
കൊച്ചി: നടപ്പുവർഷം സ്വർണ വില പവന് 56,000 രൂപ കവിയുമെന്ന് പ്രമുഖ കമ്പോള ഉത്പന്ന ഗവേഷണ ഏജൻസിയായ കോംട്രെൻഡ്സ് റിസർച്ച് ഡയറക്ടർ ഗ്യാനശേഖർ ത്യാഗരാജൻ പ്രവചിക്കുന്നു. അമേരിക്കൻ ഡോളറിനെതിരെ രൂപ തുടർച്ചയായി ശക്തിയാർജിക്കുന്നതും വികസിത മേഖലകളിലെ സാമ്പത്തിക മാന്ദ്യവും സ്വർണ വില പുതിയ ഉയരങ്ങളിലേക്ക് നീങ്ങാൻ ഇടയാക്കും. നിലവിൽ ആഭ്യന്തര വിപണിയിൽ സ്വർണ വില പത്ത് ഗ്രാമിന് 63,060 രൂപയ്ക്ക് അടുത്താണ്. രാജ്യാന്തര വിപണിയിൽ സ്വർണ വില ഔൺസിന് 2070 ഡോളറിലാണ്.
ആഗോള സാമ്പത്തിക മേഖല അതിരൂക്ഷമായ പ്രതിസന്ധികൾ നേരിടാൻ എല്ലാ സാഹചര്യവുമുണ്ടെന്ന് പ്രമുഖ അനലിസ്റ്റുകൾ പറയുന്നു. അമേരിക്കയും യൂറോപ്പും അതിരൂക്ഷമായ മാന്ദ്യ സാഹചര്യത്തിലാണ് നീങ്ങുന്നത്. അതിനാൽ ഈ വർഷം മാർച്ചിന് മുന്നോടിയായി അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് മുഖ്യ പലിശ നിരക്കിൽ അര ശതമാനം വരെ കുറവ് വരുത്തിയേക്കാം. ഇപ്പോഴത്തെ സാഹചര്യത്തിൽ ഡോളർ കടുത്ത വെല്ലുവിളിയാണ് നേരിടുന്നതെന്നും അവർ പറയുന്നു.
സാമ്പത്തിക മേഖലയിലെ അനിശ്ചിതത്വം മൂലം സുരക്ഷിൽ നിക്ഷേപമെന്ന നിലയിൽ സ്വർണത്തിന് പ്രിയം വർദ്ധിക്കാൻ സാദ്ധ്യതയേറെയാണ്. 2024 ൽ രാജ്യാന്തര വിപണിയിൽ സ്വർണ വില ഔൺസിന് 2,400 ഡോളർ വരെ ഉയർന്നേക്കുമെന്നും വിദഗ്ധർ പറയുന്നു.
കേന്ദ്ര ബാങ്കുകൾ വാങ്ങൽ സജീവമാക്കുന്നു
കൊച്ചി: ആഗോള സാമ്പത്തിക മേഖലയിലെ അനിശ്ചിതത്വം ശക്തമായതോടെ വിദേശ നാണയ ശേഖരത്തിൽ സ്വർണത്തിന്റെ അളവ് വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകൾ കുത്തനെ ഉയർത്തുന്നു. ഇന്ത്യയിലെ റിസർവ് ബാങ്ക് ഉൾപ്പെടെ കഴിഞ്ഞ വർഷം വലിയ തോതിൽ സ്വർണം വാങ്ങിക്കൂട്ടിയതാണ് വില കൂടാൻ പ്രധാന കാരണം. നിലവിൽ 4747 കോടി ഡോളർ മൂല്യമുള്ള സ്വർണമാണ് നിലവിൽ റിസർവ് ബാങ്കിന്റെ കൈവശമുള്ളത്.