girl

ലഖ്നൗ: ലൈംഗികാതിക്രമം തടയാൻ ശ്രമിച്ച ദളിത് പെൺകുട്ടിയെ തിളച്ച എണ്ണ നിറച്ച വലിയ പാത്രത്തിലേക്ക് തളളിയിട്ടു. ഉത്തർപ്രദേശിലെ ബാഗ്പത്തിലുളള ഒരു മില്ലിൽ ജോലി ചെയ്യുന്ന 18കാരിക്ക് നേരെയാണ് അതിക്രമം നടന്നത്. സംഭവത്തിൽ മില്ലുടമ ഉൾപ്പടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഗുരുതരമായി പൊളളലേറ്റ പെൺകുട്ടി ചികിത്സയിലാണ്.

മില്ലിൽ ജോലി ചെയ്തുകൊണ്ടിരുന്ന പെൺകുട്ടിയെ മില്ലുടമയായ പ്രമോദും മറ്റ് രണ്ട് സഹായികളും പീഡിപ്പിക്കാൻ ശ്രമിച്ചിരുന്നു. പെൺകുട്ടി ലൈംഗികാതിക്രമം തടയാൻ ശ്രമിച്ചതോടെ പ്രതികൾ ജാതീയമായി അധിക്ഷേപിക്കാനും തുടങ്ങി. ശേഷം പ്രതികൾ പെൺകുട്ടിയെ തിളച്ച എണ്ണ നിറച്ച വലിയ പാത്രത്തിലേക്ക് തളളിയിടുകയായിരുന്നു. ശരീരത്തിന്റെ പകുതിയിലേറെയും പൊളളലേറ്റ പെൺകുട്ടിയെ മറ്റുളള തൊഴിലാളികൾ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തുടർന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി ന്യൂഡൽഹിയിലുളള ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

സംഭവത്തിൽ പെൺകുട്ടിയുടെ സഹോദരൻ പൊലീസിൽ പരാതി നൽകി.മില്ലുടമയും സഹായികളും ജാതി പേര് പറഞ്ഞ് അധിക്ഷേപിച്ചുവെന്നും പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നും പെൺകുട്ടി പൊലീസിന് മൊഴി നൽകി. പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് വിശദമായ പരിശോധന ആരംഭിച്ചിട്ടുണ്ടെന്ന് സർക്കിൾ ഓഫീസർ വിജയ് ചൗധരി മാദ്ധ്യമങ്ങളോട് പറഞ്ഞു.