rave-party

മുംബയ്: നിശാപാര്‍ട്ടിക്കിടെ ലഹരി ഉപയോഗിച്ച 80 പേരെ അറസ്റ്റ് ചെയ്ത് മുംബയ് പൊലീസ്. പാര്‍ട്ടിയുടെ സംഘാടകരേയും അറസ്റ്റ് ചെയ്തിട്ടുണ്ട്. 80 പേരെയും വൈദ്യപരിശോധനയ്ക്കായി കൊണ്ടു പോയി. എല്‍.എസ്.ഡി, ചരസ്, എക്‌സറ്റസി, മരിജുവാന ഉള്‍പ്പെടെയുള്ള ലഹരിമരുന്നുകളും പൊലീസ് കണ്ടെത്തി.

താനെയിലെ വാടാവലി ക്രീക്കില്‍ നടന്ന പാര്‍ട്ടിയിലേക്കുള്ള ക്ഷണം ഇന്‍സ്റ്റാഗ്രാം വഴിയാണ് നടത്തിയത്. തേജസ് കുബാല്‍, സുജാല്‍ മഹാജന്‍ എന്നിവരാണ് നിശാപാര്‍ട്ടി സംഘടിപ്പിച്ചത്. മഹാരാഷ്ട്ര സംസ്ഥാനത്തിന് പുറത്ത് നിന്നുള്ളവര്‍ക്കും പാര്‍ട്ടിയുമായി ബന്ധമുണ്ടെന്നാണ് പൊലീസ് പറയുന്നത്.

മുംബയ്, താനെ മേഖലയിലെ കോര്‍പ്പറേറ്റ് സെക്ടറില്‍ ജോലി ചെയ്യുന്നവരും വിദ്യാര്‍ത്ഥികളുമാണ് അറസ്റ്റിലായവരില്‍ ഭൂരിഭാഗംപേരും. നിശാപാര്‍ട്ടിയെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിച്ച് വരികയാണെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ ശിവരാജ് പാട്ടീല്‍ പ്രതികരിച്ചു.