ship

ന്യൂഡൽഹി: ചെങ്കടലിൽ ചരക്ക് കപ്പൽ ആക്രമിച്ച ഹൂതി വിമതരുടെ നാല് ബോട്ടുകളിൽ മൂന്നെണ്ണം അമേരിക്കൻ നാവിക സേന തകർത്തു. ഈ ബോട്ടുകളിലുണ്ടായിരുന്ന ഹൂതികളെ വധിച്ചു. നാലാമത്തെ ബോട്ട് രക്ഷപ്പെട്ടു.

ലോകത്തെ ഏറ്റവും വലിയ ഷിപ്പിംഗ് കമ്പനികളിലൊന്നായ ഡെന്മാർക്കിലെ മെർസ്‌കിന്റെ ഹാങ്ഷൂ എന്ന കണ്ടെയ്‌നർ കപ്പൽ റഞ്ചാനായിരുന്നു ഹൂതികളുടെ ശ്രമം. കപ്പലിന് നേരെ വെടിവച്ചുകൊണ്ട് 60 മീറ്റർ വരെ അടുത്തെത്തിയ ബോട്ടുകളിൽ നിന്ന് ഹൂതികൾ കപ്പലിൽ കയറാൻ ശ്രമിച്ചു.കപ്പലിലെ ജീവനക്കാരുടെ അപായ സന്ദേശം കിട്ടിയ അമേരിക്കയുടെ ഐസനോവർ,​ ഗ്രാവ്‌ലി എന്നീ യുദ്ധക്കപ്പലുകളിൽ നിന്ന് കോപ്റ്ററുകൾ കുതിച്ചെത്തി ഹൂതി ബോട്ടുകൾ തകർക്കുകയായിരുന്നു. 24 മണിക്കൂറിനുള്ളിൽ ഹാങ്ഷൂ കപ്പലിന് നേർക്കുള്ള രണ്ടാമത്തെ ആക്രമണമായിരുന്നു ഇത്. ശനിയാഴ്ച ഹൂതികൾ മിസൈലുകൾ പ്രയോഗിച്ചിരുന്നു. യു. എസ് ഹെലികോപ്ടറുകൾക്ക് നേരെ ഹൂതികൾ വെടിയുതിർത്തെന്നും സൈന്യം തിരിച്ചടിച്ചെന്നും യു.എസ് പറയുന്നു.

അതേസമയം തന്നെ യു. എസ് യുദ്ധക്കപ്പലുകൾക്ക് നേരെ യെമനിലെ ഹൂതി മേഖലയിൽ നിന്ന് രണ്ട് കപ്പൽ വേധ ബാലിസ്റ്റിക് മിസൈലുകളും പ്രയോഗിച്ചു. രണ്ടും അമേരിക്കൻ നേവി തകർത്തു.

.