cars

കൊച്ചി: പ്രതിസന്ധികളുടെ കുത്തൊഴുക്കിലാണ് 2023 ൽ വാഹന വിപണി ആരംഭിച്ചത്. റഷ്യയും ഉക്രെയിനുമായുള്ള യുദ്ധവും ചൈനയിലെ കൊവിഡ് സാഹചര്യവും സെമികണ്ടക്ടർ ചിപ്പുകളുടെ ക്ഷാമം രൂക്ഷമാക്കി. ഒപ്പം അസംസ്കൃത സാധനങ്ങളുടെ വില വർദ്ധന മൂലം ഉത്പാദന ചെലവിലുണ്ടായ കനത്ത വർദ്ധനയും വാഹന നിർമ്മാതാക്കൾക്ക് കടുത്ത വെല്ലുവിളികളാണ് വർഷാദ്യം സൃഷ്ടിച്ചത്. രൂപയ്ക്കെതിരെ ഡോളറിന്റെ മൂല്യം അസാധാരണമായി ഉയർന്നതോടെ ഇറക്കുമതി ചെലവ് കൂടിയതും അതിസമ്മർദ്ദമാണ് വിപണിയിലുണ്ടാക്കിയത്. സാമ്പത്തിക മേഖലയിലെ അനിശ്ചിതത്വങ്ങൾ ശക്തമായതോടെ വാഹന വില്പനയിലും തുടക്കത്തിൽ കനത്ത തളർച്ച നേരിട്ടു. വാഹന നിർമ്മാതാക്കൾ എല്ലാ മോഡലുകളുടെയും വില കുത്തനെ ഉയർത്തിയതിനൊപ്പം വായ്പകളുടെ പലിശ നിരക്ക് ഗണ്യമായി കൂടിയതും ഉപഭോക്താക്കളുടെ വാങ്ങൽശേഷിയെ പ്രതികൂലമായി ബാധിച്ചു.

എന്നാൽ അധിക ഓഫറുകളും പുതിയ മോഡലുകളും പുറത്തിറക്കി വിപണി ശക്തമായി വളർച്ചയുടെ പാതയിലേക്ക് മടങ്ങിയെത്തുന്നതിനാണ് വർഷാന്ത്യം സാക്ഷ്യം വഹിച്ചത്. മാരുതി സുസുക്കി മുതൽ ഹോണ്ടയും മെഴ്സിഡസ് ബെൻസും അടക്കമുള്ള കമ്പനികളെല്ലാം വിവിധ മോഡലുകളുടെ വില കഴിഞ്ഞ വർഷം വർദ്ധിപ്പിച്ചിരുന്നു. എങ്കിലും കഴിഞ്ഞ ഉത്സവ കാലത്ത് രാജ്യത്തെ വാഹന വിപണി ചരിത്ര മുന്നേറ്റമാണ് കാഴ്ചവെച്ചത്.

ലക്ഷ്വറി കാറുകൾക്ക് റെക്കാഡ് വില്പന
നാൽപ്പത് ലക്ഷം രൂപയിലധികം വിലയുള്ള ലക്ഷ്വറി കാറുകളുടെ വില്പനയിൽ കഴിഞ്ഞ വർഷം അസാധാരമായ വളർച്ചയാണ് ദൃശ്യമായത്. ഇന്ത്യൻ സാമ്പത്തിക മേഖല എല്ലാ പ്രതികൂല സാഹചര്യങ്ങളെയും മറികടന്ന് ചരിത്ര മുന്നേറ്റം നടത്തുന്നതിന്റെ ചലനങ്ങൾ ആഡംബര കാറുകളുടെ വില്പനയ്ക്കും കരുത്ത് പകർന്നു. മെഴ്സിഡസ് ബെൻസ്, ബി.എം.ഡബ്ള‌്യു, വോൾവോ, ലക്സസ് തുടങ്ങിയ കമ്പനികളെല്ലാം റെക്കാഡ് വാഹനങ്ങളാണ് കഴിഞ്ഞ വർഷം ഇന്ത്യയിൽ വിറ്റഴിച്ചത്.

മെഴ്സിഡസ് ബെൻസിന്റെ പുതുക്കിയ ജി.എൽ.സി

മെഴ്സിഡസ് ബെൻസ് കഴിഞ്ഞ വർഷം പുതിയ ഫീച്ചറുകളുമായി പുറത്തിറക്കിയ ജി.എൽ.സി മോഡലിനാണ് ഏറ്റവും മികച്ച ഉപഭോക്തൃ പിന്തുണ ലഭിച്ചത്.

മുഖം മിനുക്കിയ ഓഡി ക്യു 8 ഇ- ട്രോൺ

ജർമ്മൻ കമ്പനിയായ ഓഡി ഇലക്ട്രിക് വാഹന നിരയിലേക്ക് അവതരിപ്പിച്ച ഓഡി ക്യു 8 ഇ- ട്രോണിന് മികച്ച അന്വേഷണമാണ് വിപണിയിൽ നിന്ന് ലഭിച്ചത്. എക്സ് ഷോറൂം വില 1.14 കോടി രൂപയാണ്. സ്പോർട്ട്സ് മോഡലിന് 1.31 കോടി രൂപയും വിലയുണ്ട്.

ബി.എം.ഡബ‌്ള്യു എക്സ് വൺ പുതിയ മോഡൽ

മുഖം മിനുക്കി ബി.എം.ഡബ്ളൃു പുറത്തിറക്കിയ എക്സ് വണിന്റെ പുതിയ മോഡൽ ലക്ഷ്വറി കാർ വിപണിയിലെ എൻട്രി ലെവൽ വാഹനമായാണ് വിലയിരുത്തുന്നത്. എക്സ് ഷോറൂം വില 46 ലക്ഷം രൂപയാണ്.

വോൾവോ സി40 റീചാർജ്

ഇലക്ട്രിക് വാഹനങ്ങളുടെ നിരയിലേക്ക് സി40 റീചാർജ് അവതരിപ്പിച്ച് വിപണിയിൽ മികച്ച തരംഗമാണ് വോൾവോ സൃഷ്ടിച്ചത്. സി 40 റീചാർജിന്റെ എക്സ് ഷോറൂം വില 61.25 ലക്ഷം രൂപയാണ്.

പുതുവർഷത്തിൽ എത്തുന്ന പുതിയ മോഡലുകൾ

പുതുവർഷത്തിൽ ഇന്ത്യൻ ഉപഭോക്താക്കൾക്കായി പുതിയ നിരവധി കാർ മോഡലുകളാണ് മുൻ നിര കമ്പനികൾ വിപണിയിൽ അവതരിപ്പിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങളും ഹൈബ്രിഡ് മോഡലുകളുമാണ് 2024 ൽ വിപണിയെ സജീവമാക്കുകയെന്ന് ഡീലർമാർ പറയുന്നു.

മാരുതി സുസുക്കി ഇലക്ട്രിക് കാർ

രാജ്യം ഈ വർഷം ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്നത് മാരുതി സുസുക്കിയുടെ പുതിയ ഇലക്ട്രിക് കാറാണ്. സ്പോർട്ട്സ് യൂട്ടിലിറ്റി ശ്രേണിയിലുള്ള ഇ.വി.എക്സാണ് മാരുതി വിപണിയിൽ അവതരിപ്പിക്കുന്ന ആദ്യ വൈദ്യുതി വാഹനം. ഗുജറാത്തിലെ ഹൻസാൽപ്പൂർ ഫാക്ടറിയിലാണ് പുതിയ ഇലക്ട്രിക് വാഹനം നിർമ്മിക്കുന്നത്. ഗ്രാൻഡ് വിട്ടാരയുടെ മാതൃകയിലാണ് വാഹനം.

മഹീന്ദ്ര ആൻഡ് മഹീന്ദ്ര എക്സ്.യു.വി 300

ജനപ്രിയ കാറായ എക്സ്.യു.വി 300 ന്റെ നവീന പതിപ്പ് കൂടുതൽ സൗകര്യങ്ങളോടെയും സാങ്കേതിക മികവോടെയും പുതു വർഷത്തിൽ മഹീന്ദ്ര ആൻഡ് മഹീന്ദ്ര വിപണിയിൽ അവതരിപ്പിക്കും.