newyear

വെല്ലിംഗ്ടൺ: പുത്തൻ പ്രതീക്ഷകളുമായി പസഫിക്കിലെ ചെറുദ്വീപ് രാജ്യമായ കിരിബാത്തി ദ്വീപിൽ പുതുവത്സരം പിറന്നു. ഇതോടെ ലോകത്തിൽ 2024 ആദ്യമെത്തിയ സ്ഥലമായി കിരിബാത്തി മാറി. പിന്നാലെ ന്യൂസിലാൻഡിലും പുതുവത്സരം പിറന്നു. ഇന്ത്യയിലും മറ്റ് ഏഷ്യൻ രാജ്യങ്ങളിലും ഉൾപ്പെടെ മണിക്കൂറുകൾക്കുളളിൽ 2024 ന്റെ ആഘോഷം തുടങ്ങും.

കേരളത്തിലുൾപ്പടെ വിവിധയിടങ്ങളിൽ പുതുവർഷത്തെ വരവേൽക്കുന്നതിനായി വിപുലമായ ആഘോഷങ്ങളാണ് നടന്നുവരുന്നത്. ഫോർട്ട് കൊച്ചിയിലും കോഴിക്കോട് ബിച്ചിലും ആഘോഷങ്ങൾക്കായി വലിയ സുരക്ഷാ സജ്ജീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. തലസ്ഥാന നഗരിയിലെ മാനവീയംവീഥിയിൽ ഉച്ചയ്ക്ക് മുൻപ് തന്നെ പുതുവർഷം ആഘോഷിക്കുന്നതിനായി നിരവധി ആളുകളാണ് എത്തിച്ചേർന്നത്.

ലോകത്തെ ഒറ്റപ്പെട്ട ദ്വീപുകളിലൊന്നാണ് കിരിബാത്തി. അന്താരാഷ്ട്ര ദിനാങ്കരേഖയോട് തൊട്ടുകിടക്കുന്ന രാജ്യമാണിത്. ഇന്ത്യൻ സമയം വൈകിട്ട് മൂന്നരയോടെയാണ് കിരിബാത്തിയിൽ പുതുവർഷമെത്തിയത്. സമോവയ്ക്കും ഫിജിക്കും സമീപമുള്ള മദ്ധ്യപസഫിക് സമുദ്രത്തിലെ മനോഹരമായ ചെറുദ്വീപ് രാഷ്ട്രമാണ് കിരിബാത്തി. ഇവിടെ 33 ദ്വീപുകളിൽ 21 എണ്ണത്തിൽ മാത്രമാണ് ജനവാസമുള്ളത്.