
പത്തനംതിട്ട: പൊലീസ് കസ്റ്റഡിയിലെടുത്ത അറുപതുകാരൻ കുഴഞ്ഞുവീണ് മരിച്ചു. പത്തനംതിട്ട അടൂർ പൊലീസ് സ്റ്റേഷനിലാണ് സംഭവം. കണ്ണംകോട് സ്വദേശി ഷെരീഫ് ആണ് മരിച്ചത്. മദ്യപിച്ച് വാഹനമോടിച്ചതിന്റെ പേരിലാണ് ഷെരീഫിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
2016 മുതൽ 2021 വരെ 17പേരാണ് കേരളത്തിൽ കസ്റ്റഡിയിലിരിക്കെ മരിച്ചിട്ടുള്ളത്. ഇവരിൽ 16പേർ പൊലീസ് കസ്റ്റഡിയിലിരിക്കെയും ഒരാൾ ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കെയുമാണ് മരിച്ചത്. 40 ഉദ്യോഗസ്ഥർക്കെതിരെയാണ് ഇതിന്റെ പേരിൽ നടപടി സ്വീകരിച്ചിട്ടുള്ളത്. 22 ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. ഇതിൽ 13പേരെ പിന്നീട് തിരിച്ചെടുത്തിരുന്നു. നിയമസഭയിൽ പ്രതിപക്ഷം കസ്റ്റഡി മരണം ചോദ്യമാക്കിയപ്പോൾ മുഖ്യമന്ത്രി തന്നെയാണ് മറുപടിയായി ഈ വിവരങ്ങൾ പുറത്തുവിട്ടത്.
കസ്റ്റഡി മരണത്തിൽ ഏറ്റവും അവസാനത്തേത് മലപ്പുറം താനൂരിൽ താമിർ ജിഫ്രിയെന്ന ചെറുപ്പക്കാരന്റെതാണ്. കസ്റ്റഡി മരണങ്ങളിലെ സർക്കാർ നിയമ നടപടി സംബന്ധിച്ച് മഞ്ഞളാംകുഴി അലി എംഎൽഎയുടെ ചോദ്യത്തിനാണ് ആകെ 40 ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുത്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയത്.