murder-cases

പത്തനംതിട്ട: മെെലപ്രയിലെ വൃദ്ധനായ വ്യാപാരിയെ കൊന്നത് കഴുത്ത് ഞെരിച്ച്. കൃത്യത്തിന് ഉപയോഗിച്ച കെെലി മുണ്ടുകളും ഷർട്ടും പൊലീസ് കണ്ടെടുത്തു. ഒമ്പത് പവന്റെ മാലയും പണവും നഷ്ടമായിട്ടുണ്ട്. മോഷണ ശ്രമത്തിനിടെയുള്ള കൊലപാതകമാണെന്ന് പൊലീസ് പറഞ്ഞു. എസ് പിയുടെ മേൽനോട്ടത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.

പൊലീസ് പരിശോധനയിൽ കടയിലെ സിസിടിവിയുടെ ഹാർഡ് ഡിസ്ക് കാണാനില്ലെന്ന് കണ്ടെത്തിയിരുന്നു. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് അന്വേഷണം നടത്തുകയാണ് പൊലീസ്. മൈലപ്ര സ്വദേശിയും വ്യാപാരിയുമായ ജോർജ് ഉണ്ണുണ്ണിയാണ് (72)​ മരിച്ചത്.

മൈലപ്ര പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ സ്റ്റേഷനറി സാധനങ്ങളും പലവ്യജ്ഞനങ്ങളും വിൽക്കുന്ന ജോർജിന്റെ പുതുവേലിൽ സ്‌റ്റോഴ്സിൽ വച്ചായിരുന്നു കൊലപാതകം. ജോർജിനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകാൻ ചെറുമകൻ വൈകിട്ട് അഞ്ചരയോടെ എത്തിയപ്പോഴാണ് കൈകാലുകൾ കെട്ടി വായിൽ തുണി തിരുകിയ നിലയിൽ മൃതദേഹം കിടക്കുന്നത് കണ്ടത്.

പുനലൂർ - മൂവാറ്റുപുഴ റോഡരികിൽ ജോർജിന്റെ സ്വന്തം കെട്ടിടത്തിലാണ് കട . ഉച്ചവെയിലിന് മറയായി കടയുടെ മുന്നിൽ പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടിയിരുന്നു. ഈ സമയം കടയിലുള്ളവരെ സമീപത്തുള്ളവർക്ക് പെട്ടെന്ന് അറിയാൻ കഴിയാത്ത സാഹചര്യം മനസിലാക്കിയാണ് കവർച്ചാ സംഘം എത്തിയതെന്ന് കരുതുന്നു.