിലെ റാഫ നഗരം. ഗാസയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് പലായനം ചെയ്ത പതിനായിരങ്ങളാണ് റാഫയിലെ അഭയാർത്ഥി ക്യാമ്പുകളിൽ മതിയായ ഭക്ഷണമോ വെള്ളമോ ഇല്ലാതെ തിങ്ങിപ്പാർക്കുന്നത്.

ഇക്കഴിഞ്ഞ ദിവസങ്ങളിൽ മാത്രം 1,00,000ത്തിലേറെ പേരാണ് റാഫയിലെത്തിയതെന്ന് യു.എൻ പറയുന്നു. ഇതിനിടെ പലതരം പകർച്ചവ്യാധികൾ പടരുന്നതിൽ ലോകാരോഗ്യ സംഘടന ആശങ്കയറിയിച്ചു. ഏകദേശം 4.24 ലക്ഷം ജനങ്ങൾ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നു.

അതേ സമയം, മദ്ധ്യഗാസയിലെ ജനസാന്ദ്രതയേറിയ അഭയാർത്ഥി ക്യാമ്പുകൾക്ക് നേരെയുള്ള ബോംബാക്രമണം ഇസ്രയേൽ ശക്തമാക്കി. 24 മണിക്കൂറിനിടെ 200ഓളം പേർ കൊല്ലപ്പെട്ടതോടെ ഗാസയിൽ മരണ സംഖ്യ 21,600 കടന്നു.

അതിനിടെ, ഹമാസ് തലവൻ യഹ്യാ സിൻവാറിന്റെ ഗാസ സിറ്റിയിലുള്ള അപ്പാർട്ട്മെന്റ് ഇസ്രയേൽ തകർത്തു. ഒക്ടോബർ 7ന് ഇസ്രയേലിലുണ്ടായ ഭീകരാക്രമണത്തിന്റെ ബുദ്ധികേന്ദ്രമായ സിൻവാർ നിലവിൽ ഒളിവിലാണ്.

ഇസ്രയേലിന് 147.5 മില്യൺ ഡോളറിന്റെ ഉയർന്ന സ്ഫോടക ശേഷിയുള്ള വെടിമരുന്നുകളും യുദ്ധോപകരണങ്ങളും വിൽക്കാൻ യു.എസിലെ ജോ ബൈഡൻ ഭരണകൂടം അംഗീകാരം നൽകി. യു.എസിന്റെ പൂർണ സ്പോൺസർഷിപ്പിലാണ് ഇസ്രയേൽ ആക്രമണം നടത്തുന്നതെന്ന് നീക്കത്തെ അപലപിച്ച് ഹമാസ് പ്രതികരിച്ചു.