
ബംഗളൂരു: സർക്കാർ ഭൂമിയിൽ നിന്ന് കോടികൾ വിലമതിക്കുന്ന മരങ്ങൾ വെട്ടിമാറ്റിയ കേസിൽ ബിജെപി എംപിയുടെ സഹോദരൻ അറസ്റ്റിൽ. പാർലമെന്റ് സുരക്ഷാ വീഴ്ച കേസിൽ പ്രതികൾക്ക് അകത്ത് കടക്കാനുള്ള പാസ് നൽകിയ വിവാദനായകനായ എം പി പ്രതാപ് സിംഹയുടെ സഹോദരൻ വിക്രം സിംഹയാണ് അറസ്റ്റിലായത്.
കർണാടകയിലെ ഹസൻ ജില്ലയിലെ കോടികൾ വിലമതിക്കുന്ന 126 മരങ്ങളാണ് മുറിച്ച് കടത്തിയത്. തഹസിൽദാർ സ്ഥലത്ത് സന്ദർശനം നടത്തിയതിന് ശേഷമാണ് മരം മുറിച്ച് കടത്തിയ കാര്യം ശ്രദ്ധയിൽപ്പെട്ടത്. ഉടൻ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. 12 ഏക്കർ ഭൂമിയിൽ നിന്ന് 50 മുതൽ 60 വർഷം വരെ പഴക്കമുള്ള 126 വൻമരങ്ങളാണ് വെട്ടിമാറ്റിയത്. വനംവകുപ്പ് അന്വേഷണം നടത്തിയെങ്കിലും വിക്രം ബംഗളൂരുവിലേയ്‌ക്ക് കടന്നു. തുടർന്ന് പൊലീസിന്റെ സഹായത്തോടെയാണ് ഇയാളെ വനം വകുപ്പ് അറസ്റ്റ് ചെയ്തത്. കേസിൽ തുടർനടപടികൾക്കായി വിക്രമിനെ ഇനി ഹസനിലേക്ക് കൊണ്ടുപോകും.
പാർലമെന്റിലെ സുരക്ഷാ വീഴ്ചയ്‌ക്ക് പിന്നാലെ 146 എം പിമാരെ സസ്‌പെൻഡ് ചെയ്തെങ്കിലും പ്രതികൾക്ക് പാസ് നൽകിയ പ്രതാപ് സിംഹയ്‌ക്കെതിരെ നടപടിയെടുത്തിരുന്നില്ല. ഇതിന്റെ പേരിൽ വലിയ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ താൻ രാജ്യസ്നേഹിയാണോ രാജ്യദ്രോഹിയാണോ എന്ന് ജനങ്ങൾ തീരുമാനിക്കുമെന്നാണ് പ്രതാപ് സിംഹ ഇക്കാര്യത്തിൽ പ്രതികരിച്ചത്. ഇതിനിടെയാണ് അദ്ദേഹത്തിന്റെ സഹോദരൻ മരം മുറിച്ച് കടത്തിയ കേസിൽ പിടിയിലായത്.