
മുംബയ്: ജീവനുളള പുഴുക്കളെയും പ്രാണികളെയും ഭക്ഷണത്തിൽ ഉൾപ്പെടുത്തി കഴിക്കുന്ന സംസ്കാരം കൂടുതലുളളത് ചൈനയിലും ജപ്പാനിലുമാണെന്ന് എല്ലാവർക്കും അറിയുന്ന കാര്യമാണ്. അങ്ങനെയുളള വീഡിയോകൾ സോഷ്യൽ മീഡിയയിൽ വെറുപ്പോടെയാണ് ഇന്ത്യാക്കാർ കാണുന്നത്. എന്നാൽ ആ ഒരു അവസ്ഥ നമ്മുടെ രാജ്യത്തുണ്ടായാലോ?അത്തരത്തിലുളള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.
മുംബൈയിലെ ബാന്ദ്രയിലെ ഹിൽ റോഡിലുള്ള സീഫാ റെസ്റ്റോറന്‍റിനെ കുറിച്ചും അവിടത്തെ സ്പെഷ്യൽ കോക്ക്ടെയിലിനെ കുറിച്ചാണ് വീഡിയോയിൽ പറയുന്നത്. ഇതിൽ പ്രധാനമായും ഉപയോഗിച്ചിരിക്കുന്ന ചേരുവ കണ്ടാൽ നിങ്ങൾ ഞെട്ടും. കറുത്ത ഉറുമ്പാണ് ഇവിടത്തെ താരം. മിസ്റ്റർ ബാർട്രെൻഡർ എന്ന ഇൻസ്റ്റഗ്രാം പേജിലാണ് വൈറൽ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോക്കൊപ്പം കോക്ക്ടെയിലിന്റെ പ്രത്യേകതകളും കാണിക്കുന്നുണ്ട്.
'നിങ്ങൾ ഈ കോക്ക്ടെയ്‍ൽ പരീക്ഷിക്കുമോ? കോക്ക്ടെയ്ൽ ഇഷ്ടപ്പെടുന്ന നിങ്ങളുടെ സുഹൃത്തുമായി ഇത് പങ്കിടുക. കാരണം അവർ ഈ കോക്ക്ടെയ്ൽ പരീക്ഷിക്കാൻ ആകാംക്ഷയുള്ളവരായിരിക്കും.' എന്നാണ് ക്യാപ്ഷൻ. വീഡിയോയിൽ, വ്ലോഗർ കോക്ക്ടെയ്ൽ കുടിക്കുകയും രുചികരം എന്ന് അഭിപ്രായപ്പെടുകയും ചെയ്യുന്നു. വ്ലോഗറിന് മുൻപിലായി കോക്ക്ടെയ്ൽ നിറച്ച ഗ്ലാസിന്റെ ഒരു വശത്ത് കുറച്ച് കറുത്ത ഉറുമ്പുകളെ വച്ചിരിക്കുന്നത് കാണാം. പിന്നാലെ ബാറിലെ മെനു കാണിച്ചു തരുന്നു. 'ദി ആന്റ്' എന്നാണ് പുതിയ കോക്ക്ടെയിലിന്റെ പേര്. മെസ്കൽ, ടെക്കീല ബ്ലാങ്കോ, മുന്തിരിപ്പഴം, വെറ്റിവർ, സലൈൻ, തുടങ്ങിയവയ്ക്കൊപ്പം കറുത്ത ഉറുമ്പുകളെയും ചേർത്താണ് ഇത് ഉണ്ടാക്കുന്നത്. വീഡിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പ്രതികരണങ്ങൾ ലഭിക്കുന്നുണ്ട്.