
താനെ:പുതുവത്സരാഘോഷത്തിനിടയിൽ മയക്കുമരുന്ന് ഉപയോഗിച്ചതിന് നൂറോളം പേർ അറസ്റ്റിൽ. മഹാരാഷ്ട്രയിലെ താനെയിൽ സംഘടിപ്പിച്ച റേവ് പാർട്ടിക്കിടെയാണ് അറസ്റ്റ് നടന്നത്. പാർട്ടി സംഘടിപ്പിച്ചുവെന്ന് സംശയിക്കുന്ന രണ്ട് പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്ന് പുലർച്ചയോടെ താനെ പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘമാണ് സംഭവസ്ഥലത്തെത്തി റെയ്ഡ് നടത്തിയത്.
പരിശോധനയ്ക്കിടെ മയക്കുമരുന്ന് ഉപയോഗം സൂചിപ്പിക്കുന്ന എൽഎസ്ഡി,കഞ്ചാവ് തുടങ്ങിയവ പൊലീസ് കണ്ടെടുത്തു. കൂടുതൽ വൈദ്യ പരിശോധനയ്ക്കായി അറസ്റ്റ് ചെയ്തവരെ താനെ സിവിൽ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇവരുടെ വൈദ്യപരിശോധന നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.പാർട്ടി ആസൂത്രണം ചെയ്തത കൽവ ഡോംബിവാലി സ്വദേശിയാണെന്ന സൂചന ലഭിച്ചിട്ടുണ്ട്.
താനെയിലെ ഗോഡ്ബന്ദർ റോഡിലാണ് റേവ് പാർട്ടി സംഘടിപ്പിച്ചത്. യുവാക്കളെ കൂടാതെ 12 പെൺകുട്ടികളും പിടിയിലായിട്ടുണ്ട്. പിടിയിലായ യുവാക്കളിൽ ഭൂരിഭാഗവും മയക്കുമരുന്ന് ഉപയോഗിക്കുന്നവരാണെന്നാണ് പൊലീസ് നൽകുന്ന വിവരം. പാർട്ടിയിൽ പങ്കെടുത്തവരുടെ 19 ഇരുചക്ര വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.