
കായിക രംഗവും പുതിയ പ്രതീക്ഷകളോടെയാണ് പുതുവർഷത്തെ വരവേൽക്കുന്നത് .2024 ഒളിമ്പിക് ഇയറാണ്. ഒളിമ്പിക്സ് കൂടാതെ ട്വന്റി-20 ലോകകപ്പും കോപ്പ അമേരിക്ക ഫുട്ബാൾ ടൂർണമെന്റും യൂറോ കപ്പ് ഫുട്ബാൾ ടൂർണമെന്റുമൊക്കെ ഈ വർഷം അരങ്ങേറുന്നുണ്ട്. ഈ വർഷത്തെ പ്രധാന സ്പോർട്സ് ഇവന്റുകളെക്കുറിച്ച്...
ഇന്ത്യ- ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ - പാകിസ്ഥാൻ ടെസറ്റ് പരമ്പരകളിലെ അവസാന മത്സരത്തോടെയാണ് 2024ലെ ക്രിക്കറ്റ് മത്സരങ്ങൾക്ക് തുടക്കമാകുന്നത്. മൂന്നാം തീയതിയാണ് ഇരുമത്സരങ്ങളും തുടങ്ങുന്നത്. ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിൽ രണ്ട് ടെസ്റ്റുകളുടെ പരമ്പരയാണ് ആദ്യം കളിക്കുന്നത്. ആദ്യ ടെസ്റ്റിൽ ദക്ഷിണാഫ്രിക്ക ഇന്നിംഗ്സ് വിജയം നേടിയതിനാൽ പരമ്പര സമനിലയിലാക്കണമെങ്കിൽപ്പോലും ഇന്ത്യയ്ക്ക് വിജയം അനിവാര്യമാണ്.കേപ്ടൗണിലാണ് രണ്ടാം ടെസ്റ്റ് നടക്കുക. മൂന്ന് മത്സരപരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകളിലും പാകിസ്ഥാനെ തോൽപ്പിച്ച ഓസ്ട്രലിയ പരമ്പര തൂത്തുവാരാനാണ് നാളെ ഇറങ്ങുന്നത്. സിഡ്നിയിൽ വെറ്ററൻ താരം ഡേവിഡ് വാർണർ തന്റെ അവസാന ടെസ്റ്റ് മത്സരത്തിനാണ് ഇറങ്ങുന്നത്.
ജനുവരി 11ന് ഇന്ത്യയും അഫ്ഗാനും തമ്മിലുള്ള മൂന്ന് ട്വന്റി-20കളുടെ പരമ്പരയ്ക്ക് തുടക്കമാകും. ജനുവരി അവസാനത്തോടെ അഞ്ച് ടെസ്റ്റുകളുടെ പരമ്പരയ്ക്കായി ഇംഗ്ളണ്ട് ക്രിക്കറ്റ് ടീം ഇന്ത്യയിലെത്തുന്നുണ്ട്.
ഖത്തറിൽ ഈ മാസം 12ന് തുടക്കമാകുന്ന എ.എഫ്.സി ഏഷ്യൻ കപ്പ് ഫുട്ബാൾ ഇന്ത്യയ്ക്ക് വളരെ നിർണായകമാണ്. വൻകരയിൽ ഇന്ത്യൻ ഫുട്ബാളിന്റെ ശക്തി തെളിയിക്കാൻ കിട്ടുന്ന അവസരമാണിത്. ഓസ്ട്രേലിയ,ഉസ്ബക്കിസ്ഥാൻ,സിറിയ എന്നീ വമ്പൻമാർ അണിനിരക്കുന്ന ബി ഗ്രൂപ്പിലാണ് ഇന്ത്യ പ്രാഥമിക റൗണ്ടിൽ കളിക്കുന്നത്. ഗ്രൂപ്പ് റൗണ്ടിൽ നിന്ന് മുന്നേറാൻ കഴിഞ്ഞാൽതന്നെ ഇന്ത്യയ്ക്ക് അത് വലിയ നേട്ടമാകും. മലയാളി താരങ്ങളായ സഹൽ അബ്ദുൽ സമദും കെ.പി രാഹുലും ഇന്ത്യൻ ടീമിലുണ്ട്.
മാർച്ച് അവസാന വാരത്തോടെ ഐ.പി.എൽ സീസണിന് തുടക്കമാകും. ഇതിനായുള്ള മിനിലേലം കഴിഞ്ഞ മാസം നടന്നിരുന്നു. 10 ടീമുകളാണ് ഇക്കുറിയും മാറ്റുരയ്ക്കുക. ചെന്നൈ സൂപ്പർ കിംഗ്സാണ് നിലവിലെ ചാമ്പ്യൻസ്. ഒരു പക്ഷേ ധോണിയുടെ അവസാന സീസണാകും ഇത്. മേയ് അവസാന വാരമാകും ഫൈനൽ.
ഏപ്രിൽ 2 മുതൽ 25വരെ കാനഡയിലെ ടൊറന്റോയിൽ ലോക ചെസ് ചാമ്പ്യൻഷിപ്പ് നടക്കും. നിലവിലെ ചാമ്പ്യൻ ചൈനയുടെ ഡിംഗ് ലിറേനും കാൻഡിഡേറ്റ്സ് ടൂർണമെന്റിലെ വിജയിയുമാകും ചാമ്പ്യൻഷിപ്പിൽ ഏറ്റുമുട്ടുക.
ജൂൺ നാലിനാണ് ഐ.സി.സി ട്വന്റി-20 ലോകകപ്പിന് വെസ്റ്റ് ഇൻഡീസിലും അമേരിക്കയിലുമായി തുടക്കമാകുന്നത്. 20 ടീമുകളാണ് ഇക്കുറി പങ്കെടുക്കുന്നത്. ആകെ 55 മത്സരങ്ങൾ. ജൂൺ 30നാണ് ഫൈനൽ.
യൂറോപ്പിലെ ഫുട്ബാൾ ചാമ്പ്യന്മാരെ കണ്ടെത്താനുള്ള യൂറോ കപ്പ് ഫുട്ബാൾ ചാമ്പ്യൻഷിപ്പിന് ജൂൺ 14 നാണ് തുടക്കമാകുന്നത്. ജർമ്മനിയാണ് ഇക്കുറി ടൂർണമെന്റിന് ആതിഥ്യം വഹിക്കുന്നത്. 10 നഗരങ്ങളിലായി നടക്കുന്ന ടൂർണമെന്റിൽ 24 രാജ്യങ്ങൾ മാറ്റുരയ്ക്കും. ജൂലായ് 14നാണ് ഫൈനൽ.
അമേരിക്കൻ വൻകരകളിലെ ഫുട്ബാൾ ചാമ്പ്യന്മാരെ തീരുമാനിക്കാനുള്ള കോപ്പ അമേരിക്ക ഫുട്ബാൾ ടൂർണമെന്റിന്റെ 48-ാം പതിപ്പിന് ജൂൺ 20ന് അമേരിക്കയിൽ തുടക്കമാകും. തെക്കേ അമേരിക്കയിൽ നിന്നുള്ള 10 ടീമുകൾക്കൊപ്പം വടക്കേ അമേരിക്കയിലെ ആറ് ടീമുകളും ഇക്കുറി മാറ്റുരയ്ക്കും. ജൂലായ് 14നാണ് ഫൈനൽ.
ജൂലായ് 26നാണ് 33-ാമത് ഒളിമ്പിക്സിന് പാരീസിൽ തുടക്കമാകുന്നത്. 32കായിക ഇനങ്ങളിലായി 329 മെഡൽ ഇവന്റുകളാണുള്ളത്.10,500 കായിക താരങ്ങളാണ് മത്സരത്തിൽ പങ്കാളികളാവുന്നത്. തുല്യ എണ്ണം സ്ത്രീകളും പുരുഷന്മാരും മത്സരാർത്ഥികളായി പങ്കെടുക്കുന്ന ഒളിമ്പിക്സ് കൂടിയാണിത്. ഓഗസ്റ്റ് 11നാണ് ഗെയിംസ് സമാപിക്കുന്നത്.
സെപ്തംബർ - ഒക്ടോബർ മാസങ്ങളിലായി വനിതകളുടെ ഐ.സി.സി ട്വന്റി-20 ലോകകപ്പ് ബംഗ്ളാദേശിൽ നടക്കും.ഇന്ത്യ ഉൾപ്പടെ 10 ടീമുകളാണ് പങ്കെടുക്കുക. 23 മത്സരങ്ങളാണ് ആകെയുള്ളത്. ഓസ്ട്രേലിയയാണ് നിലവിലെ ചാമ്പ്യന്മാർ.