
ക്രിസ്മസ് ന്യൂ ഇയർ ദിനങ്ങളിൽ മിക്കവീടുകളിലും പ്രാതൽ അപ്പവും ഇറച്ചിക്കറിയുമായിരിക്കും. അപ്പം- താറാവ് സ്റ്റ്യൂ, അപ്പം- ചിക്കൻ സ്റ്റ്യൂ, അപ്പം- ബീഫ് ഉലർത്ത് തുടങ്ങിയവയായിരിക്കും മിക്കയിടത്തും തയ്യാറാക്കുന്നത്. കറി ഏതായാലും അപ്പം മസ്റ്റായിരിക്കും. അങ്ങനെയെങ്കിൽ ഈ ന്യൂ ഇയർ ദിനത്തിൽ നല്ല പഞ്ഞിപ്പോലെ മൃദുലമായ അപ്പം എളുപ്പത്തിൽ തയ്യാറാക്കിയാലോ?
അപ്പമുണ്ടാക്കുമ്പോൾ മയമില്ലെന്നും കട്ടികൂടിപോകുന്നെന്നും മിക്കവീടുകളിലും ഉയരാറുള്ള പരാതിയാണ്. ചോറും തേങ്ങ ചിരകിയതും ഒക്കെ ചേർത്ത് അരച്ച് സോഡാപൊടി ഇട്ടാലും ഹോട്ടലുകളിൽ ഉണ്ടാക്കുന്ന അപ്പത്തിന്റെ ടേസ്റ്റും മയവും മിക്കപ്പോഴും വീട്ടിൽ കിട്ടാറില്ല. ഇതിന് മികച്ചൊരു പരിഹാരമുണ്ട്. മാത്രമല്ല മാവ് അരച്ച് പൊങ്ങിവരാൻ മണിക്കൂറുകൾ കാക്കാതെതന്നെ പഞ്ഞിപ്പോലെ മൃദുവായ അപ്പം ഉണ്ടാക്കാം.
ആദ്യം പച്ചരി നാലുമണിക്കൂർ കുതിരാൻ വയ്ക്കണം. അരി കുതിർന്ന് കഴിയുമ്പോൾ കഴുകിയെടുത്ത് ഇതിൽ ആവശ്യത്തിന് ചോറ്, തേങ്ങ ചിരണ്ടിയത്, ആവശ്യത്തിന് ഇളംചൂടുവെള്ളം, ഒരു സ്പൂൺ പഞ്ചസാര, ഒന്നര ടീസ്പൂൺ വെളിച്ചെണ്ണ, ഒന്നേമുക്കാൽ ടീസ്പൂൺ ഈസ്റ്റ് എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കണം. ചോറ് ഫ്രിഡ്ജിൽ വച്ചതാണെങ്കിൽ അതേപടി അരയ്ക്കാനായി എടുക്കരുത്. വെള്ളം കൂടുതലാകാതിരിക്കാനും ശ്രദ്ധിക്കണം.
ഇളം ചൂടുവെള്ളം ചേർത്ത് അരയ്ക്കുമ്പോൾ മാവ് എഴുപ്പത്തിൽ പുളിച്ച് കിട്ടും. അരച്ച മാവ് പത്തുമിനിട്ട് നേരം വയ്ക്കണം. തണുപ്പുള്ള സ്ഥലമാണെങ്കിൽ അര മണിക്കൂർ വയ്ക്കണം. അപ്പത്തിനുള്ള മാവ് റെഡിയായിക്കഴിഞ്ഞു. ഇനി ഇത് അപ്പച്ചട്ടിയിൽ ഒഴിച്ച് ചുട്ടെടുക്കാം. പാനിൽ ഒഴിച്ച് കുമിളകൾ വന്നതിനുശേഷം അടച്ചുവയ്ക്കണം. നല്ല പൂപോലെ മൃദുലമായ അപ്പം തയ്യാറായി.