money-plant

മിക്കവാറും വീടുകളിൽ അലങ്കാര ചെടിയായി വളർത്തുന്ന ഒന്നാണ് മണി പ്ളാന്റ്. ഇന്റീരിയർ പ്ളാന്റ് എന്ന നിലയിലാണ് വീടുകളിൽ വളർത്തുന്നതെങ്കിലും ഇവ വച്ചാൽ സമ്പത്ത് നിറയുമെന്ന വിശ്വാസം പലർക്കുമുണ്ട്. വീട്ടിലെ ദാരിദ്ര്യം ഒഴിയാനും ധനം വന്നുചേരാനും മണി പ്ളാന്റ് സഹായിക്കുമെന്നാണ് വിശ്വാസം. എന്നാൽ വാസ്‌തുശാസ്‌ത്ര പ്രകാരം വീട്ടിൽ മണി പ്ളാന്റ് സ്ഥാപിക്കുന്നതിന് അതിന്റേതായ ഇടമുണ്ട്. ഇല്ലെങ്കിൽ സമ്പത്തിന് പകരം ദാരിദ്ര്യമായിരിക്കും വിരുന്ന് വരുന്നത്.

വീടുകളിൽ നെഗറ്റീവ് എനർജി ഇല്ലാതാക്കി പോസിറ്റീവ് എനർജി നിറയ്ക്കാൻ സഹായിക്കുന്ന ചെടിയാണ് മണിപ്ളാന്റ്. വീടിന്റെ തെക്കുകിഴക്കേ ദിശയാണ് മണി പ്ളാന്റ് വളർത്താൻ ഏറ്റവും ഉത്തമം. ഐശ്വര്യത്തിന്റെ ദേവതയായ ലക്ഷ്മീദേവിയുടെ സാന്നിദ്ധ്യമുള്ള ദിക്കാണിത്.

അതേസമയം, ഒരിക്കലും മണി പ്ളാന്റ് വളർത്താൻ പാടില്ലാത്ത ദിശയാണ് വടക്കുകിഴക്കേ മൂല. ഈശാനകോൺ എന്നാണ് ഈ ദിശ അറിയപ്പെടുന്നത്. ഈ ദിശയിൽ മണി പ്ളാന്റ് വളർത്തുന്നത് വലിയ ദോഷങ്ങൾക്ക് കാരണമാവും. ഈ മൂലയിൽ മണി പ്ളാന്റ് വളർത്തുന്നവർ തീർച്ചയായും മാറ്റി നടണം.

വീടിന്റെ പടി‌ഞ്ഞാറ്, കിഴക്ക് ഭാഗങ്ങളിൽ മണി പ്ളാന്റ് വളർത്തുന്നതും അത്ര ഉത്തമമല്ല. ചട്ടിയിലോ കുപ്പിയിലോ സാധാരണ പ്രതലത്തിൽ നിന്ന് ഉയർന്ന് മാത്രമേ ഈ ചെടി വീട്ടിൽ വളർത്താൻ പാടുള്ളൂ. പുറത്ത് വളർത്തുന്നവർ ആണെങ്കിൽ വെറും നിലത്ത് വളർത്താൻ പാടില്ല. തറകെട്ടി അതിന് മുകളിൽ വച്ച് മാത്രമേ വളർത്താൻ പാടുള്ളൂ. കൂടാതെ വീട്ടിൽ വളർത്തുന്ന മണി പ്ളാന്റിന്റെ തൈ, തണ്ട് എന്നിവ മറ്റൊരാൾക്ക് നൽകാൻ പാടില്ല. മാത്രമല്ല, ചെടിയിൽ നിന്ന് ഇല പറിക്കാനോ തൊടാനോ ആരെയും അനുവദിക്കാനും പാടില്ല. കരിഞ്ഞുണങ്ങിയ ഇലകൾ മണിപ്ലാന്റിൽ നിന്ന് നീക്കം ചെയ്യേണ്ടതും വളരെ പ്രധാനമാണ്.