
പത്തനംതിട്ട:ഓൺലെെനിൽ റമ്മി കളിക്കാനുള്ള പണത്തിനുവേണ്ടി കവർച്ച നടത്തിയ യുവാവ് പിടിയിൽ. കോട്ടയം പാലാ ഭരണങ്ങാനം സ്വദേശി അമൽ അഗസ്റ്റിനാണ് പിടിയിലായത്. ഓൺലെെൻ റമ്മി കളിച്ചതിനെ തുടർന്ന് ഇയാൾക്ക് മൂന്ന് ലക്ഷം രൂപ നഷ്ടമായിരുന്നു. ആ പണം വീണ്ടെടുക്കാനാണ് അമൽ കവർച്ച നടത്തിയത്.
പ്രതി, പത്തനംതിട്ട നെടിയകാല സ്വദേശിയായ 80 വയസുകാരിയുടെ കഴുത്തിൽ കത്തി വച്ച് മാല പിടിച്ചു പറിക്കുകയായിരുന്നു. പത്തനംതിട്ട ഇലവുംതിട്ട പൊലീസാണ് പ്രതിയെ പിടികൂടിയത്. സ്ത്രീകൾ ഒറ്റയ്ക്ക് കഴിയുന്ന വീടുകളും കടകളും ഇയാൾ ലക്ഷ്യം വച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു.
അതേസമയം, ഇക്കഴിഞ്ഞ സെപ്തംബറിൽ ഓൺലൈൻ റമ്മി കളിയിൽ പണം നഷ്ടമായ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. കാസർകോട് വെള്ളരിക്കുണ്ട്, റാണിപുരം പാറയ്‌ക്കൽ റെജി - റെജീന ദമ്പതികളുടെ മകൻ പി കെ റോഷ് (23) ആണ് മരിച്ചത്.
പള്ളിവാസൽ ആറ്റുകാട് വെള്ളച്ചാട്ടത്തിന് സമീപമുള്ള റിസോർട്ടിലെ ജീവനക്കാരനായിരുന്നു റോഷ്. റിസോർട്ടിന് സമീപമുള്ള മരത്തിൽ തൂങ്ങി മരിച്ച നിലയിൽ ഇയാളെ സഹപ്രവർത്തകർ കണ്ടത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.