police

മലപ്പുറം: പുതുവർഷാഘോഷത്തിന്റെ ഭാഗമായി അരീക്കോട് സ്റ്റേഷൻ പരിധിയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ് നൽകി പൊലീസ്. വിമർശനങ്ങൾക്ക് പിന്നാലെ വിവാദമായ ഉത്തരവ് പിൻവലിച്ചുകൊണ്ടാണ് ഇളവ് നൽകിയിരിക്കുന്നത്. മേഖലയിൽ ആഘോഷമാകാമെന്നാണ് പൊലീസ് ഇപ്പോൾ അറിയിക്കുന്നത്.

ഹോട്ടലുകൾ, കൂൾബാർ, ടർഫുകൾ, പെട്രോൾ പമ്പുകൾ, റിസോർട്ടുകൾ എന്നിവ രാത്രി പത്തുവരെ പ്രവർ‌ത്തിക്കാമെന്നാണ് പൊലീസ് പുതിയ ഉത്തരവിൽ വ്യക്തമാക്കുന്നത്. രാത്രി എട്ടിന് ഇവയെല്ലാം അടയ്ക്കണം എന്നായിരുന്നു പഴയ ഉത്തരവിൽ പറഞ്ഞിരുന്നത്. ഡിജെ പരിപാടികൾ, ക്യാമ്പ് ഫയർ തുടങ്ങിയവ അനുവദിക്കില്ലെന്നും ബോട്ട് സ‌ർവീസ് വൈകിട്ട് അഞ്ചിന് അവസാനിപ്പിക്കണമെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടിയിരുന്നു.

പഴയ ഉത്തരവിൽ സമൂഹമാദ്ധ്യമങ്ങളിൽ ഉൾപ്പെടെ വ്യാപക വിമ‌ർശനവും പരിഹാസവും ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് തിരുത്തലുമായി പുതിയ ഉത്തരവ് പുറത്തിറങ്ങിയത്. ജില്ലാ പൊലീസ് മേധാവിയുടെ നിർദേശത്തെത്തുടർന്നാണ് പഴയ ഉത്തരവ് പിൻവലിച്ചത്. ക്രമസമാധാന പ്രശ്നങ്ങൾ ഒഴിവാക്കാനാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതെന്നാണ് പൊലീസിന്റെ വിശദീകരണം.