
കൊല്ലം: അയൽവാസിയുടെ പശുവിനെ കടത്തിക്കൊണ്ട് പോയി ഇറച്ചിയാക്കിയ കേസിൽ യുവാവ് പിടിയിൽ. കൊല്ലം പരവൂരിലാണ് സംഭവം. ചിറക്കര സ്വദേശി ജയകൃഷ്ണനാണ് അറസ്റ്റിലായത്. ചിറക്കര സ്വദേശി ജയപ്രസാദിന്റെ പശുവിനെയാണ് കൊന്നത്.
പശുവിനെ കാണാതായതോടെ തൊഴുത്തിൽ നിന്ന് കെട്ടഴിഞ്ഞ് പോയതാകാം എന്നാണ് ഉടമസ്ഥൻ കരുതിയിരുന്നത്. സമീപ പ്രദേശങ്ങളിലെല്ലാം അന്വേഷിച്ചെങ്കിലും പശുവിനെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പിന്നീടാണ് പ്രതി ജയകൃഷ്ണനാണെന്ന് മനസിലായത്. ഇയാൾ പശുവിനെ വീട്ടിലെത്തിച്ച ശേഷം ചുറ്റിക കൊണ്ട് തലയ്‌ക്കടിച്ച് കൊല്ലുകയായിരുന്നു. പിന്നീട് മൂർച്ചയുള്ള കത്തി ഉപയോഗിച്ച് മാംസം കുത്തിക്കീറിയെടുത്ത് കറിവച്ച് കഴിച്ചു. പശുവിനെ കടത്തിക്കൊണ്ടുവരാൻ പ്രതി മറ്റൊരാളുടെ സഹായം തേടിയെങ്കിലും അയാൾ തയാറായില്ല. ജയപ്രസാദിന്റെ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയുടെ വീടിന് പുറതുവശത്ത് നിന്നും പശുവിന്റെ ശരീര അവശിഷ്ടങ്ങൾ കണ്ടെത്തി. നിരവധി അടിപിടി കേസുകളിലും ലഹരി കേസുകളിലും പ്രതിയാണ് ജയകൃഷ്ണൻ.
ക്രിസ്‌മസ് ദിവസവും കൊല്ലത്ത് ഒരു പശു മോഷണം പോയിരുന്നു. കരുനാഗപ്പള്ളി സ്വദേശിയായ സുശീലയുടെ വീട്ടിൽ നിന്നാണ് പശുവിനെ കാണാതായത്. കരുനാഗപ്പള്ളി പൊലീസിന് ലഭിച്ച പരാതിയിൽ നടത്തിയ അന്വേഷണത്തിനൊടുവിൽ പശുവിനെ മോഷ്ടിച്ച കറവക്കാരൻ പിടിയിലായിരുന്നു. സുശീലയുടെ അയല്‍വാസിയും പശുവിന്‍റെ കറവക്കാരനും കൂടിയായ നൗഷാദ് ആണ് അറസ്റ്റിലായത്.