burj-khalifa

അബുദാബി: യുഎഇ എല്ലാക്കൊല്ലവും പുതുവർഷത്തെ വരവേൽക്കുന്നത് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയിലെ വർണകാഴ്‌ചകളോടൊപ്പമാണ്. വർണാഭമായ വെടിക്കെട്ടുകളും പൂത്തിരികളും മറ്റുമായാണ് പ്രവാസികളടക്കമുള്ളവർ പുതുവർഷത്തിലേയ്ക്ക് കടക്കുന്നത്.

ഇക്കൊല്ലം എക്കാലത്തെയുംകാൾ മികച്ച വലിയ, വർണാഭമായ ഫയർവർക്കാണ് ബുർജ് ഖലീഫയിൽ ഒരുക്കിയിരിക്കുന്നതെന്ന് ദുബായ് മീഡിയ ഓഫീസ് കഴിഞ്ഞദിവസം അറിയിച്ചിരുന്നു. പത്ത് മാസത്തെ തയ്യാറെടുപ്പിന് ശേഷമാണ് പുതുവർഷ രാവിൽ വെടിക്കെട്ട് നടക്കാൻ പോകുന്നത്. തയ്യാറെടുപ്പുകളുടെ ദൃശ്യങ്ങൾ മീഡിയോ ഓഫീസ് പുറത്തുവിട്ടിരുന്നു.

Highlights from @emaardubai's preparations for the New Year's celebrations in 2024.#MyDubaiNewYear pic.twitter.com/MZ2retZiEi

— Dubai Media Office (@DXBMediaOffice) December 30, 2023

ഇപ്പോഴിതാ ഈ അത്യപൂർവ കാഴ്‌‌ചകൾ സൗജന്യമായി കാണാൻ അവസരമൊരുക്കുകയാണ് ദുബായ് സർക്കാർ. പുതുവർഷരാവിൽ ബുർജ് ഖലീഫയിലേയ്ക്ക് പോകുന്നവർക്കും വരുന്നവർക്കും സൗജന്യ ബസ് യാത്ര പ്രഖ്യാപിച്ചിരിക്കുകയാണ് റോഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി. ബുർജ് ഖലീഫയിൽ ആഘോഷങ്ങൾ നടക്കുന്ന പ്രദേശത്തേയ്ക്ക് മെട്രോ സ്റ്റേഷനുകളിൽ നിന്നും ടാക്‌സി സ്റ്റോപ്പുകളിൽ നിന്നും സൗജന്യമായി യാത്ര ചെയ്യാം. ഏറ്റവും പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഫയർ, വാട്ടർ ഡിസ്‌പ്ളേയാണ് ബുർജ് ഖലീഫയിൽ ഒരുക്കിയിരിക്കുന്നത്.

അതേസമയം, ബുർജ് ഖലീഫയിൽ ആഘോഷങ്ങൾ നടക്കുന്ന പ്രദേശത്തേയ്ക്കുള്ള പ്രധാന റോഡുകൾ ഇന്ന് വൈകിട്ട് നാലുമണി മുതൽ അടച്ച് തുടങ്ങും. ഫയർ വർക്കുകൾ ഏറ്റവും അടുത്തുനിന്ന് കാണാൻ സാധിക്കുന്നതിനുള്ള ടിക്കറ്റുകൾ വിറ്റുകഴിഞ്ഞതായി അധികൃതർ അറിയിച്ചു.