crime

ഗിരിദിഹ്(ജാർഖണ്ഡ്): ഫോൺചെയ്യുന്നതിനിടെ കരഞ്ഞ കുഞ്ഞിനെ മാതാവ് കഴുത്ത് ഞെരിച്ച് കൊന്നു. ജാർഖണ്ഡിലെ ഗിരിദിഹ് ജില്ലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. മാതാവ് അഫ്‌സാന ഖാത്തൂണിനെ പൊലീസ് അറസ്റ്റുചെയ്തു. രണ്ട് കുട്ടികളുടെ അമ്മയാണ് ഇവർ. അഫ്‌സാനയുടെ ഭർതൃപിതാവിന്റെ പരാതിയെത്തുടർന്നാണ് സംഭവം പുറത്തറിയുന്നത്.

ഭർത്താവ് നിസാമുദ്ദീനുമായി വഴക്കുണ്ടാക്കിയ അഫ്‌സാന രണ്ടുവയസുള്ള ഇളയ കുട്ടിയുമായി മുറിയിൽ കയറി വാതിലടച്ചു.തുടർന്ന് ഫാേണിൽ മറ്റാരോടോ സംസാരിക്കുന്നതിനിടെ കുഞ്ഞ് നിറുത്താതെ കരഞ്ഞു. ഇതാേടെ പ്രകോപിതയായി കുഞ്ഞിന്റെ കഴുത്തുഞെരിക്കുകയായിരുന്നു. ബോധം നഷ്ടപ്പെട്ട കുഞ്ഞ് അല്പസമയത്തിനകം മരിക്കുകയും ചെയ്തു.

എന്നാൽ മകന്‍ മരിച്ച വിവരം യുവതി ആരോടും പറഞ്ഞില്ല. ഭർത്താവ് രാത്രി ഉറങ്ങാനായി മുറിയിലെത്തിയപ്പോഴാണ് കുഞ്ഞിനെ അബോധാവസ്ഥയിൽ കണ്ടത്. എന്താണ് സംഭവിച്ചതെന്ന് ചോദിച്ചെങ്കിലും ആദ്യമൊന്നും അഫ്‌സാന പറയാൻ കൂട്ടാക്കിയില്ലെന്നും ഭർതൃവീട്ടുകാർ പറയുന്നു. കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.

എന്നാൽ കുഞ്ഞിനെ താൻ കൊന്നിട്ടില്ലെന്നാണ് യുവതി പറയുന്നത്. കരഞ്ഞ കുഞ്ഞിനെ കട്ടിലിൽ നിന്ന് തള്ളിയപ്പോൾ നിലത്ത് വീണിരുന്നുവെന്ന് യുവതി പൊലീസിനോട് വിശദമാക്കിയിട്ടുണ്ട്.അപ്പോഴൊന്നും കുഞ്ഞിന് ഒരു കുഴപ്പവും ഇല്ലായിരുന്നുവെന്നും അവർ പറയുന്നു. സംഭവത്തെക്കുറിച്ച് ഇപ്പോൾ ഒന്നും പറയാനാവില്ലെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നശേഷമേ വ്യക്തത വരൂ എന്നുമാണ് പൊലീസ് പറയുന്നത്. നിസാമുദ്ദീനും അഫ്സാനയും ആറുവർഷം മുമ്പാണ് വിവാഹിതരായത്. ദമ്പതികൾക്ക് നാലുവയസുള്ള മറ്റൊരു മകൻകൂടിയുണ്ട്.