
ഇടുക്കി: ആദിവാസിയുടെ കൃഷി വെട്ടി നശിപ്പിച്ചതായി പരാതി. ഇടുക്കി അയ്യപ്പൻകോവിൽ ചെന്നിനായ്‌ക്കൻ കുടിയിലാണ് സംഭവം. ചെന്നിനായ്‌ക്കൻ കുടി കിണറ്റുകര കെ ആർ കുഞ്ഞുരാമന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥലം. കൃഷിഭൂമി പാട്ടത്തിനെടുത്ത ഇടപ്പൂക്കുളം സ്വദേശി ആർ ലാലുവാണ് ഒന്നരയേക്കർ ഭൂമിയിലെ വിളകൾ മുഴുവൻ വെട്ടിയും കീടനാശിനി തളിച്ചും നശിപ്പിച്ചത്.
2009ലാണ് 12 വർഷത്തെ ഉടമ്പടിയിൽ ലാലുവിന് കുഞ്ഞുരാമൻ ഭൂമി പാട്ടത്തിന് നൽകിയത്. എന്നാൽ ഉടമ്പടിയിൽ 22 വർഷമെന്ന് ലാലു തെറ്റായി എഴുതിച്ചു. ഇക്കാര്യം മറച്ചുവയ്‌ക്കുകയും ചെയ്‌തുവെന്നാണ് കുഞ്ഞുരാമൻ പറയുന്നത്. 12 വർഷം കഴിഞ്ഞിട്ടും ഭൂമി വിട്ടുനൽകാൻ ലാലു തയ്യാറായില്ല. ഇയാൾ കോടതിയെ സമീപിച്ച് അനുകൂല ഉത്തരവും കൈക്കലാക്കി. ഇതിനെതിരെ കുഞ്ഞുരാമൻ മേൽക്കോടതിയെയും കളക്‌ടറെയും സമീപിച്ചു. രേഖകൾ പരിശോധിച്ച ശേഷം ഈ മാസം 21ന് മുമ്പായി സ്ഥലം വിട്ടു നൽകണമെന്ന് ലാലുവിനോട് കളക്ടർ നിർദ്ദേശിച്ചു. എന്നാൽ 25 വരെ വിളവെടുത്ത ശേഷം ഏലം, കുരുമുളക് തുടങ്ങിയ കൃഷി ലാലു ചുവടെ വെട്ടി നശിപ്പിച്ചുവെന്നാണ് കുഞ്ഞുരാമന്‍റെ പരാതി.
ലക്ഷങ്ങളുടെ നഷ്ടമാണ് കുഞ്ഞുരാമന് ഉണ്ടായത്. കൃഷി ഉൾപ്പെടെയാണ് ലാലുവിന് പാട്ടത്തിന് നൽകിയത്. ഇനി വർഷങ്ങൾ കഷ്ടപ്പെട്ടാലേ പുതിയതായി കൃഷി ചെയ്ത് ആദായമുണ്ടാക്കാൻ കഴിയൂ. അയ്യപ്പൻ കോവിൽ പഞ്ചായത്തിലെ ഊരുമൂപ്പന്മാരുടെ നേതൃത്വത്തിൽ ലാലുവിനെതിരെ പീരുമേട് ഡിവൈഎസ്പിക്ക് കുഞ്ഞുരാമൻ പരാതി നൽകിയിട്ടുണ്ട്.