cyclist

ക്യാൻബെറ: ഭാര്യ കാറിടിച്ച് മരിച്ച കേസിൽ ലോക ചാമ്പ്യനായ ആസ്‌ട്രേലിയൻ പ്രൊഫഷണൽ സൈക്ലിസ്റ്റ് രോഹൻ ഡെന്നിസ് അറസ്റ്റിൽ.

സൈക്ലിസ്റ്റ് ആയിരുന്ന മെലിസ ഹോസ്കിൻസാണ് ദാരുണമായി കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രി 8 മണിയോടെയായിരുന്നു അവെനൽ ഗാർഡൻസ് റോഡിൽ മെലീസയെ കാർ ഇടിച്ചതായി പൊലീസിന് വിവരം ലഭിക്കുന്നത്.

സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ മെലിസ ഹോസ്കിൻസിനെ ഉടൻ തന്നെ റോയൽ അഡ്‌ലെയ്ഡ് ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഡെന്നിസിനെ അഡ്‌ലെയ്ഡിൽ വെച്ചാണ് അറസ്റ്റ് ചെയ്തത്. അപകടകരമായ രീതിയിൽ വാഹനമോടിച്ച് മരണത്തിന് ഇടയാക്കിയതിനാണ് ഡെന്നിസിനെതിരെ കേസെടുത്തിരിക്കുന്നത്.

ഡെന്നിസിന് നിലവിൽ ജാമ്യം ലഭിച്ചിട്ടുണ്ട്. മാർച്ച് 13ന് അഡ്‌ലെയ്ഡ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും. രണ്ട് തവണ ലോക ചാമ്പ്യനായ രോഹൻ ഡെന്നിസ് (33) ഈ വർഷമാദ്യമായിരുന്നു വിരമിച്ചത്. ഒളിമ്പ്യൻ കൂടിയായ ഭാര്യ മെലീസയും (32) നേരത്തെ വിരമിച്ചിരുന്നു. ഇരുവർക്കും രണ്ട് മക്കളുണ്ട്.