വാരാണസി: ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി ക്യാമ്പസിലെ ഐഐടി വിദ്യാര്‍ത്ഥിനിയെ മൂന്നംഗ സംഘം ബലാത്സംഗം ചെയ്ത് അതിക്രൂരമായെന്ന് റിപ്പോര്‍ട്ട്. കേസില്‍ വാരാണസി സ്വദേശികളായ മൂന്ന് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നവംബര്‍ ഒന്നാം തീയതിയാണ് സര്‍വകലാശാല ക്യാമ്പസിനുള്ളില്‍ വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായത്. വാരാണസി സ്വദേശികളായ കുനാല്‍ പാണ്ഡെ, ആനന്ദ് എന്ന അഭിഷേക് ചൗഹാന്‍, സക്ഷാം പട്ടേല്‍ എന്നിവരെയാണ് വാരാണസി ലങ്ക പൊലീസ് ഇന്ന് അറസ്റ്റ് ചെയ്തത്.
സംഭവ ദിവസം രാത്രി ഹോസ്റ്റലില്‍നിന്ന് സുഹൃത്തിനൊപ്പം പുറത്തിറങ്ങിയതായിരുന്നു പെണ്‍കുട്ടി. ഈ സമയത്ത് അതുവഴി ബൈക്കില്‍ പോയ പ്രതികള്‍ പെണ്‍കുട്ടിയെ കാണുകയും ഉപദ്രവിക്കുകയുമായിരുന്നു. പെണ്‍കുട്ടിയെ വായപൊത്തി വലിച്ചിഴച്ച് കൊണ്ടുപോയ പ്രതികള്‍, വസ്ത്രങ്ങള്‍ വലിച്ചുകീറുകയും ഇതിന്റെ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തുകയുംചെയ്തു. ഏകദേശം 15 മിനിറ്റിന് ശേഷമാണ് പ്രതികള്‍ വിദ്യാര്‍ത്ഥിനിയെ വിട്ടയച്ചത്. മൊബൈല്‍ നമ്പര്‍ നിര്‍ബന്ധിച്ച് വാങ്ങിയ ശേഷം സംഭവം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തു.
തൊട്ടടുത്ത ദിവസം പൊലീസ് സ്റ്റേഷനിലെത്തി നടന്ന കാര്യങ്ങള്‍ രേഖാമൂലം എഴുതി നല്‍കിയാണ് പെണ്‍കുട്ടി പരാതി നല്‍കിയത്. കൂട്ടബലാത്സംഗത്തിന് ഇരയായതുള്‍പ്പെടെ പരാതിയില്‍ ഉന്നയിച്ചിരുന്നു. പ്രതികളെ പിടികൂടാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് ക്യാമ്പസിനുള്ളില്‍ വിദ്യാര്‍ത്ഥികള്‍ വലിയ രീതിയിലുള്ള പ്രതിഷേധ പ്രകടനം സങ്കടിപ്പിച്ചിരുന്നു. പൊലീസ് പ്രതികളെ സംരക്ഷിക്കുന്നുവെന്ന ആക്ഷേപവുമുണ്ടായിരുന്നു. കൃത്യം നടന്ന് രണ്ട് മാസങ്ങള്‍ക്ക് ശേഷമാണ് പ്രതികളെ പിടികൂടിയത്.