indian-car

കൊച്ചി: പുതിയ ബ്രാൻഡുകളും മോഡലുകളുമായി പുതുവർഷത്തിൽ വൈദ്യുത വാഹന വിപണി മികച്ച ഉണർവിലേക്ക്. ടാറ്റ മോട്ടോഴ്സ് മുതൽ മാരുതി സുസുക്കി വരെയുള്ള കമ്പനികൾ ഈ വർഷം പുതിയ വൈദ്യുത വാഹനങ്ങൾ വിപണിയിൽ എത്തിക്കും. വിദേശ കമ്പനികളും ഇന്ത്യയിലെ വൈദ്യുത വാഹന വിപണിയുടെ സാധ്യതകൾ മുതലെടുക്കാൻ ഒരുങ്ങുകയാണ്. നിലവിൽ വൈദ്യുത വാഹനങ്ങളുടെ ഉയർന്ന ഇറക്കുമതി തീരുവയാണ് പ്രധാന തലവേദന.

അറുപതിനായിരം ഡോളറിലധികം വിലയുള്ള ഇലക്ട്രിക് വാഹനങ്ങളുടെ ഇറക്കുമതി നികുതി ഈ വർഷം മുതൽ 40 ശതമാനമായി കുറച്ചേക്കുമെന്നാണ് പ്രതീക്ഷ.

യു. കെയുമായുള്ള സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവെക്കുന്നതിന് സാഹചര്യം ഒരുക്കുന്നതിനായി 60,000 ഡോളറിലധികം വിലയുള്ള ഇലക്ട്രിക് കാറുകളുടെ ഇറക്കുമതി നികുതി 30 ശതമാനമായി കുറയ്ക്കുമെന്നാണ് ചൂണ്ടിക്കാട്ടുന്നത്. അമേരിക്കയിലെ ഏറ്റവും വലിയ കാർ കമ്പനിയായ ടെസ്‌ലയും പുതുവർഷത്തിൽ ഇന്ത്യയിലെത്തിയേക്കും.

ഇലക്ട്രിക് വാഹനങ്ങളുടെ(ഇ.വി) വില്പന ചരിത്രമുന്നേറ്റം നടത്തുന്നു. 2023 ൽ ഇന്ത്യയൊട്ടാകെ 15 ലക്ഷം വൈദ്യുതി വാഹനങ്ങളാണ് വിറ്റഴിച്ചത്. ഇരുചക്ര, മുച്ചക്ര വാഹനങ്ങളുടെ ഇലക്ട്രിക് വേഷനുകൾക്കാണ് പ്രിയമേറുന്നത്. മുൻവർഷത്തേക്കാൾ 46 ശതമാനം വർദ്ധനയാണ് ഇക്കാലയളവിലുണ്ടായത്. ഇലക്ട്രിക് വാഹനങ്ങളുടെ സബ്സിഡി ജൂണിൽ വെട്ടിക്കുറച്ചതിനുശേഷം വില്പനയിൽ നേരിയ മാന്ദ്യം ദൃശ്യമായെങ്കിലും ഉത്സവകാല കച്ചവടം സജീവമായതോടെ ഒക്ടോബറിൽ മുതൽ വിപണി മികച്ച ഉണർവിലേക്ക് മടങ്ങിയെത്തി.

നടപ്പുവർഷം രാജ്യത്തെ മൊത്തം ഇ വാഹനങ്ങളുടെ വില്പന ഇരുപത് ലക്ഷം യൂണിറ്റുകളാകുമെന്ന് ഡീലർമാർ പറയുന്നു.