party

പനാജി: ഗോവയിലെ സൺബേൺ പാർട്ടിയിൽ ഭഗവാൻ ശിവനെ അവഹേളിച്ച് മതവികാരം വ്രണപ്പെടുത്തിയെന്ന് അരോപണവുമായി കോൺഗ്രസും ആം ആദ്മി പാർട്ടിയും രംഗത്ത്. ഫെസ്​റ്റിവൽ സംഘാടകർക്കെതിരെ കേസ് എടുക്കണമെന്നാണ് ഇരുപാർട്ടിയുടെയും ആവശ്യം. പരിപാടിക്കിടെ ശിവന്റെ ചിത്രങ്ങൾ എൽഇഡി സ്ക്രീനിൽ പ്രദർശിപ്പിച്ചത് മതവികാരത്തെ വ്രണപ്പെടുത്തിയെന്നാണ് ആരോപണം.

സംഭവത്തിൽ കോൺഗ്രസ് നേതാവ് വിജയ് ഭികെ വെളളിയാഴ്ച പൊലീസിൽ പരാതി നൽകി. മതവികാരം വ്രണപ്പെടുത്തുകയായിരുന്നു സംഘാടകരുടെ ലക്ഷ്യമെന്ന് ഭികെ പ്രതികരിച്ചു. ആളുകൾ മദ്യപിക്കുകയും നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നിടത്താണ് ഭഗവാന്റെ ചിത്രം പ്രദർശിപ്പിച്ചതെന്നും ഭികെ കൂട്ടിച്ചേ‌ർത്തു.

സനാതന ധർമ്മത്തെ വ്രണപ്പെടുത്തിയതിന് സംഘാടകർക്കെതിരെ ഗോവാ സർക്കാർ കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി ആം ആദ്മി നേതാവ് അമിത് പലേക്കറും രംഗത്തെത്തി. ശിവന്റെ ചിത്രം പ്രദർശിപ്പിച്ചത് സനാതന ധർമത്തെ അപമാനിക്കുന്നതിന് തുല്യമാണെന്ന് പലേക്കർ ട്വിറ്ററിൽ കുറിച്ചു.

People drinking alcohol and dancing to loud music and my lord Shiva’s pics used in derogatory manner flashing on screen at EDM Festival hurts my Sanatan Dharma @DrPramodPSawant and you should immediately register FIR against @SunburnFestival for using my god for festival which… pic.twitter.com/KLOieJVtVy

— Amit Palekar (@AmitPalekar10) December 29, 2023

പുതുവൽസരത്തിനോടനുബന്ധിച്ച് സംസ്ഥാനത്ത് സംഘടിപ്പിച്ച സൺബേൺ പാർട്ടി ഡിസംബർ 28 ന് ഗോവയിലെ വഗേറ്ററിലാണ് ആരംഭിച്ചത്. ഇതിനിടയിലാണ് ശിവന്റെ ചിത്രങ്ങൾ സ്ക്രീനിൽ പ്രദർശിപ്പിച്ചത്. കഴിഞ്ഞ ദിവസമാണ് പാർട്ടി അവസാനിച്ചത്. സംഭവത്തിൽ വിശദമായ പരിശോധന നടത്തുമെന്നും പൊലീസ് അറിയിച്ചു.